കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ രണ്ടര വയസ്സുള്ള മകള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് എയര്‍ ഇന്ത്യ ഈ വിവരം കോടതിയെ ധരിപ്പിച്ചത്. തുക എത്രയും വേഗം നല്‍കണമെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടു.

മരിച്ച വ്യക്തിയുടെയും ഭാര്യയുടേയും നഷ്ടപരിഹാരത്തിന് തീര്‍പ്പു കല്പിക്കാനുള്ള രേഖകളെല്ലാം ലഭിച്ച ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിമാനാപകത്തിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

ഷറഫുദ്ദീനൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഹരജിക്കാര്‍ക്ക് അന്തര്‍ദേശീയ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാറും എയര്‍ ഇന്ത്യയും (നാഷനല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹരജിക്കാരും അറിയിച്ചു.

തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുമ്പോള്‍ സഹഹരജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹരജിക്കാര്‍ക്ക് ഹൈകോടതിയെ അടക്കം ഉചിത ഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീര്‍പ്പാക്കിയത്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment