ബംഗളൂരു: അമിതഭക്തിയും അന്ധവിശ്വാസവും മൂലം രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും, അവരുടെ പെരുമാറ്റങ്ങള്‍ പോലീസിന് തലവേദനയായി.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ മടനപ്പള്ളി ശിവനഗറിലാണ് അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ കൊല്ലപ്പെട്ട നിലയില്‍ അവരുടെ വീട്ടില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ പെരുമാറ്റ രീതികള്‍ പൊലീസിനെ കുഴപ്പിക്കുന്നു. കൊല നടത്തുന്നതിന് മുഖ്യ സൂത്രധാരയെന്ന് കരുതപ്പെടുന്ന അമ്മ സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനായി എത്തിച്ചിരുന്നു. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്.
പുനര്ജന്മത്തില് വിശ്വസിക്കുന്ന മാതാപിതാക്കള്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മാടനപ്പള്ളി ഗവ. വിമന്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളും കെമിസ്ട്രി പ്രൊഫസറുമായ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും ഐഐടി ടാലന്റ് സ്കൂള്‍ പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്.
“കൊറോണ ചൈനയില്‍ നിന്നല്ല വന്നത്… ശിവനില്‍ നിന്നാണ്…ഞാനാണ് ശിവന്. മാര്‍ച്ച് മാസത്തോടെ കൊറൊണ അവസാനിക്കും…” എന്നിങ്ങനെയാണ് കോവിഡ്-19 പരിശോധനയ്ക്കിടെ ഇവര്‍ പറഞ്ഞത്. ‘കുടുംബം മുഴുവന്‍ കടുത്ത മതവിശ്വാസികള്‍ ആയിരുന്നു. അതിന്റെ ഫലമാണ് ഈ കൊലപാതകങ്ങളും’ -എന്നാണ് മടനപ്പള്ളി ഡിഎസ്പി രവി മനോഹര്‍ ആചാരി പറയുന്നത്. ഇവരുടെ മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതേ കാര്യം തന്നെയാണ് പറയുന്നത്. ഭക്തിയും അന്ധവിശ്വാസവും മൂത്ത് കുടുംബം മാനസിക വിഭ്രാന്തിയിലായെന്ന സംശയവും ഉയരുന്നുണ്ട്.
‘മാതാപിതാക്കളുടെ ദേഹത്ത് ഒരു പരിക്കും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. മക്കള്‍ തിരികെ വരുമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു’ – പൊലീസ് പറയുന്നു. മക്കളുടെ സംസ്കാര ചടങ്ങുകള്‍ക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വിചിത്രമായ രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply