മാളത്തിലൊളിപ്പിക്കാൻ വ്യാമോഹിക്കുന്നവർ: സുരേന്ദ്രൻ നായർ

ജോ ബൈഡൻ അമേരിക്കൻ പ്രസിസൻസി ഏറ്റെടുത്തു നടത്തിയ പ്രസംഗത്തിലെ കാവ്യ ഭംഗിയേയും ഐക്യ സന്ദേശത്തെയും പ്രകീർത്തിച്ചുകൊണ്ടു തുടങ്ങി, ഇന്ത്യൻ പ്രധാന മന്ത്രിയെയും ഹിന്ദു വിശ്വാസികളെയും അടക്കി അധിക്ഷേപിച്ചുകൊണ്ടു അവസാനിപ്പിച്ച ഒരു മാധ്യമ പ്രവർത്തകന്റെ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ഒരു വിദ്വേഷ പ്രചാരണത്തെക്കുറിച്ചാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

മാർക്സിയൻ വിപ്ലവത്തിന്റെ മഹാസന്ദേശം പ്രചരിപ്പിക്കുന്ന ഒരു മലയാളം ചാനലിന്റെ അമേരിക്കൻ അമരക്കാരനായ ഈ ലേഖകൻ സ്വന്തമായി എഴുതിയെന്നു അവകാശപ്പെടാവുന്ന ഈ കാപ്സ്യൂൾ തികഞ്ഞ സൗഹാർദ്ദത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന മലയാളികളിൽ മതവിദ്വേഷത്തിന്റെ വിത്തു പാകാനും മലയാളികളുടെ സെന്‍സിബിലിറ്റിയിൽ വന്ധ്യതയുണ്ടാക്കാനും കരുതിക്കൂട്ടി നടത്തിയ ശ്രമമായിട്ടാണ് കാണേണ്ടത്.

അമേരിക്കയിലെ ഇന്ത്യൻ വംശജരായ ഒരു ശതമാനം മാത്രമുള്ള വോട്ടർമാരിൽ ഭൂരിപക്ഷവും ഡെമോക്രാറ്റിക്‌ പക്ഷത്താണെന്ന വസ്തുത തന്റെ അല്പബുദ്ധികൊണ്ടു മറന്നുപോയ ഇദ്ദേഹം പൊട്ടക്കിണറ്റിലെ തവള മാത്രമായ ഇയാളുടെ ചാനലിന്റെ മഹിമ കൊണ്ടു മാത്രം ജോ ബൈഡൻ പ്രസിഡന്റായപ്പോൾ സംഘികളും സംഘിനികളും മാളത്തിൽ ഒളിച്ചുവെന്നാണ് ശീര്‍ഷകത്തിലൂടെ ഓലിയിട്ടു ഉറപ്പിക്കാൻ ശ്രമിച്ചത്. 2009 ൽ ബരാക് ഒബാമ പ്രസിഡന്റായപ്പോൾ അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം പൂത്തുലഞ്ഞുവെന്നു ദേശാഭിമാനിക്ക് വർത്തയയച്ചു ഇദ്ദേഹം പ്രസിദ്ധനായതും അന്ന് പലരും പറഞ്ഞിരുന്നു.

ജോ ബൈഡന്റെ പ്രസംഗത്തിലെ കുറെ ഇംഗ്ലീഷ് വാക്കുകളെ ഉദ്ധരിച്ചതിനെ പൂർണ്ണമായി അംഗീകരിച്ച ഈയുള്ളവനുൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തിയത് തുടർന്നുള്ള വരികളിൽ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ അധമ പാരമ്പര്യമാണ്. നിയുക്ത പ്രസിഡന്റ് പറഞ്ഞ ഡീസൻസി എന്ന ആംഗലേയ പദം വിഭാവനം ചെയ്യുന്ന ഔചിത്യം അഥവാ സഭ്യത, തന്റെ ലേഖനത്തിൽ ലവലേശം തൊട്ടു തീണ്ടിയിട്ടില്ലായെന്നു ഈ ചാനൽ മേധാവിക്ക് ആരെങ്കിലും പറഞ്ഞുകൊടുത്താൽ നന്നായിരുന്നു. ഔചിത്യം എന്നത് ചേർച്ച എന്നാണ് സാധാരണ മലയാള വിവക്ഷ.

