Flash News

ചൊക്ളി (നോവല്‍ 33 & 34): എച്മുക്കുട്ടി

February 2, 2021

ചൊക്ളി ആ രാത്രിക്കാണ് പെണ്ണെന്തിറ്റാന്നറിഞ്ഞത്. ജാനു സൊന്താന്ന് വിചാരിക്കുമ്പളൊക്കെ ചൊക്ളിക്ക് ശരീരം പെര്ത്തു പെര്ത്ത് വന്ന്.

ജാനൂന്റമ്മ അവരുടെ മുറീലും ചൊക്കേട്ടനും ജാനും ചൊക്ളീന്റെ മുറീലുമാ കെടന്നദ്.

ജാനു ചൊക്കേട്ടനെ മിൻസങ്ങള്ടെ ഒരെളം ചൂടിന്റെ സൊർഗത്തിലേക്ക്ണ് കൊണ്ടു പോയ്ത്. വേറൊരു ലോഗാ കാട്ടിക്കൊടുത്തു. ചൊക്കേട്ടാന്ന് വിള്ക്കുമ്പോ കാതില്ന്നേ രോമം പെര്ത്തെ കേറാണ്.

ചണ്ണക്കാലും കൈയും അവളടെ മേത്തിട്ടപ്പോ അവള് പൂച്ചേടെ പോലെ കുറ്കി. ചൊക്ളിക്ക് സൊർഗന്ന് പറ്ഞ്ഞാ ജാന്വാന്ന് മൻസ്സിലായി.. ചൊക്ളീടെ എല്ലാ കെട്ടും പിടുത്തോം അവളടെ തലമുടീലും ചുണ്ടിലും മാറത്തും ഒക്കെയായി ഉരുകി അലിഞ്ഞ് ഒഴുകിപ്പരന്നു.

ആദ്യായിറ്റ് ന്റെ പെണ്ണേ… ന്റെ ജാന്വോ … ന്റെ സൊന്തം ന്ന് പറയാൻ അവനൊരാളായില്ലേ ഈ ലോഗത്ത്. അവള് ചെവീമ്മേ കടിച്ചിട്ട് ‘ന്റെ ചണ്ണച്ചെക്കാ’ന്ന് വിളിച്ചപ്പോ അവന് കുളർന്നു. അവള് എന്ത് വിള്ച്ചാലും എന്ത് ര് മദിരാ…എന്ത് ര് സുഗാ..

ചണ്ണക്കാലും കൈയും അവളടെ മേലേക്കിട്ട് ആ തടിച്ച മുലക്കണ്ണും തിരുപ്പിടിച്ച്ക്കിടന്ന് ചൊക്ളി ഒറങ്ങി. അങ്ങനെ എല്ലാം മറന്ന് ഒരൊറക്കം അവന്റെ ജീവിതത്തിൽ ആദ്യേര്ന്ന്…

ആ രാത്രി പുലർന്നപ്പളയ്ക്കും ചൊക്ളി ഒത്ത ഒരാണായിണ്ടാര്ന്നു. അവനൊരിക്കലും തോന്നീട്ട്ല്ല ചണ്ണക്കാല് നല്ലതന്നെന്ന്.. ഇപ്പോ അവന് അതും തോന്നി.. അവന്റേല്‍ ഇള്ളതൊക്കേ നല്ലതന്നേ.. ജാനു ഒറ്റ രാത്ത്‌രി കൊണ്ട് അവനെ അങ്ങനേ തോന്ന്പ്പിച്ചു.

അവള് ഏൺട്ട് പോയി കുൾച്ച് കുറിയിട്ട് മുടീരെ തുമ്പും കെട്ടി നല്ല ചൂട് കാപ്പീം കൊണ്ട് വന്നപ്പോ ചൊക്ളിക്ക് ജീവിതം നന്നായീന്ന് തോന്നി..

അത് ശരിയേര്ന്ന്.

പിന്നങ്ങട് നല്ലതന്നേ വന്നൊള്ളോ.. ജാനു ഒക്കേം കണ്ടറിഞ്ഞന്നെ ചെയ്തു…. ഇട്ളീം ചട്ണീം കാപ്പിടെ വെള്ളോം മുറീല് കൊണ്ടന്നു.

