ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഷിക്കാഗോ: ഇന്ത്യയിൽ ഇന്ന് 72 ദിവസത്തിലേറെ 250 മില്യൻ കർഷകരെ ദോഷകരമായി ബാധിക്കുന്ന നിയമത്തെ എതിർത്തുകൊണ്ട് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കഠിനാധ്വാനം നടത്തി ജീവിതമാർഗം കണ്ടെത്തുന്ന ഇന്ത്യയുടെ നട്ടെല്ലായ കർഷകർ ഉത്പാദിപ്പിക്കുന്ന വിളവ് അംബാനി, അദാനി എന്നീ മുതലാളിമാരിലൂടെ മാത്രമേ വിൽപ്പന നടത്താൻ സാധിക്കൂ എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നിയമത്തെ കർഷകർ ശക്തമായി എതിർക്കുന്നു.

പാവപ്പെട്ട കർഷകരുടെ ഉത്പാദനത്തിന് സര്‍ക്കാര്‍ താങ്ങുവില നൽകാതെ ഇടനിലക്കാർക്ക് വിൽക്കുവാൻ സാധിക്കാതെ വഴിമുട്ടി നിൽക്കുന്ന അവസരത്തിൽ ഇത് വൻകിട മുതലാളിമാര്‍ക്കു മാത്രമേ വിൽക്കുവാൻ സാധിക്കൂ എന്ന നിയമം കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണ്. ഇത്തരം പുതിയ നിയമത്തെ എന്തു വിലകൊടുത്തും എതിർക്കേണ്ടതാണ്.

72 ലേറെ ദിവസങ്ങളായി ഡൽഹിയിലെ കൊടുംതണുപ്പിൽ കർഷകർ നടത്തുന്ന നിരന്തരമായ സമരത്തിന് യാതൊരു കൂസലുമില്ലാതെ പുറംതിരിഞ്ഞു നിൽക്കുന്ന മോഡി സര്‍ക്കാര്‍ സമരത്തെ ഒത്തുതീർപ്പാക്കാതെ ഇരിക്കുന്ന നടപടി തികച്ചും അപലപനീയമാണ്. കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ഈ കരിനിയമം എത്രയും വേഗം നിർത്തലാക്കണമെന്നും കർഷകരെ ഇതിൽ നിന്ന് മുക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യായമായ സമരത്തിന് മലയാളി അസോസിയേഷൻ എല്ലാവിധ പിന്തുണയും നൽകുന്നു.

പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ടു, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറർ ഷാബു മാത്യു, സീനിയർ സിറ്റിസൺ പ്രതിനിധി ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, യൂത്ത് പ്രതിനിധി കാൽവിൻ കവലയ്ക്ക്ൽ എന്നിവരും ബോർഡ് അംഗങ്ങളും യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

Print Friendly, PDF & Email

Related News

Leave a Comment