അമേരിക്കൻ മലയാളി വൈദികരുടെ തൊഴിലും വേതനവും: ചാക്കോ കീരിക്കാടൻ

പൗരോഹിത്യ ശുശ്രുഷ (കുർബാന ചൊല്ലുന്നതും, കുമ്പസാരിപ്പിക്കുന്നതും, കൂദാശ കർമ്മങ്ങൾ നിർവഹിക്കുന്നതുമൊക്കെ) ഒരു സേവനമാണോ, അതോ കൂലി ലഭിക്കേണ്ട ഒരു തൊഴിലാണോ? സേവനമാണെങ്കിൽ പിന്നെ വിശ്വാസികളിൽ നിന്ന് പ്രതിഫലം സ്വീകരിക്കരുത്. മറിച്ച്‌ ഇത് ഒരു തൊഴിലാണെങ്കിൽ, കുർബാന തൊഴിലാളികൾ എന്ന നിലയ്ക്ക് അവർ എന്ത് കൊണ്ടും വേതനത്തിന് അർഹരാണ്. ഇവിടെ ഒരു കാര്യം, സേവനമായോ തൊഴിലായോ എങ്ങനെ ഇതിനെ കണ്ടാലും, അമേരിക്കയിലെത്തുന്ന ഒരു മലയാളീ വൈദികന് ജീവിക്കാനാവശ്യമായ ഒരു വരുമാനം ഉണ്ടാവണമെന്ന കാര്യത്തിൽ തർക്കമില്ല. ആ വരുമാനം ഇടവകയിൽ നിന്ന് തന്നെ ലഭിക്കണോ അതോ പൗരോഹിത്യ സേവനങ്ങൾക്ക് ശേഷം മിച്ചമുള്ള സമയം മറ്റെന്തെങ്കിലും ജോലി ചെയ്ത് അവർ നേടണോ എന്നതാണ് ഇവിടെ തർക്ക വിഷയം. അമേരിക്കയിലെത്തുന്ന വൈദികർക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള ധാരാളം അവസരങ്ങൾ ഇവിടെ ഉണ്ട്. അതിനുള്ള സമയവും അവർക്കുണ്ട്. അവർ പലരും വിദ്യാസമ്പന്നരുമാണ്. പക്ഷെ അങ്ങനെ അദ്ധ്വാനിച്ച്‌, ബൈബിൾ ഉദ്ധരിച്ച്‌ പറഞ്ഞാൽ, നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കാനുള്ള മനസ്സ് ഉണ്ടോ എന്നതാണ് ചോദ്യം. അങ്ങനെ മനസ്സുള്ള ചില ഒറ്റപ്പെട്ട വൈദികരുടെ കഥകൾ ഇപ്പോൾ കേട്ടുതുടങ്ങിയിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. എന്നാൽ ഇങ്ങനെ ജോലി ചെയ്യുന്ന വൈദികർ എല്ലാവരും ഇടവകയിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാറില്ല. അവർക്ക് ജോലിചെയ്ത് ലഭിക്കുന്നത് ഒരു എക്സ്ട്രാ വരുമാനം. അത്രമാത്രം. എങ്കിലും വൈദിക വൃത്തിക്ക് പുറമെ മറ്റൊരു ജോലിചെയ്യാനും വരുമാനം നേടാനും അവർക്ക് ഒരു മനസ്സ് ഉണ്ട് എന്നതിനെയാണ് അംഗീകരിക്കേണ്ടത്. അമേരിക്കയിലെ മലയാളീ വൈദികർക്ക് എളുപ്പത്തിൽ ലഭിക്കുന്നതും കൂടുതൽ പേർ ചെയ്യുന്നതും ചാപ്ലെയിൻ ജോലിയാണ്. കാര്യമായ പണിയൊന്നും ഇല്ല. ഹോസ്പിറ്റൽ, ജയിൽ, നഴ്സിംഗ് ഹോം എന്നിവിടങ്ങളിലാണ് ജോലി. ഇത്തരം സ്ഥാപനങ്ങളിൽ ചെല്ലുക, രോഗികളെ കാണുക, ഇച്ചരെ പ്രാർത്ഥിക്കുക, ഇച്ചരെ ആശ്വസിപ്പിക്കുക, ഇച്ചരെ ആത്മീയ ഉണർവ് നൽകുക ഇതൊക്കെയേയുള്ളൂ പണി. കാര്യമായി നെറ്റി വിയർക്കുകയൊന്നുമില്ല. ഈ സ്ഥാപനങ്ങൾ തന്നെയാണ് ഇവർക്ക് ശമ്പളം നൽകുന്നതും. ഇങ്ങനെ രണ്ടും മൂന്നും ഹോസ്പിറ്റലുകളിൽ ചാപ്ലയിൻ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വൈദികരുമുണ്ട്. അങ്ങനെയുള്ള വൈദികരിൽ ഒരാൾ നാട്ടിൽ ഒരു കോടി രൂപയുടെ വീട് വെച്ചതും നമുക്കറിയാം. വല്ലപ്പോഴും ഒരിക്കൽ നാട്ടിൽ പോകുന്ന വൈദികനെന്തിനാ ഒരു കോടി രൂപയുടെ വീട് എന്നൊന്നും ചോദിക്കരുത്.

