ജന്മനാട്ടിൽ പ്രളയദുരിതബാധിതർക്കായുള്ള ഭവനനിർമാണത്തിൽ സഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

ന്യൂജേഴ്‌സി: ജന്മനാടായ കേരളത്തിൽ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് ദുരിതത്തിലായ നിര്‍ധനരായ നാലു സ്ത്രീകൾക്കുള്ള ഭവന നിർമാണ പദ്ധതിയിൽ സഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്.

പ്രളയത്തിൽ സ്വന്തം ഭവനം നഷ്ടപ്പെട്ട അവിവാഹിതരായ ദേവിയേടത്തിയും മൂന്ന്‌ സഹോദരിമാരും ദുരിതാശ്വാസ ക്യാമ്പിൽ അകപ്പെട്ട ദാരുണമായ സാഹചര്യത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ, മലബാർ പ്രൊവിൻസ് ചെയർമാൻ മെഹറൂഫ് മണലോടി, പ്രസിഡന്റ് കെ.പി.യു അലി എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് വീട് നിർമ്മിച്ചു നൽകിയത്.

കോഴിക്കോട്‌ നടന്ന സ്നേഹവീട് താക്കോൽ ദാനം മുൻ മന്ത്രി ഡോ. എം.കെ. മുനീർ നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ടി പി വിജയൻ, ഇന്ത്യ റീജിയൻ പ്രസിഡന്റ് പി എൻ രവി, ചെയർമാൻ ഡോ. നടക്കൽ ശശി, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ എന്നിവർ പങ്കെടുത്തു.

സാമൂഹിക നന്മയെ കേന്ദ്രീകരിച്ചുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും ജന്മനാടായ കേരളത്തിൽ പ്രളയക്കെടുതിൽ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഭവനനിർമാണ പദ്ധതിയിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസിനു സഹായമേകാൻ സാധിച്ചതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി പറഞ്ഞു.

സമൂഹത്തിൽ നന്മയുടെ കിരണങ്ങൾ ഇനിയും വറ്റിയിട്ടില്ല എന്നുള്ളതിന്റെ നേർകാഴ്ചയാണ് പ്രളയ ദുരിതബാധിതർക്കായി വേൾഡ് മലയാളി കൗൺസിൽ ഏറ്റെടുത്തു നടപ്പാക്കിയ ഈ ചാരിറ്റി പ്രൊജക്റ്റ് എന്നും, ന്യൂജേഴ്‌സി പ്രൊവിൻസിനു ഈ സംരംഭത്തിനു സഹായഹസ്തമേകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ന്യൂജഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയുടെ താണ്ഡവസമയത്തു ന്യൂജേഴ്‌സി പ്രൊവിൻസ് നോർത്ത് പ്ലൈൻഫീൽഡിലെ ഗ്രേസ് സൂപ്പ് കിച്ചന് വേണ്ടി സംഘടിപ്പിച്ച ചാരിറ്റി പ്രൊജക്റ്റ്, കോഴിക്കോട് നിർധനരായ നാലു സ്ത്രീകൾക്കായുള്ള ഭവനനിർമാണത്തിനു നൽകിയ സഹായം, പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്ത് കുമാറിന്റെ കുടുംബത്തിനായി കഴിഞ്ഞ കമ്മിറ്റിയുടെ സമയത്തു നടത്തിയ ഫണ്ട് സമാഹരണം, കോവിഡ് പ്രതിരോധ ബോധബോധവത്കരണ സെമിനാറുകൾ ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വളരെ പ്രശംസനീയമായ പ്രവർത്തനമാണ് ന്യൂജേഴ്‌സി പ്രൊവിൻസ് കാഴ്ചവെക്കുന്നതെന്നും, ഇപ്പോഴത്തെ ഭരണസമിതിക്കായുള്ള എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യവും, മുൻഗണനയും നൽകിയാകണം സംഘടനകൾ എപ്പോഴും പ്രവർത്തിക്കേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് സീനിയർ മെമ്പറും, ഗ്രേസ് സൂപ്പ് കിച്ചൻ ഡയറക്ടർ ബോർഡ് അംഗവുമായ സോമൻ ജോൺ തോമസ് അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് നേതൃത്വം കൊടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രൻ എടുത്തു പറഞ്ഞു.

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ, സെക്രട്ടറി ഡോ ഷൈനി രാജു , ട്രഷറർ രവി കുമാർ , ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രൻ എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, വിവിധ ഫോറം , അഡ്വൈസറി ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ് , അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ എന്നിവർ ന്യൂജേഴ്‌സി പ്രൊവിൻസ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേർന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment