Flash News

സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം: ചാക്കോ കളരിക്കൽ

February 4, 2021

കെസിആർഎം നോർത്ത് അമേരിക്കയുടെ ഫെബ്രുവരി 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ ടോം ജോസ് തടിയംപാട് ‘സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നതാണ്.

ടോം തടിയംപാട് ഇടുക്കി ജില്ലയിലെ തടിയംപാട് നിന്നും ഇംഗ്ളണ്ടിലെ ലിവർപൂളിലേക്കു കുടിയേറി കുടുംബമായി താമസിക്കുന്നു. നിലവിൽ ഒരു ബസ് കമ്പനിയിൽ ജോലി ചെയ്യുന്ന ടോം സൊഷ്യോളജി ബിരുദധാരിയാണ്. ഒരു മാധ്യമ പ്രവർത്തകനായ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. രാഷ്ട്രീയം, മതം, ചരിത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ ലേഖനങ്ങളായിട്ടും പ്രഭാഷണങ്ങളായിട്ടും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ഈ അടുത്ത കാലത്ത് ‘ബ്രിട്ടീഷ് മലയാളി’ എന്ന മാധ്യമം പ്രസിദ്ധീകരിച്ച, ഒന്നര ലക്ഷത്തോളം വരുന്ന യുകെ മലയാളി സമൂഹത്തിൽ വിവിധ സേവനത്തിലൂടെ സ്വാധീനം ചെലുത്തിയിട്ടുള്ള 100 വ്യക്തികളുടെ ലിസ്റ്റിൽ ടോം തടിയംപാടും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

ടോം ജോസ് തടിയംപാട്

വ്യാപാരമോ (ബിസിനസ്സോ) സംഘടനകളോ (ഓര്‍ഗനൈസേഷനുകളോ) അന്താരാഷ്ട്ര സ്വാധീനം വികസിപ്പിക്കുന്നതിനോ അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോ ഉള്ള പ്രക്രിയയെയാണ് ഗ്ലോബലൈസഷന്‍ അല്ലെങ്കില്‍ ആഗോളവല്‍ക്കരണം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. സീറോ മലബാര്‍ കത്തോലിക്ക സഭയെ ഒരു ആത്മീയ വ്യാപാരമായോ ഒരു ആത്മീയ സംഘടനയായോ, എങ്ങനെ ചിന്തിച്ചാലും, പുറം രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിയവരുടെ പുറകെ സഭാധികാരം വരുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കാനും പണസമ്പാദനത്തിനും വേണ്ടി മാത്രമാണ്. അതിന് അവര്‍ ഉപയോഗിക്കുന്നത് കുടിയേറ്റക്കാര്‍ ‘മാര്‍തോമ പൈതൃകം’ കാത്തുസൂക്ഷിക്കണം എന്ന യുക്തിക്കു നിരക്കാത്ത തുറുപ്പു ചീട്ടാണ്. കാല-ദേശ-ചരിത്ര-സംസ്‌കാരാനുസൃതമായി നൂറ്റാണ്ടുകള്‍ കൊണ്ട് വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേക പൈത്യകത്തെയാണ് റീത്ത് എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ കേരളത്തല്‍ വളര്‍ന്ന, കേരളത്തനിമയായ സീറോ മലബാര്‍ റീത്ത് അല്ലെങ്കില്‍ സീറോ മലബാര്‍ സഭ പാശ്ചാത്യ സംസ്‌കാരത്തിലും ഭാഷയിലും ജനിച്ചു വളരുന്ന കുട്ടികളുടെ പൈതൃകമാകുന്നതെങ്ങനെ? ഒരു പൈതൃകത്തിലെ ഘടകങ്ങള്‍ മറ്റ് ജനതകളില്‍നിന്ന് വേര്‍തിരിക്കുന്നതാകയാല്‍ അത് ആഗോളവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലായെന്ന് മുകളില്‍ പ്രസ്താവിക്കാന്‍ കാരണം.

സഭാമേലധികാരികളും കടുകടുത്ത വിശ്വാസികളും ചേര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് നിര്‍ബന്ധിത പിരിവെടുത്തു പണിയുന്ന ‘മലയാളം പള്ളികള്‍’ അനധിവിദൂര ഭാവിയില്‍ വില്പനയ്ക്കായി കമ്പോളങ്ങളില്‍ എത്തും എന്നതിന് യാതൊരു സംശയവുമില്ല. കാരണം, പാശ്ചാത്യ നാടുകളില്‍ കൊച്ചുകേരളം സൃഷ്ടിച്ച് കേരള ശൈലി, കേരള സംസ്‌കാരം, മാര്‍തോമ പൈതൃകം, സീറോ മലബാര്‍ റീത്ത്, കിഴക്കിന്റെ ദൈവശാസ്ത്രം, കല്‍ദായ ആരാധന ക്രമങ്ങള്‍, മലയാളം കുര്‍ബ്ബാന, മാനിക്കേയന്‍ കുരിശ് എല്ലാം ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല.

പാശ്ചാത്യ ദേശത്തെ സംസ്‌കാരത്തിലും ഭാഷയിലും റീത്തിലും ജനിക്കുന്ന കുട്ടികളെയും യുവാക്കളെയും മറന്നുള്ള കളി പരാജയപ്പെടും. ഉദാഹരണത്തിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ മലയാളികളല്ല. അവര്‍ അമേരിക്കന്‍ പൗരരാണ്. അവര്‍ അമേരിക്കന്‍ പൗരസ്വാതന്ത്ര്യത്തെയും ജീവിത ശൈലികളെയും ആരാധന രീതികളെയും ഭരണസമ്പ്രദായത്തെയും ഇണകളെയും ഇഷ്ടപ്പെടുന്നു. അവര്‍ തലച്ചോറ് പണയം വച്ചവരല്ല. സ്വതന്ത്രചിന്തകരാണ്. അവര്‍ പ്രായപൂര്‍ത്തിയിലെത്തുമ്പോള്‍ മലയാളം പള്ളികളില്‍ കാലുകുത്തുകയില്ല. ദൈവജനമില്ലെങ്കില്‍ എന്തുപള്ളി? അത് മനസ്സിലാക്കാതെ കേരളത്തില്‍ ജനിച്ച മാതാപിതാക്കളുടെ സന്തോഷത്തിനായി ഇന്ന് പണിതുകൂട്ടുന്ന പള്ളികള്‍ നാളെ പൂട്ടിപ്പോകും. റീത്തു ഭ്രാന്തന്മാരും അവസരവാദികളും ഡോളറില്‍ നോട്ടം വച്ചിരിക്കുന്നവരുമായ സഭാമേലധികാരികളുടെ കുതന്ത്രത്തില്‍ പെടാതിരിക്കണമെങ്കില്‍ മക്കളോടൊരു കരുതല്‍ ഉണ്ടാകണം. അവരെ സ്വതന്ത്ര വ്യക്തികളായി വളര്‍ത്താന്‍ നമ്മള്‍ കടപ്പെട്ടവരാണ്. ലത്തീന്‍ റീത്തും പാശ്ചാത്യ സംസ്‌കാരവും മോശമാണെന്ന് ഇന്ന് നമ്മളോട് പ്രസംഗിക്കുന്ന മലയാളി അച്ചന്മാര്‍ നാളെ നമ്മളുടെ മക്കളെവച്ച് വിലപേശുമെന്നും തക്കം നോക്കി നമ്മളോടവര്‍ പകരം വീട്ടുമെന്നും തിരിച്ചറിയണം.

പോളണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഐര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്നും പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവര്‍ അവരുടെ നാട്ടിലെ ഭാഷയും സംസ്‌കാരവുമെല്ലാം ദത്തെടുത്ത രാജ്യത്ത് നിലനിര്‍ത്താന്‍ പരിശ്രമിച്ചു. ഒരുകാലത്ത് പോളിഷ് പള്ളികളും ഐറിഷ് പള്ളികളും ജര്‍മന്‍ പള്ളികളുമെല്ലാം പണിതുകൂട്ടി. ഇപ്പോള്‍ ആ പള്ളികളെല്ലാം അമേരിക്കയിലെ ഇംഗ്ലീഷ് പള്ളികള്‍! വിശ്വാസികളില്ലാത്തതിനാല്‍ ആ പള്ളികള്‍ പോലും പൂട്ടിപ്പോകുന്നു. ചരിത്രത്തില്‍നിന്ന് നാം പഠിക്കണം. കാലത്തിന്റെ ഭാവപ്പകര്‍ച്ചകളെ നാം തിരിച്ചറിയണം.

കാര്യപ്രസക്തമായ ഇത്തരം നിലപാടുകളെയും വിമര്‍ശനത്തെയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സഭാധികാരികള്‍ നമുക്ക് പാരയാണ്. കൊച്ചു കേരളങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്‍ക്കില്ല. പണിയെടുത്ത് പണം നേടുന്ന നമ്മള്‍ മക്കളെ പഠിപ്പിച്ചു പറപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്.

സഭയുടെ ഒത്താശയില്ലാതെ സ്വപരിശ്രമം കൊണ്ട് വിദേശത്തേക്ക് കുടിയേറിയവരുടെ പുറകെ വന്ന് നടത്തുന്ന വൈദിക ചൂഷണ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ ഒരു ചര്‍ച്ച ഇന്ന് അനിവാര്യമായിരിക്കുകയാണ്. ടോം തടിയംപാട് അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തെ ആധാരമാക്കി ഈ വിഷയത്തെ സംബന്ധിച്ച് കാര്യമാത്രപ്രസക്തമായ ഒരു വിശകലനം നടത്തുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്ന് ആ യോഗത്തില്‍ സംബന്ധിക്കുന്നവര്‍ വിവരദായകമായ ഒരു ചര്‍ച്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 10 ബുധനാഴ്ചത്തെ സൂം മീറ്റിംഗില്‍ സംബന്ധിക്കാന്‍ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പ്രത്യേകിച്ച് ഓസ്ട്രേലിയ, കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ ഇതില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൂം മീറ്റിംഗിന്റെ വിവരങ്ങൾ:

Date and Time: February 10, 2021, 09:00 PM Eastern Standard Time (New York Time)

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top