പണീണ്ട് പറ്മ്പില്.. ജാനൂന് വെപ്പുപണിണ്ട്. പിന്നെ ചൊക്ളി വെറ്തെ ഇര്ന്നട്ട് എന്ത്നാ..

അപ്പളാണ് ലള്തമ്മ്യാര് വിളിപ്പിച്ചെ.. ചെന്നപ്പോ കുട്ടനാശാരീം കൊച്ചപ്പൻ മേശ് രീം ണ്ട്. അമ്മ്യാര് പറേൺത് ജാനൂൻറെ അമ്മേരെ മുറി ചൊക്ളീരെ മുറീരടുത്തിക്ക് ആക്കാം. തൊട്ടപ്പറത്ത് ഒര് വാതല് വെച്ചാമതി. ഒര് ചാച്ചെറക്കിണ്ടാക്കി, ഒര് അട്പ്പ് വെച്ചാ എടക്കൊക്കെ ഒര് കട്ടങ്കാപ്പി തെള്പ്പിക്കാലോ ജാനൂന്..

ലള്തമ്മ്യാര്ക്ക് പറഞ്ഞാ പിന്നെ അപ്പ നട്ക്കണം പണി.

ചൊക്ളീരെ മുറീരെ ജനലും വാതലും ഇല്ലാത്ത ചൊമര് ഭാഗം തൊറന്ന് മാവ്മ്പലക അടിച്ച് വെച്ച് ഒരു വാതലാക്കി. ചാച്ചെറക്കി അമ്മേരേ മുറീരെ ചൊമരിൻറട്ത്താക്കി. അങ്ങനെ ചൊക്കേട്ടനും ഭാര്യയ്ക്കും ഒര് ശല്യോംല്ലാത്ത മുറിയായി. എല്ലാ പണീം കൂടി മൂന്നീസം എടുത്തു..

ജാനൂൻറെ അമ്മ ഇപ്പോ പഴേ പോലേ ‘ടാ, ചൊക്ളീ’ന്ന് വിളിക്ക്ല് നിർത്തി. ‘മോനേ’ന്നാ വിളി.. കണ്ടകടിച്ചാദി കാര്യങ്ങളും ഒന്നും പറേല്യാ. ഒര് ബഗുമാനം പോല്യാ..വെപ്പും വെളമ്പും കയിഞ്ഞ് വീട്ടി വന്നാ ‘രാമ രാമ രാമ’ ന്ന് പൊറുപൊറുക്കലാ.

അപ്പളാണ് ചൊക്ളി അറിഞ്ഞത്.. വൈന്നാരം പണി കയിഞ്ഞപ്പോ കുളിക്കാൻ പുവ്വേ. അപ്പോ കിളി രാഗവേട്ടന്ണ് പറഞ്ഞ്ത്. ‘ചൊക്ളി യേ, ഓമോം മന്ത്രോം ജപ്പോം കൊണ്ടന്നും കാര്യല്ലടാ. കാര്യങ്ങള് സത്യാവണം.. വെടിപ്പാവ്ണം. നീയ്യ് കേട്ടാ.. ആ അമ്പ് ലം തൊറന്നൊടത്ത രാജീവ കാന്തി ല്ലേ.. ഇന്ദ്രാകാന്തീരേ മോൻ.. അയ്യാളെ കൊളമ്പ് നാട്ടീല് വെച്ച് തോക്കോണ്ട് ഇടിച്ച് കൊല്ലാന്നോക്കി. നിൻറെ കല്യാണ്ണത്തിൻറെ അന്നന്നെ.. കൊഴപ്പണ്ട് മോനേ.. കൊളമ്പ് കാര് ഇനി ഇങ്ങടാ വരും…കൊല്ലാൻ.. നീയ്യോക്കിക്കോ’

ചൊക്ളിക്ക് ഒന്നും തിരിഞ്ഞില്ല.

അവൻറെ കല്യാണോം ഓമോം ഒക്കെ എന്തിന്ന്ണ് രാഗവേട്ടൻ പറേണ്ണ്…

എന്തിറ്റ് സത്യം… ആവോ.. സുകുമാഷ് പറഞ്ഞേരും ഒക്കേ.

അല്ല പിന്നെ..