കേന്ദ്രികൃത പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് സമ്പ്രദായം നിലനിൽക്കുന്ന അമേരിക്കൻ ജനാധിപത്യവും, ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ ബഹുപാർട്ടി സംവിധാനവും താരതമ്യം ചെയ്യുന്നതിന് മുൻപ് കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രവും പൗരധർമ്മവും എന്ന പുസ്തകം ഒന്ന് വായിച്ചു നോക്കാമായിരുന്നു (സർവകലാശാല വിദ്യാഭ്യാസമൊന്നും വേണ്ടതില്ല).

ജനകീയ വോട്ടുകളെ നിഷ്പ്രഭമാക്കുന്ന അമേരിക്കയിലെ ഇലക്ടറല്‍ കോളേജ് സിസ്റ്റം പ്രത്യക്ഷ ജനാധിപത്യം അല്ലായെന്നു പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ എറിക് ബ്ലാക്ക് ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ ചിന്തകർ മുന്നോട്ടു വക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചു കേട്ടറിവ് പോലുമില്ലായെന്ന തോന്നലാണ് ലേഖകൻ ഇന്ത്യൻ ജനാധിപത്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാനിപ്പുലേഷനായി തരംതാഴ്ത്തി അപമാനിക്കുന്നത്തിലൂടെ വ്യക്തമാക്കുന്നത്. 28 സംസ്ഥാനങ്ങളുള്ള ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ ഒറ്റക്കും 6 സംസ്ഥാനങ്ങളിൽ സഖ്യത്തിലൂടെയും അധികാരം കൈയാളുകയും 2014 മുതൽ ഇന്ത്യ ഭരിക്കുകയും (2019 മുതൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ) ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ അപമാനിക്കാൻ ഹിന്ദു എന്ന മത നാമത്തെ ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ട തെറ്റുമാണ്. അവിടെയാണ് ബൈഡൻ പറഞ്ഞ ഡീസൻസി കാണിക്കേണ്ടത്.

അടുത്തതായി പ്രസിഡന്റിന്റെ ഇന്റെഗ്രിറ്റി എന്ന പ്രയോഗത്തെ പിന്താങ്ങുന്ന ഇദ്ദേഹം, പഠിച്ചു വച്ചിരിക്കുന്നത്, അത്തരം ഗുണങ്ങളൊന്നും തന്റെ നേതാവ് പറയുന്നപോലെ പ്രത്യേക ജനുസ്സായ തനിക്കു ബാധകമല്ലായെന്നാണോ? സത്യസന്ധതയെന്നൊ സമഗ്രതയെന്നോ ആ വാക്കിനു അർഥം കല്പിക്കാം.

ജനാധിപത്യത്തിൽ സഹജമായ ഒരു തെരഞ്ഞെടുപ്പ് തോൽവി സംഭവിച്ച ഡൊണാൾഡ് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഉപമിക്കുന്നതിലെ സത്യസന്ധതയും സമഗ്രതയും കടലും കടലാടിയും പോലെയോ മോരും മുതിരയും പോലെയോ നിരര്‍ത്ഥകമാണ്. കേരളം രാഷ്ട്രീയത്തിൽ മാത്രം മതിമറന്നു അഭിരമിക്കുന്ന ഒരാളിന്റെ കാഴ്ച്ചക്കുണ്ടാകുന്ന നിറവ്യത്യാസമായിരിക്കാം അതിന്റെ കാരണമെന്നു വേണമെങ്കിൽ നമുക്ക് സഹതപിക്കാം. മഹാമാരി വന്നപ്പോൾ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ മോഡി പാട്ട കൊട്ടിയെന്നു ആക്ഷേപിക്കുമ്പോൾ അമേരിക്കയിൽ ജീവിക്കുന്ന ഈ മാധ്യമ വീരൻ കേരളത്തിലെ ടീച്ചറമ്മ പറയുന്ന തള്ളുകളിൽ മാത്രം മതിഭ്രമിച്ചിരിക്കുകയാണ്.