പൊതുവെ അമേരിക്കയിലെത്തുന്ന മലയാളി വൈദികർ പറയുന്ന ഒരു പരാതിയാണ് അവരുടെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഏകാന്ത ജീവിതം. സുഹ്രത്തായ ഒരു വൈദികൻ നേരിട്ട് പറഞ്ഞ വാക്കുകൾ ആവർത്തിച്ചാൽ, ” ആഴ്ചയിൽ അഞ്ച് ദിവസം ഒരു ജയിലിൽ കിടക്കുന്ന അവസ്ഥയാണ്”. പൊതുവെ ജോലിയും വീട്ടുകാര്യങ്ങളും മക്കളുടെ നൂറുകൂട്ടം ആക്ടിവിറ്റീസുകളുമായി ഇവിടെ ഇടദിവസങ്ങളിൽ ആരും പള്ളിയിൽ പോകാറില്ല. പിന്നെ അച്ചന്മാർക്ക് മനുഷ്യരെ ആരെയെങ്കിലും കാണണമെങ്കിൽ ശനിയും ഞായറും ആകണം. ഈ ഇടദിവസങ്ങളിൽ രാവിലെ ഒരു 45 മിനുട്ടിന്റെ കുർബാന ചെല്ലിയാൽ അന്നത്തെ പണി കഴിഞ്ഞു. അത് പോലും ചെയ്യുന്നുണ്ടോയെന്ന് ആരും ചെന്ന് അന്വേഷിക്കാറുമില്ല. ഭക്ഷണം പോലും അവർക്ക് ഉണ്ടാക്കേണ്ടി വരാറില്ല. അത് സമയാസമയങ്ങളിൽ അവരുടെ ഫ്രിഡ്ജിൽ നിറക്കാൻ അതി തീവ്ര ഫീമെയിൽ വിശ്വാസിനികൾ സദാ ജാഗരൂകരായുണ്ട്. താമസം ഫ്രീ. ഭക്ഷണം ഫ്രീ. പിന്നെ ശമ്പളം. ഇതിനും പുറമെ മാമോദീസ, വീട് വെഞ്ചിരിപ്പ്, അടിയന്തിരം തുടങ്ങിയ ചടങ്ങുകൾക്കെല്ലാം ലഭിക്കുന്ന അഡീഷണൽ കൈമടക്ക് വരുമാനം. പിന്നെന്തിന് ഒരു വൈദികൻ മറ്റ് ജോലികൾക്ക് പോകണം. വെറുതെയിരുന്ന് ബോറടിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞ ഒരു വൈദികനോട്, ഇടവകയിലെ ഗ്യാസ് സ്റ്റേഷൻ നടത്തുന്ന ഒരാൾ പറഞ്ഞു. അച്ചന് വെറുതെ ഇരുന്ന് മടുക്കുന്നെങ്കിൽ ഒരു കാര്യം ചെയ്യൂ. ഇടദിവസങ്ങളിൽ എന്റെ ഗ്യാസ് സ്റ്റേഷനിൽ വന്നോളൂ. ആളുകളെയും കാണാം. ടൈം പാസും ആകും. കൂടാതെ മണിക്കൂറിന് 12 ഡോളർ ഞാൻ ശമ്പളവും തരാം. എനിക്ക് അതൊരു ഉപകാരവും ആകും. അച്ചന് അതൊരു അഡീഷണൽ വരുമാനവും ആകും. പിന്നെ സംഭവിച്ചത് എന്താണെന്നു പറഞ്ഞാൽ അച്ചന്റെ കയ്യിൽ തോക്കില്ലാതിരുന്നത് കൊണ്ട് അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നെ പറയാൻ കഴിയൂ.

