നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ വിചാരണ കോടതി ആറ് മാസം കൂടി ആവശ്യപ്പെട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വർഗ്ഗീസ് വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിചാരണക്കോടതി കഴിഞ്ഞയാഴ്ചയാണ് കേരള ഹൈക്കോടതി രജിസ്ട്രി വഴി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് വിചാരണക്കോടതി സുപ്രീം കോടതിയെ സമീപിച്ച് കേസിൽ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ 2019 നവംബറിലാണ് ആരംഭിച്ചത്. നടന്‍ ദിലീപാണ് പ്രധാന പ്രതി. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി 2021 ഫെബ്രുവരി 4 വരെ സമയം നൽകിയിരുന്നു. എന്നാൽ 355 സാക്ഷികളെ വിസ്തരിക്കേണ്ട കേസിൽ 80 സാക്ഷികളെ മാത്രമേ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ എന്ന് വിചാരണക്കോടതി പറഞ്ഞു.

വിചാരണക്കോടതി മാറ്റണമെന്ന വാദിഭാഗത്തിന്റെ ആവശ്യവുമായി ബദ്ധപ്പെട്ടു ഇടക്ക് കേസ് വിചാരണ നിർത്തി വെക്കേണ്ടി വന്നിരുന്നു. കോവിഡ് പ്രതിസന്ധി ഉൾപ്പടെ വന്നതോടെയാണ് കേസിന്റെ വിചാരണയ്ക്ക് കാലതാമസം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കേസ് വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി അനുവദിക്കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കേസിൽ ക്രോസ് വിസ്താരമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വിധി പറയാനാകുമെന്നാണ് കരുതുന്നത്.

ഇതിനിടെ വിചാരണ നിർത്തിവയ്ക്കണമെന്നും പ്രതി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് പലപ്രാവശ്യം പ്രതി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കുക വഴിയും വിചാരണയ്ക്ക് തടസം ഉണ്ടായി. ദൃശ്യങ്ങൾ പ്രതിക്കും വിദഗ്ധർക്കും പരിശോധിക്കാൻ അനുവദിക്കണം എന്ന ആവശ്യം ഉയർത്തിയും കോടതിയെ സമീപിക്കുകയുണ്ടായി. ഇതൊക്കെ പരിഗണിച്ച് വിചാരണ കാലാവധി നീട്ടിത്തരണം എന്നാണ് വിചാരണ കോടതി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അതേസമയം, വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാപ്പ് സാക്ഷി വിപിൻ ലാൽ സമർപിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment