Flash News

ചൊക്ലി (നോവല്‍ 35 & 36): എച്മുക്കുട്ടി

February 7, 2021

രാമേട്ടൻ പൊകയായപ്പളാണ് പ്രാഞ്ചീസിൻറെ ഒപ്പം ചൊക്ളി പോന്നത്. ചൊക്ളിക്ക് വല്ലാണ്ട് വെഷമാവ്ണ്ടേര്ന്നു. പ്രാഞ്ചീസിൻറെ മനസ്സ്ല് എന്തിറ്റാന്നറീല്ല. തൊള്ള തൊറന്നാലല്ലേ വല്ലതും അറ്യാൻ പറ്റൂ.

പേർഷക്കാരൻ വിജേൻറെ അനിയൻ ചെക്കൻറെ കടേല് കേറി പ്രാഞ്ചീസ് ഒരു മൂലയ്ക്കേ ചെന്ന് കുത്ത് ര്ന്നു. ചൊക്ളീം അട്ത്തന്നെ ഇര്ന്നപ്പോ പ്രാഞ്ചീസ് ആദ്യായിറ്റ് തൊള്ള തൊറന്നു.

രണ്ട് കപ്പേം ബീഫും..രണ്ട് കട്ടനും.

ചൊക്ളി ഒന്നും പറഞ്ഞ്ല്ല..

തിന്നാൻ വന്നപ്പോ പ്രാഞ്ചീസിൻറെ കണ്ണാ നെറ്ഞ്ഞു..

ചൊക്ള്യേ..സയിക്ക്ണില്യടാ….രാമേട്ടൻ ഇങ്ങനങ്ങട്ട് പോയ്ക്കളേന്ന് ഞാൻ വിചാര്ച്ച്ല്ല… നെഞ്ഞ് പൊട്ടണന്തി വെഷമം..
പിന്നെ പ്രാഞ്ചീസ് പൊഴ പോലെങ്ങട്ട് ഒഴ്കേര്ന്ന്..

ആലൂര് ദേശത്ത് ബുദ്ദീം ബോദോം ള്ള ഒര് മാർക്കിസ്റ്റ് … എട്ക്കണ പണി, പറേണ വാക്ക് ഇത് ലൊന്നും ഒര് കൊറവ് വര്ല്ല.. എല്ലാ മനിഷേരോടും സിനേകം, സൊന്തായിറ്റ് ഒര് സാനല്ല..സമ്പാദിച്ച്ത്.. ബൂമിൽക്ക് വര്മ്പോ കൊണ്ടന്ന സാനം മാത്രേ പൂവ്വുമ്പളും ള്ളോ. എങ്ന്യാണ്ടാ ചൊക്ള്യേ ഒര് മനിഷേന് ഒര് സാനോം സൊന്താക്കിവെക്കാൻ തോന്നാണ്ട് ജീവിക്കാൻ പറ്റാ… തേങ്ങേം മാങ്ങേം അടയ്ക്കേം ഒക്കെ കച്ചോടണ്ടാര്ന്ന്. കാശും കിട്ടിയേര്ന്ന്. എല്ലാരേം സഹായ്ച്ചു. ഒരീസം ഒരാള്ടെ ചെലവ് ല് തിന്ന്ല്ല..

പ്രാഞ്ചീസിൻറെ കണ്ണീന്ന് വെള്ളൊലിച്ച് ബീഫില് വീണു.

ഇനിക്ക് ഓട്ടർഷ വേടിക്കാൻ കാശ് തന്ന്..മൻഷേരൊക്കേ ഒന്നാണ്ന്ന് പറേണ പുസ്തങ്ങള് തന്നു. ലോഗം മുഴ്ക്കേനും ദാരിദ്രംണ്ട്ന്ന് സങ്കടണ്ട്ന്ന് പറഞ്ഞ് തന്നു. മനുഷേര് വേറേ വേറേ്‌യാന്ന് പറേണത് തൊള്ളേലടി കിട്ടാണ്ടാന്ന് പറഞ്ഞ് തന്ന്…കാശും അതികാരോം മൻഷേരേ പെഴപ്പിക്കുന്ന് പടിപ്പിച്ച്..

ഇനിക്ക് താങ്ങാൻ പറ്റ്ണില്ല്യടാ..