ഈ അമേരിക്കയിൽ 24.9 മില്യൺ ആളുകൾക്ക് രോഗം വരുകയും 414,000 ജീവനുകൾ നഷ്ടമാകുകയും ചെയ്തപ്പോൾ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ രോഗം വന്നവർ 10.6 മില്യനും മരണം സംഭവിച്ചവർ 153,000 പേരുമാണ്.

ഇടത്തോട്ടുമാത്രം സഞ്ചരിക്കുന്ന ഇദ്ദേഹം വീണ്ടും പറയുന്നു ഇന്ത്യയിൽ ഹിന്ദുക്കൾ അപകടത്തിലാണെന്ന് മോഡി പ്രചാരണം നടത്തുന്നുവെന്ന്. ഇന്ത്യയിലെ ഹിന്ദുവിനെയോർത്തു മതമില്ലാത്ത ജീവിതം കാംക്ഷിക്കുന്ന ഇദ്ദേഹം വല്ലാതെ വ്യാകുലപ്പെടേണ്ടതുണ്ടോ. ഹിന്ദുക്കളുടെ സ്വകാര്യമായ മതവിഷയത്തിൽ അമേരിക്കയിൽ ജീവിക്കുന്ന ഹിന്ദുക്കളെ പ്രകോപിപ്പിച്ചു മതവിദ്വേഷവും ഭിന്നിപ്പും ജനിപ്പിക്കേണ്ടതുണ്ടോ. ഇതൊക്കെ നമ്മൾ അവഗണിച്ചാലും പ്രബന്ധത്തിന്റെ അവസാനം അദ്ദേഹം ചില താക്കീതുകളും ഭീഷണികളും ഉയർത്തുന്നുണ്ട്‌. അത് തികച്ചും ഇന്റെഗ്രിറ്റി ഇല്ലാത്ത വെറുപ്പിന്റെ മാത്രം രാഷ്ട്രീയമാണ്. അത് അവസാനിപ്പിക്കേണ്ടത് തന്നെയാണ്.

ഈ പ്രതികരണം ഇവിടെ അവസാനിപ്പിക്കുമ്പോൾ മേൽവർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനോടും ഒരു അഭ്യർഥനയുണ്ട്. സമൂഹത്തിൽ ആരോഗ്യകരമായ സംവാദങ്ങളും സംഭാഷണങ്ങളും അഭിലഷിക്കുന്ന മാനേജ്മെന്റും എഡിറ്റോറിയൻ ബോർഡും ആശാസ്യമല്ലാത്ത വാക്കുകളും പ്രയോഗങ്ങളും പ്രചരിപ്പിച്ചു മൂന്നാം നിരക്കാരുടെ കൈയടി വാങ്ങാൻ ആരെങ്കിലും ശ്രമിച്ചാൽ അത് നിയന്ത്രിക്കുക തന്നെ വേണം. പരസ്പര ബഹുമാനത്തോടെയുള്ള സഹവർത്തിത്വം പത്രധർമ്മമായി ഉയർത്തിക്കാട്ടി മാതൃകയാകാൻ ശ്രമിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

2 Thoughts to “മാളത്തിലൊളിപ്പിക്കാൻ വ്യാമോഹിക്കുന്നവർ: സുരേന്ദ്രൻ നായർ”

  1. Anand

    വളരെ നല്ല രീതിയിൽ ഉള്ള മറുപടി ശ്രീ സുരേന്ദ്രൻ നായർ.

Leave a Comment

Related News