വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ എത്തിയിരുന്ന ജോർജ് ടൗണിലെ ഹോളി ട്രിനിറ്റി കത്തോലിക്കാ പള്ളിയിലാണു അദ്ദേഹം എത്തിയത്. ജോൺ എഫ് കെന്നഡിക്കു ശേഷം യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കനാണ് എഴുപത്തിയെട്ടുകാരനായ ബൈഡൻ.
മുൻവാതിലിലൂടെയാണു ബൈഡൻ ദേവാലയത്തിൽ പ്രവേശിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ ബാനറും ഫ്രാൻസിസ് മാർപാപ്പയുടെ വചനം രേഖപ്പെടുത്തിയ ബാനറും അവിടെയുണ്ടായിരുന്നു. “വർണവെറിയെയും ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലിനെയും നമുക്ക് സഹിക്കാനോ കണ്ണടയ്ക്കാനോ സാധിക്കില്ല. എന്നിട്ടും ഓരോ മനുഷ്യ ജീവിതത്തിന്റെയും സുരക്ഷിതത്വം സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നു” എന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണു ബാനറിലുണ്ടായിരുന്നത്. ദേവാലയത്തിലെ ചടങ്ങുകൾ മനോഹരമായിരുന്നെന്നു പുറത്ത് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
മകൻ ഹണ്ടറും പേരക്കുട്ടികളായ ഫിന്നിഗനും മൈസിയും ബൈഡനൊപ്പം വിശുദ്ധകുർബാനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പള്ളിയിൽനിന്നു മടങ്ങും വഴി പ്രസിഡന്റിന്റെ വാഹനം സമീപത്തെ ഡെലിവറി സ്റ്റോറിൽ നിർത്തി. ഹണ്ടർ വാഹനത്തിൽനിന്ന് ഇറങ്ങി, ഓർഡർ ചെയ്ത സാധനങ്ങൾ വാങ്ങി.
പ്രസിഡന്റ് ബൈഡൻ ഇടവക ദേവാലയം തെരഞ്ഞെടുത്തിട്ടില്ലെന്നും അദ്ദേഹം ദേവാലയ കർമങ്ങളിൽ പങ്കെടുക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. വൈറ്റ് ഹൗസിനു രണ്ടു മൈൽ (3.2 കിലോമീറ്റർ) ചുറ്റളവിൽ നാല് കത്തോലിക്കാ ദേവാലയങ്ങളാണുള്ളത്. ഹോളിട്രിനിറ്റി പള്ളിയിലേക്കാണു ദൂരം കൂടുതൽ. ഡെലാവറിൽ താമസിച്ചിരുന്ന സമയത്ത് ബൈഡനും ഭാര്യ ജില്ലും ഗ്രീൻവാലി ബ്രാൻഡിവൈനിലെ സെന്റ് ജോസഫ് ദേവാലയത്തിലാണു പ്രാർഥനയ്ക്കായി എത്തിയിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഇരുവരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്പ് ബൈഡൻ കുടുംബസമേതം സെന്റ് മാത്യു കത്തീഡ്രലിലെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply