ആറു വയസ്സുകാരന്‍ മകനെ കൊന്ന് റിമാന്റില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്

പാലക്കാട്: മനോവൈകല്യമാണെന്ന് നാട്ടുകാരും അതല്ല ദൈവപ്രീതിയ്ക്കായാണ് ആറു വയസ്സുള്ള സ്വന്തം മകനെ മാതാവ് കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് അതൊന്നും വിശ്വസിച്ചിട്ടില്ല. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന മാതാവ് ഷഹീദയെ (32) കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനായി ബുധനാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലക്കാട് നഗരസഭാ പരിധിയിൽ പുതുപ്പള്ളി തെരുവ് പൂളക്കാട് സുലൈമാന്‍-ഷാഹിദ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനായ ആമിലിനെയാണ് മാതാവ് കഴുത്തറുത്തു കൊന്നത്.

ഭർത്താവിന്റെ മാനസികമായ പ്രശ്‌നങ്ങൾ മൂലമാണ് ഷാഹിദ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. അതേസമയം, മതപരമായ ആഭിചാര പ്രക്രിയയുടെ ഭാഗമായാണ് കൊലപാതകമെന്നും പറയപ്പെടുന്നു. എന്നാൽ, പോലീസ് ഔദ്യോഗികമായി വിവരങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതി നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കോവിഡ് പരിശോധന നടത്തേണ്ടതിനാൽ കസ്‌റ്റഡിയിൽ ലഭിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന പുതുപ്പള്ളിത്തെരുവ് പൂളക്കാട്ടെ വീട്ടിൽ അന്വേഷണസംഘം തിങ്കളാഴ്‌ച പരിശോധന നടത്തി.

കത്തിയിലെ രക്‌തം തുടക്കാൻ ഉപയോഗിച്ച തുണി, യുവതി ഉപയോഗിച്ച രക്‌തം പുരണ്ട വസ്‌ത്രം, കുട്ടിയുടെ കാലുകൾ കെട്ടിയിടാൻ ഉപയോഗിച്ച കയറിന്റെ ബാക്കിഭാഗം എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊലപാതകം നടത്തിയത് മാതാവ് തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും കാരണങ്ങൾ സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുകയാണ്.

ദൈവപ്രീതിക്കായി നടത്തിയ കൊലപാതകമാണെന്ന യുവതിയുടെ മൊഴി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മനോവൈകല്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. എന്നാൽ അവരുടെ സംസാരത്തിലോ ഭാവഭേദങ്ങളിലോ അത് പ്രകടമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലാക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ മകൻ ആമിൽ ഇഹ്‌സാൻ എന്ന ആറുവയസുകാരനെ ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് മാതാവ് ഷാഹിദ കഴുത്തറുത്ത് കൊന്നത്. സംഭവത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് ഒരാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തെ മുഴുവൻ നടുക്കിയ ക്രൂര കൊലപാതകത്തിന്റെ വഴി അന്വേഷിക്കുകയാണ് പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ഷാഹിദക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് അംഗീകരിക്കുന്നില്ല. പുതുപ്പള്ളി തെരുവിലെ മദ്രസത്തുൽ ഹുദാ ഇസ്‌ലാമിക് സെന്ററിൽ 6 വർഷത്തോളം അധ്യാപിക ആയിരുന്നു പ്രതി ഷാഹിദ.

ലോക്ക്ഡൗൺ കാലത്ത് അധ്യാപനത്തിന് പോയിട്ടില്ലാത്ത ഷാഹിദ ഈ സമയം മതപരമായ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ സജീവമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ട് പോയെന്നാണ്‌ പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന മത പുസ്‌തകങ്ങളും മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷാഹിദയുടെ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. കുട്ടിയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം, കുഞ്ഞിനെ കൊല്ലാൻ കത്തി വാങ്ങിയത് ഭർത്താവ് സുലൈമാനാണെന്ന് പോലീസിന് മൊഴി ലഭിച്ചു. ഷാഹിദ ആവശ്യപ്പെട്ടിട്ടാണ് താൻ കത്തി വാങ്ങിയതെന്ന് സുലൈമാൻ സമ്മതിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment