കടിഞ്ഞൂല്‍ പ്രസവത്തില്‍ നാല് കണ്മണികള്‍!!; മുസ്തഫ – മുബീന ദമ്പതികള്‍ക്ക് അപൂര്‍‌വ്വ ഭാഗ്യം

പാലക്കാട്: കടിഞ്ഞൂല്‍ പ്രസവത്തില്‍ നാല് കണ്മണികളെ, അതും ആണ്‍‌കുട്ടികളെ, ലഭിച്ച സന്തോഷത്തിലാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശികളായ യുവ ദമ്പതികള്‍. ചളവറ കുന്നത്ത് മുസ്തഫ, ചെറുതുരുത്തി ദേശമംഗലം കല്ലേത്തൊടി മുബീന ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ ഭാഗ്യം കൈവന്നത്. പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുള്‍ വഹാബാണ് നാല് കുട്ടികളെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

മുബീനക്ക് നാല് കുഞ്ഞുങ്ങളുണ്ടെന്ന് ആദ്യ പരിശോധനയില്‍ തന്നെ ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് ദമ്പതികള്‍ പറയുന്നു. ആദ്യം വിശ്വസിക്കാനായില്ല. ഒപ്പം ഒരൽപം ആശങ്കയും ഉണ്ടായിരുന്നു. പിന്നെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു മുന്നോട്ടു പോവുകയായിരുന്നു. വിവിധ ആശുപത്രികളിലെ ചികിത്സക്കുശേഷമാണ് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലെത്തുന്നത്. കുട്ടികൾക്ക് 1100 ഗ്രാം മുതല്‍ 1600 ഗ്രാം വരെ തൂക്കമുണ്ട്. നിയോബ്ലെസ് നവജാത ശിശുരോഗ വിഭാഗത്തിൽ ഇപ്പോൾ ചീഫ് കണ്‍സള്‍ട്ടൻ്റ് നിയോനാറ്റോളജിസ്റ്റായ ഡോ. ജയചന്ദ്രന്റെയും സഹപ്രവര്‍ത്തകരുടെയും പരിചരണത്തിലാണ് കുഞ്ഞുങ്ങള്‍.

നാലു പേര്‍ക്കും അനുയോജ്യമായ പേരുകളും ദമ്പതികള്‍ കണ്ടെത്തിയിട്ടുണ്ട്. അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം, അസ്‌വിന്‍ ആദം എന്നിങ്ങനെ പേരിടാനാണ് മുസ്തഫയും മുബീനയും തീരുമാനിച്ചിട്ടുള്ളത്. ഒരുമാസത്തോളം ആശുപത്രിയല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. ഒറ്റ പ്രസവത്തിൽ കുടുംബത്തിലേക്ക് നാലുപേരെത്തിയതിൻ്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.

Print Friendly, PDF & Email

Leave a Comment