ഒരു പള്ളി നടത്തികൊണ്ട് പോകാൻ തന്നെ വിശ്വാസികൾക്ക് ഭാരിച്ച ചിലവുണ്ട്. ഈ പണം മുഴുവനും വിശ്വാസികൾ ഓരോ വർഷവും സംഭാവനയായി നൽകണം. നാട്ടിലുള്ളത് പോലെ ഓരോ ഇടവകക്കും സ്കൂളും, ഷോപ്പിംഗ് മാളുകളും റബർ തോട്ടവുമൊന്നും ഇവിടില്ല. ഇങ്ങനെ ഒരു പള്ളി സ്ഥലം വാങ്ങി പണിയാനും അത് നടത്തികൊണ്ട് പോകാനുമുള്ള ഭാരിച്ച ചിലവുകളോടൊപ്പമാണ് ഒരു വൈദികന്റെ സാമ്പത്തിക ഭാരം കൂടി വിശ്വാസി ചുമക്കേണ്ടത്.

വിശ്വാസി അവന്റെ വിശ്വാസ സംരക്ഷണത്തിനായ് എത്ര വലിയ ഭാരവും ചുമക്കാൻ തയ്യാറാണെന്ന് നമുക്കറിയാം. അവരെ അങ്ങനെയാണ് ചെറുപ്പം മുതലേ പരിശീലിപ്പിച്ചിരിക്കുന്നതും. പക്ഷെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ അവരുടെ നടുവൊടിക്കുമ്പോൾ എന്താണ് വിശ്വാസിയുടെ മുന്നിലുള്ള മാർഗ്ഗം. ഒന്നുകിൽ പള്ളിയിൽ നിന്ന് അകലം പാലിക്കുക. അമേരിക്കൻ വിശ്വാസികൾ ഇത് നേരെത്തെ ചെയ്തത് കൊണ്ടാണ് ആയിരകണക്കിന് പള്ളികൾ ഇവിടെ പൂട്ടികിടക്കുന്നതും, നമ്മൾ കേരളത്തിൽ നിന്ന് കുടിയേറുന്നവർക്ക് അവ വാങ്ങി മലയാളം പള്ളികളും ക്ഷേത്രങ്ങളുമാക്കി മാറ്റാൻ സാധിക്കുന്നതും. ( ഈ കുറിപ്പ് എഴുതുന്ന ലേഖകന്റെ സംസ്ഥാനത്ത് 44 പള്ളികളാണ് പൂട്ടികിടക്കുന്നത്. അതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് വന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ വാങ്ങി മലയാളം പള്ളികൾ ആക്കുകയും ഒരെണ്ണം ക്ഷേത്രം ആകുകയും ചെയ്തു). പിന്നെ രണ്ടാമത്തെ കാര്യം ആർഭാടങ്ങൾ ചുരുക്കി പള്ളിയുടെ നടത്തിപ്പ് ചിലവ് കുറക്കുക. അങ്ങനെയാകുമ്പോൾ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഒത്തു ചേരാനെങ്കിലും, ആളുകൾ ഈ പള്ളികളെ നിലനിർത്താൻ താത്പര്യം കാണിക്കും. ഒന്നോർക്കുക, കുർബാന കാണാൻ മാത്രമാണെങ്കിൽ, ലോകത്തിലെ ഏത് ഭാഷയിലുമുള്ള കുർബാന വീട്ടിലിരുന്ന് കൊണ്ട് സൂമിൽ കാണാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

വൈദികരുടെ ഈ ശമ്പള കാര്യം മുമ്പും ചർച്ചയായിട്ടുണ്ട്. എന്നാൽ ഇന്ന് ഈ വിഷയം കൂടുതൽ പ്രസക്തമാകുന്നത്, ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലമാണ്. കോവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം മലയാളി സമൂഹത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുകിട റെസ്റ്റോറന്റ്, കാറ്ററിങ് ബിസിനസ് ചെയ്തിരുന്നവർ. ഒരു വർഷം നഷ്ടപെട്ട ബിസിനെസ്സ് പലരുടെയും നടുവൊടിച്ചിരിക്കുന്നു. ജോലി നഷ്ടപ്പെട്ടവർ. വർക്ക് അവേഴ്സ് കുറഞ്ഞവർ. പല കമ്പനികളും pay cut നടപ്പിൽ വരുത്തി കഴിഞ്ഞു. അങ്ങനെ വരുമാനത്തിൽ ഗണ്യമായ കുറവുവന്നവർ. പലരും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പുറമെ അറിയിച്ചെന്ന് വരില്ല. അതിനർത്ഥം എല്ലാം ഭംഗിയായി പോകുന്നുവെന്നല്ല. അവിടെയാണ് ആരാധനാലയങ്ങളുടെ സാമ്പത്തിക ഭാരം ചർച്ചയാവുന്നത്. ദൈവങ്ങളുടെ ഇടനിലക്കാരുടെ അമിത ഭാരവും……!!

Print Friendly, PDF & Email

Related News

Leave a Comment