ചൊക്ളിക്കും സങ്കടാവ്ണ്ടാര്ന്നു. നല്ലത് മാത്രേ രാമേട്ടൻ ചീത്ട്ട്ള്ള്. എപ്പ്ളും ഒപ്പം നിന്നേര്ന്നു. ആരുല്യാത്തോനാണ്ന്നോ ചണ്ണക്കാലനാണ്ന്നോ ഒര്ക്കലും വിളിച്ച്ട്ടല്ല..

പപ്പിനീനെ കാണാണ്ട് പോയീ .. അവള് സകിക്കോ ന്നറീല്ല ചൊക്ളീയേ.. അവളരെ തന്തേരെ പറ്റാര്ന്ന് രാമേട്ടൻ.. അവരേ മടീ കെടന്ന് വളന്ന് അവര് പറേണദൊക്കേ കേട്ട്ട്ടാണ് പപ്പിനീങ്ങനെ മുറിച്ചാ തുള്ളണ പെണ്ണായ്ത്. അവള്ടെ വാല്മ്മേ കെട്ടാൻ കൊള്ളോ ഇന്നാട്ടിലെ ഒര് പെണ്ണിനെ..

പ്രാഞ്ചീസിൻറെ വായേന്ന് എന്തിറ്റാ വീഴ്ണേന്ന് ചൊക്ളിക്ക് തിരിഞ്ഞ് ല്ല.

കൊറേ നേരം നെലോളിച്ച് പിന്നെ മുമ്പിലിര്ന്ന തീറ്റ്യൊക്കെ വായേല് കുത്തിക്കേററി പ്രാഞ്ചീസ് നട്ന്നൊടങ്ങി. ചൊക്ളീം നടന്നു. പൊഴമ്പള്ളത്തെത്തീപ്പോ പ്രാഞ്ചീസ് പറഞ്ഞു…

നീയ്ണ്ട്രാ ചൊക്ള്യേ.. നാളെ ഓട്ടർഷേല് പപ്പിനീനെ കാണാമ്പൂവ്വാ.. നീയ് സാമ്യോട് പറഞ്ഞാ മതി.. ഇമ്മക്ക് വൈന്നാരം പോയി രാത്ത്രീല് പോരാടാ… അവളോട്‌ ഒന്ന് പറയണടാ.. അത് ഒര് മര്യാദ്‌യാടാ..

ചൊക്ളി സമ്മേയ്ച്ചു.

പ്രാഞ്ചീസ് മറിയപ്പാറ അങ്ങാടീൽക്ക് നടന്നു.. ചൊക്ളി വീട്ടില് ചെന്ന് കേറി..

ജാനൂൻറമ്മ തോർത്തും ഒര് തേയപ്പൊട്ട് സോപ്പും നീട്ടീട്ട് പറഞ്ഞു.. ‘ഒന്ന് കുളിച്ചാ മോനെ… ചൊട് ലേന്ന് വരല്ലേ..’

ചൊക്ളി കടവില് ക്ക് നടന്നു.

കുളിച്ച് വന്ന്പ്പോ ജാനുണ്ട് ചോറ് വെള്മ്പാൻ നില്ക്കണ്.. ഒന്നും തിന്നണ്ടാന്ന് പറഞ്ഞേപ്പോ അവള് സങ്കടത്ത്ല് നോക്കീച്ചാലും മിണ്ടീല്ല…

പപ്പിനീനെ കാണ്ണാമ്പോണ കാര്യം വെളിച്ചായിറ്റ് പറയാന്നാ ചൊക്ളി വിജാരിച്ചേ…

ജാനു അരീത്ത് വന്ന് കെട്ടിപ്പിടിച്ച് കെടന്ന്… അവളങ്ങട് ഒറങ്ങി.. ചൊക്ളി രാമേട്ടനേന്നെ വിജാരിച്ച് കെടന്ന്…

എപ്പളാണ്ട് ഒറങ്ങിപ്പോയി.

വെളിച്ചായിറ്റ് ഏൻറ്റപ്പോ കേട്ടത് ജാനു ഓക്കിനിക്കണ ഒച്ചേണ്..

ചൊക്ളി പെടഞ്ഞേൻച്ച് പൊറത്തേക്ക് പാഞ്ഞു. എന്ത്ട്ടാവോ അവളക്ക് പറ്റ്യേ…

ജാനു വാഴേരെ ചോട്ട്ല് ര്ന്ന് ഓക്കേനിക്കേര്ന്ന്. അവളരേ തള്ള പൊറം ഉഴിയേം ‘ടീ , പിശാശേ, പതക്കനെ.. പതക്കനെ.. ഒച്ചീം വിളീം കൂട്ടല്ലേടി’ന്ന് പറേം ചിയ്യണ്ട്..

ചൊക്ളി ചണ്ണക്കാലും വലിച്ച് ഓടിച്ചെന്നപ്പോ ‘ഇനിക്ക് വയ്യെൻറേ ചൊക്കേട്ടാ’ന്ന് വിളിച്ച് അവള് കാലുമ്മേക്കാ ചാഞ്ഞു.
ചൊക്ളീൻറെ നെഞ്ഞ് കത്തിപ്പോയി..

ആരും അങ്ങനെ ഏൻറ്റട്ട്ല്ല. വെള്ള കീറീ വരണ്ണേള്ളൂ..പുന്നേം താന്നീം ഒക്കെ ങ്ങനെ എല എള്ക്ക്ണ്ട്..അപ്പോ ആല്ൻറെ എല പാട്ട് തൊട്ങ്ങീണ്ടാവും..

ചൊക്ളി രാമേന്ദരൻ ഡോക്കിട്ടറ്ടെ മഡത്തിൻറ മുന്നിൽത്തെ ആലുതറേ കൊണ്ടന്നാ കെട്ത്തി ജാനൂനേ.. അവള് വാഴേരെ പിണ്ടി ചേൽക്കാ കെട്ക്ക്ണ്. ചണ്ണക്കാലും വെച്ച് അവളേം ഏന്തീറ്റ് ചൊക്ളീ വെശർത്തു.. കാലത്തന്നേ..
ജാനൂൻറെ അമ്മ ചത്തോണം നിക്കാണ്.

ചൊക്ളി തിണ്ണേമ്മേക്കേറി വിളിച്ച്..

സാമിമ്പ്രാനേ.. ഡോക്കിട്ടറേ.. സാമിമ്പ്രാനേ..

രാമേന്ദരൻ ഡോക്കിട്ടറ് ഏൻറ്ണ്ടാർന്നു മാത്രല്ല… കുളീം മന്ത് രം പറേലും ഒക്കെ കഴിഞ്ഞ്ണ്ട്. നെഞ്ഞത്തും കൈയിമ്മേം തലേലും ഒക്കെണ്ട് പസ്മം..

ജാനു… ഓക്കാനിക്ക്ണ്.. ബോദല്യാ.. എന്തിറ്റാ..

അപ്പളക്കും ചൊക്ളിക്ക് വെസനം വന്നു..

രാമേന്ദരൻ ഡോക്കിട്ടറ് ജാനൂൻറെ കൈ പിടിച്ചോക്കി…കണ്ണ്..തൊറന്നോക്കി..

എന്ന്ട്ട് ചിറിച്ചു..

‘ഒന്ന്ല്ല.. അവളെ ഉഷമ്യാരെ കാണിക്ക്..ഒന്ന്ല്ല.. അവടെ ഒക്കെ പറഞ്ഞു തരും. ‘

ഉഷമ്യാര് മുമ്പിൽത്തെ പലകപ്പല്ല് രണ്ടും നല്ലോണം പൊറത്ത് കാട്ടി ചിരിച്ചു..

‘ചൊക്ളി അച്ഛനാവാണ് ല്ലേ… നന്നായീ.. ഞാൻ നോക്കിക്കോളാം ജാനൂനെ.. ‘

ജാനൂന് കെർപ്പാണ്.. അതന്നേണ്ണ്..

ചൊക്ളിക്ക് കണ്ണ് കാണാണ്ടായി… അവന് ഒര് കൊച്ച്ണ്ടാവേ.. അവനെ അച്ഛാന്ന് വിളിക്കാൻ ഒരാള്….

ചൊക്ളീരേ മേത്തൊക്കേ രോമങ്ങളേറ്റ് നിന്ന്..

ചൊക്ളി ആരൂല്യാത്തോനല്ല, ഒര് കൊച്ചിൻറെ തന്ത്യാവാൻ പോണോനാണ്.

ജാനു കട്ട്ല്മ്മേ എൻറ്റിര്ന്നു. അവള് ആകനെ വെള്ളാമ്പിച്ച്ണ്ട്. അമ്യാര് ജാനൂൻറെ അമ്മേരേര്ത്ത് കൊറേ കുളിയേം മര്ന്നും കുപ്പീം ഒക്കെ കൊട്ത്തു. കുളിയ തിന്നണം.. മര്ന്ന് കുട്ക്കിണന്നൊക്കെ പറ്ഞ്ഞു.

ചൊക്ളി ഒന്നും കേട്ട്ല്യാ.. ചെവിട്ട് ല് ഒര് മൂളക്കാ… അച്ഛാന്ന്ള്ള വിളിയാ…

ജാനും അമ്മേം പിന്നയ്ക്ക് വന്ന്. ചൊക്ളി വീട് ല് ചെന്ന് കേറി.. ആരോടാ ഒന്ന് ഒച്ചീം വിളീം എട്ത്ത് പറയാ.. ബസ്സോള് പൊറപ്പെട്ണ്ടാവും… അവ്ടെ ചെന്ന് പറഞ്ഞോക്ക്യാലോ..

കിളി രാഗവേട്ടൻ വന്നിറ്റ് പറയാന്ന് വെച്ചപ്പളേക്കും ജാനൂം അമ്മേം വന്ന്.

അമ്മ പണിക്കെറങ്ങീതും ചൊക്ളി ജാനൂനെ വട്ടാ പിടിച്ചു… ‘നീ തള്ള്യാവ്ണ് ഞാൻ തന്തേം… ല്ലേ..’ ന്ന് അവളരേ വയറ്റില് മുത്തിച്ചോപ്പിച്ചു…

അവള് മിണ്ടീല്ല.. ഇങ്ങ്നെ നിക്കാ…

ചൊക്ളിക്ക് വെഷമായി..

‘നിന്ക്ക് വെതല്ലേങ്കി കെട്ന്നോ ഞാൻ അമ്മേരെരത്ത് പണിട്ക്കാം…’

അപ്പൊ അവള് പറഞ്ഞു…

‘വേണ്ട.. ഞാ പൊക്കോണ്ട്… ‘

ചൊക്ളി പണിക്ക് എറ്ങ്ങി.. അവള് വെല്യ അടുക്ക്ളേൽക്ക് നട്ക്കണ കണ്ട്പ്പോ…

അവ്ള്ക്ക് പേടീണ്ട്ന്ന് ചൊക്ളി ക്ക് മൻസ്സിലായി.. പാവം..ആദിക്ക് പേടിണ്ടാവ് ല്ലേ.. അവളരെ അമ്മേണ്ടല്ലോ…
ചൊക്ളീരെ അരീത്ത് കൊർച്ച് കാശ്ണ്ട്.. കൂല്യൊക്കെ എല്ലരും ചണ്ണചണ്ണാന്ന് പറ്ഞ്ഞ് കൊർച്ച് ന്ന്യേ തന്ന്ട്ട് ള്ളോ.. ഇന്നാലും കിട്ടീത് കൂട്ട്യച്ച്ണ്ട്..

ഇവടെ കിട്ടീതും കൂട്ടിവെച്ച്ണ്ട്. ജാനൂന് ഒര് കൊറവും വരാണ്ട് നോക്കണം.

കൂട്ടുപണിക്കാരോട് ഒക്കെ പറയ്യാന്ന് പറഞ്ഞപ്പോ ജാനൂൻറെ അമ്മ സമ്മേയ്ച്ചില്ല.. ജാനൂം തല ആട്ടീല്ല.. അമ്മ പറഞ്ഞു..

‘കൊച്ച് വരട്ടേരാ മോനേ, ഒര് കൊറ് വും വരാണ്ട് രണ്ടും രണ്ടോടത്താവട്ടെ.. അമ്പത്തേഴ് നരമ്പ് പൊട്ടുണതാ ഒര് പേറ്.. കൊച്ചിന് കൊറവൊന്നും വരാണ്ടിരിക്കട്ടേരാ.’

ചണ്ണേരെ കൊച്ച് ചണ്ണ്യാവുന്നാണോ കൊറവ് ന്ന് അവര് പറേണേന്നാലോയ്ച്ചപ്പോ അവന് വെസനം തോന്നി.അതോ കർത്ത് കര്യട്ട പോലെ ഇണ്ടാവുന്നാ..

ജാനു ഒറപ്പിച്ച് പറഞ്ഞു.

‘ഞാൻ പെറണ കൊച്ചിന് ചണ്ണേണ്ടാവില്ല..അതെന്നെപ്പോല്യന്നാ വെള്ത്ത് ചോന്ന്ട്ടന്യാ ഇരിക്ക്യാ.. ചൊക്കേട്ടനെ അമ്മ ഓരോന്ന് പർഞ്ഞ് വെഷ്മിപ്പിക്കര്ത്.’

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top