ചരിത്രം പഠിക്കാത്തവരുടെ വിരട്ടല്‍ ക്രൈസ്തവരോട് വേണ്ട: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഈ നാടിന്റെ ചരിത്രം പഠിക്കാത്തവരുടെയും സംസ്‌കാരം ഉള്‍ക്കൊള്ളാത്തവരുടെയും വിരട്ടല്‍ ക്രൈസ്തവരോടു വേണ്ടെന്നും ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവരെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അപക്വമായ സമീപനങ്ങളും പ്രതികരണങ്ങളും നികത്താനാവാത്ത പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. പറയുന്ന വാക്കുകള്‍ തിരിച്ചെടുക്കാനാവാത്ത സാമൂഹ്യ മാധ്യമ ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്നുള്ളത് ഇക്കൂട്ടര്‍ മറക്കരുത്. പലപ്പോഴും ക്രൈസ്തവ സമൂഹം നിശബ്ദരാകുന്നത് നിഷ്‌ക്രിയത്വമായി ആരും കാണേണ്ട.

രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം വിതയ്ക്കുന്നവര്‍ ഈ നാടിന്റെ സ്‌നേഹ സംസ്്കാരത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നത്. വര്‍ഗീയ വിഷം ചീറ്റി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, പ്രീണന രാഷ്ട്രീയത്തിന്റെ അവതാരങ്ങളായി രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ അധഃപതിച്ചിരിക്കുന്ന അപചയം സാക്ഷര സമൂഹത്തിന് അപമാനമാണ്.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധമാണ്. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരവും ക്ഷേമപപദ്ധതികള്‍ നിയമങ്ങളിലൂടെയുള്ള അവകാശവുമാണ്. ആരുടെയും ഔദാര്യമല്ല. ഈ അവകാശങ്ങള്‍ അട്ടിമറിച്ച് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ആരെതിര്‍ത്താലും തുടരുകതന്നെ ചെയ്യും.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് ഡയറക്ടറിന്റേതായി വന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയല്ല, സര്‍ക്കാര്‍ ഖജനാവിലെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണെന്നുള്ളത് ഓര്‍മിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഒരു മതവിഭാഗത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല. സച്ചാര്‍, പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍വേണ്ടി മാത്രമുള്ളതാണെങ്കില്‍ സര്‍ക്കാര്‍ ഈ വകുപ്പിന്റെ പേരു മാറ്റണം.

സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ഒരു ഔദാര്യവും ആനുകൂല്യവും ക്രൈസ്തവരുള്‍പ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ട. അതേസമയം, ന്യൂനപക്ഷത്തിന്റെ പേരില്‍ ഒരു മതവിഭാഗം സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ലെന്നും സംസ്ഥാന ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ തുല്യ നീതി നടപ്പിലാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News