ജീവതത്തില് ആദ്യേയ്റ്റാണ് ഇത്തറ സുഗം ചൊക്ളി അറീണത്. ജാനൂന് ചൊക്കേട്ടനെ ജീവൻണ്. അവളരെ അമ്മ്യാണെങ്കി മോനേന്ന് ബഗുമാനത്ത്ല് വിളിച്ചൊത്ങ്ങി നിക്കും. ലേശം പേടിച്ച് നിക്കണ പോല്യാ ചൊക്ളിക്ക് തോന്നല്. എന്തനാവോ..

ആലൂര് സെൻറരിലെ ശാരത കൊട്ടകീല് പോയി ജാനൂൻറെ കൂടെ സിന്മ കണ്ടു.. അവിടെ അട്ത്ത്ള്ള അമ്പ് ലത്ത്ലൊക്കെ പോയി. ജാനു ചൊക്കേട്ടാ ഇത് കേക്ക്, അത് കേക്ക് ന്ന് പറഞ്ഞ് നിർത്താണ്ട് വർത്താനിക്കും. കിഷ്ണമൂത്രി സാമി ഡോക്കിട്ടറോട് അവള് ഒരീസം ചോയിച്ചു ചൊക്കേട്ടൻറെ കാല് ശര്യാക്കാൻ പറ്റ്വോന്ന്. സാമി അവളെ ഒന്ന് തുറിച്ച് നോക്കി. എന്നിറ്റ് പറഞ്ഞു..

വൈയ്ന്നേരം തെരക്കാറ്മ്പോ അവനേം കൂട്ടീറ്റ് വാ..

ചൊക്ളിക്ക് പോണന്നന്നെ ഇണ്ടാർന്നില്ല.. ജാനൂൻറെ വാക്കിന് പോയി..

സാമി എന്തൊക്ക്യോ നോക്കി..കാല് കമ്ത്തീം മല്ത്തീം ഒക്കെ നോക്കി. വണ്ടി കേറീണ്ടോ കണ്ണക്കാലുമ്മേന്ന് ചോയിച്ചു. ഓർമ്മല്യാന്ന് പറഞ്ഞു ചൊക്ളി. ആര്ക്കാ അറിയ്യാ.. നടക്ക്ണ്ണത് ആദിക്കന്നേ ഇങ്ങനേണ്ണ്. വെശ്പ്പാണ് ഓർമ്മള്ളത്. പിന്നെ കാണണ്ണോര് ഒക്കെ തല്ലും.. വയ്യാത്ത കാലുമ്മേ ചവ്ട്ടും. തലേല് മേടും..

കൊറേ കാശ് ചെൽവ്ള്ള കൊർച്ച് ഓപ്റേഷം ചെയ്തോക്കിയാ ചെൽപ്പോ കാല് നന്നാവേരിക്കുന്ന് സാമി പറ്ഞ്ഞു. ഒറപ്പ് പറയ്യ്യാൻ പറ്റ്ല്ലാന്നും പറഞ്ഞു. പിന്നെ തിർവനന്തപൊരത്തൊ കോയിക്കോടോ ഒക്കേ പൂവ്വണം..ആസ്പത്തരീല് ഉമ്മിണി നാള് കെട്ക്കണം..

ചൊക്ളി ഒന്നും വേണ്ടാന്ന് പറഞ്ഞ് ഏൺട്ട് പോന്നു. രാത്രിക്ക് ലേശം എണ്ണ ചൂടാക്കീട്ട് ജാനു ചണ്ണക്കാലുമ്മേ ഉയിഞ്ഞു തരും. അതിൻറെ സുഗം വേറാര്ക്കാ അറിയ്യാ.. അത് കയിഞ്ഞാ അവള് ശരിക്കനെ സുഗിപ്പിക്കും…സന്തോയിപ്പിക്കും.. വേർപ്പില് കുതർന്ന് കെടന്ന് അവള് ചൊക്കേട്ടാന്ന് മെല്ലങ്ങെ വിളിക്കണ കേട്ട് ങ്ങനെ ഒറങ്ങലാണ് സുഗം..

രാമേട്ടനെ ചോര ശർദ്ദിച്ച്ട്ട് ജെയരാമ സാമി ഡോക്കിട്ടർടെ അരീത്ത് കൊണ്ട്വന്നാക്കീണ്ട്ന്ന് ഒരീസം ഉച്ചയ്ക്ക് പ്രാഞ്ചീസ് ഓടി വന്ന് പറയേ… ചൊക്ളീനോട്. കല്യാണം കയിഞ്ഞേപ്പിന്നെ ഒര് മാസായിറ്റും ചൊക്ളി രാമേട്ടനെ ഒന്ന് കണ്ടേര്ന്നില്ല.. പപ്പിനീനെ മൊയ്തീൻക്കേരെ അരീത്ത് ചെന്നൊന്നൻവേഷിക്കാച്ച്ട്ട് അതും ചെയ്തില്ല.. ജാനൂനെ വിട്ട്ട്ട് എങ്ങടും പോണന്നന്നെ തോന്നിയേര്ന്നില്ല.

കൈയ്യോട്ടും വലിച്ചെറിഞ്ഞ് പ്രാഞ്ചീസിൻറെ ഒപ്പം ചൊക്ളീം ഓടി സാമീരെ മഡത്തില്ക്ക്.

സാമി.. ഡോക്കിട്ടർടെ കൊഴലും കഴ്ത്തല് വലിച്ചിട്ട് നിക്കണ കണ്ടപ്പളേ പ്രാഞ്ചീസ് ‘ചതിച്ചോ സാമീന്ന് ‘ഒറക്കെ ഓളീട്ടു..

സാമി ഒന്നും പറഞ്ഞില്ല. പ്രാഞ്ചീസിൻറെ തോളത്ത് ഒന്ന് കൈവെച്ചു. അതന്നേ.

രാമേട്ടൻ കണ്ണടച്ച് ഒറങ്ങണപോലെ കെടക്കാര്ന്നു. കുപ്പായത്തിലും ചുട്ടി തോർത്തിലും ചോര തെറിച്ച് വീണ്ണ്ണ്ട്.

രാമേട്ടൻ പോയി.

ചൊക്ളിക്ക് വല്ലാണ്ട് വെസനം തോന്നി. ഇയ്യ് നാട്ട്ല് വന്നേപ്പിന്നെ രാമേട്ടൻ ഒപ്പം കൂട്ടീത് പോലേ വേറാരും ണ്ടായിറ്റ്ല്ല.. ഒന്ന് മിണ്ടിപ്പറയാണ്ട് ഒര് തൊള്ളി വെള്ളം കുടിക്കാണ്ട് രാമേട്ടൻ ചത്താ പോയി..

വല്യോരു കൂട്ടം ആളോളാര്ന്ന് രാമേട്ടനെ ചോന്ന കൊടീം പൊതപ്പിച്ച് ആലൂര് സെൻറരിലെ ചൊടലേൽക്ക് കൊണ്ടോയത്. ചൊക്ളീം ചണ്ണക്കാലും വലിച്ച് ഒപ്പം നടന്നു. തൃശൂര്ന്ന് ഏതാണ്ട് വല്യ നേതാക്കമ്മാര് വരുന്ന് കേട്ടേര്ന്ന്. വന്നോന്ന് ചൊക്ളിക്ക് തിരിഞ്ഞില്ല..

രാമേട്ടന് ഒര് തുണ്ട് പറമ്പ് ണ്ടാര്ന്ന്ല്ല അത് ണ് ചൊടലേൽക്ക് കൊണ്ടോയ്ത് ന്ന് കിളി രാഗവേട്ടന്ണ് പറഞ്ഞ്ത്. ഒന്നും സൊന്തായിട്ടില്ലാത്ത ഒര് മാർക്കിസ്റ്റ് കാരനാരുന്നൂന്ന് രാമേട്ടൻ. എല്ലാര്ക്കും വേണ്ടി ജീവിച്ച്.. അങ്ങ്നത്തോരെ ഒന്നും പാർട്ടിക്കന്നെ വേണ്ട..പിന്നീന് മറ്റ്ള്ളോര്ക്ക് വേണ്ടത്… ആ ജമ്മം അങ്ങിനെ തീർന്ന്..

എല്ലാം കേട്ട്ട്ട് ചൊക്ളിക്ക് ആകനെ ഒര് ശാസം വെലങ്ങേര്ന്ന്..

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top