അമേരിക്കയും ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജൊ ബൈഡന്‍

വാഷിംഗ്ടണ്‍: ചൈനയുമായി വിവിധ തലങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫെബ്രുവരി 8 ന് നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്ത കാലത്ത് ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചത് ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

ഈസ്റ്റ് ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ 9 മാസമായി നിലനില്‍ക്കുന്ന ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥക്ക് ഒരു ശമനം ഉണ്ടാകണമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിന്റെ ഭരണത്തില്‍ വഷളായ അമേരിക്കന്‍ ചൈന ബന്ധം വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ബൈഡനും മോദിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രണ്ടു രാജ്യങ്ങളും ആഗോള വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും പ്രത്യേകിച്ചു പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവില്‍ ന്യുക്ലിയര്‍ ഉടമ്പടിയില്‍ അന്ന് സെനറ്ററായിരുന്ന ജൊ ബൈഡനായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യ പസഫിക്ക് മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാ ബദ്ധമാണെന്നും ജൊ ബൈഡന്‍ പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment