Flash News

പ്രണയ ദിനം ആഘോഷമാക്കാൻ ആദ്യ ഗാനവുമായി ടീം ‘സാല്‍മണ്‍ ത്രി ഡി’

February 10, 2021 , സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനെത്തുന്ന സാല്‍മണ്‍ ത്രി ഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്.

പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനത്തിന് നൃത്തസംവിധായകന്‍ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവെയ്പുകളാണ് അകമ്പടി സേവിക്കുന്നത്. ലണ്ടനില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് കൊച്ചിയില്‍ മിക്‌സിംഗ് നിര്‍വഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെല്‍വനും ചേര്‍ന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്.

ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ഇതേ രീതിയില്‍ പ്രതികൂല അന്തരീക്ഷം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടില്‍ പോയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ സര്‍പ്രൈസിലൂടെയാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായി കഥ സര്‍പ്രൈസ് ത്രില്ലറായി പുരോഗമിക്കുമ്പോള്‍ പ്രേക്ഷകരും അക്ഷരാര്‍ഥത്തില്‍ അത്ഭുതത്തിന്റെ കൊടുമുടി കയറുന്ന വിധത്തിലാണ് ഷലീല്‍ കല്ലൂര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കേരളത്തിന് പുറമേ ദുബൈ, മലേഷ്യ, റാമോജി ഫിലിം സിറ്റി, കുളു, മണാലി എന്നിവിടങ്ങളിലാണ് എട്ട് ഷെഡ്യൂളുകളിലായി സാല്‍മണ്‍ ചിത്രീകരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ഗായകന്‍ വിജയ് യേശുദാസാണ് സാല്‍മണിലെ പ്രധാന കഥാപാത്രമായ സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാഖ്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്‌സ്വാള്‍, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്‌റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, അഫ്‌റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും അഭിനയിക്കുന്നു.

രാഹുല്‍ മേനോനാണ് ക്യാമറ. ജീമോന്‍ പുല്ലേലിയാണ് ത്രി ഡി സ്റ്റീരിയോസ്‌കോപിക് ഡയറക്ടറും ഷിജിന്‍ മെല്‍വിന്‍ ഹട്ടണ്‍ സൗണ്ട് ഡിസൈനറുമാമ്. വിനസ്‌ക്‌സ് വര്‍ഗ്ഗീസ് ത്രി ഡി സ്റ്റീരിയോസ്‌കോപ് സൂപ്പര്‍വൈസറും ജീമോന്‍ കെ പൈലി (കുഞ്ഞുമോന്‍) ത്രി ഡി സ്റ്റീരിയോഗ്രാഫറുമാണ്. സൂരജ് എം കെയാണ് ക്രിയേറ്റീവ് വി എഫ് എക്‌സ് ഡയറക്ടര്‍. ഫസല്‍ എ ബക്കര്‍ റീ റിക്കോര്‍ഡിംഗ് മിക്‌സറും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ദിനേഷ് നായര്‍ മുംബൈ പ്രൊജക്ട് ഡിസൈനറും പ്രദീപ് എം വി കലാസംവിധായകനുമാണ്. സുധീര്‍, എമിലിന്‍ പിഗരസ്, റിതു എ ആര്‍, നമിത, ബേനസീര്‍ ആസിഫ്, ഷാദ ജില്‍ദ, റസീന ഹാരിസ്, ഷീബ മേരി ജോസഫ് എന്നിവര്‍ കോസ്റ്റിയൂം ഡിസൈന്‍ നിര്‍വഹിച്ച സാല്‍മണിന്റെ കോസ്റ്റിയൂം ടീം ടിന്റ്‌സ് ആന്റ് ടോണ്‍സുമാണ്. സലീഷ് ഗോപാല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയും പ്രദീപ് ബാലകൃഷ്ണന്‍ ഡിസൈനും നിര്‍വഹിച്ച സാല്‍മണില്‍ ബ്രൂസ്‌ലി രാജേഷാണ് സംഘട്ടനം കൈകാര്യം ചെയ്തത്. സുധി സുരേന്ദ്രനാണ് മേക്കപ്പ്. ആര്‍ ഗോവിന്ദരാജാണ് തമിഴ് വിവര്‍ത്തനം.

വിജിത്ത് ഫെയിം ചീഫ് അസോസിയേറ്റ് ഡയറക്ടറും ആസിഫ് കുറ്റിപ്പുറം, ജയേഷ് വേണുഗോപാല്‍, അഭിലാഷ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരുമാണ്. ഹാരിഫ് ഒരുമനയൂര്‍ പ്രൊജക്ട് കോര്‍ഡിനേറ്ററും (എം ജെ എസ്) ഡോ. അനസ് കെ എ പ്രൊജക്ട് സപ്പോര്‍ട്ടിംഗും പ്രസാദ് വര്‍ക്കല മിഡില്‍ ഈസ്റ്റ് മാനേജരും (എം ജെ എസ്) ആണ്. കി എന്റര്‍ടെയ്ന്‍മെന്റ്‌സ് അനന്തപത്മനാഭ ഭട്ട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും മുഷ്ത്താഖ് റഹ്മാന്‍ ലൈന്‍ പ്രൊഡ്യൂസറു(എം ജെ എസ്)മാണ്. എ എസ് ദിനേശ്, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, നിര്‍മല്‍ ബേബി വര്‍ഗ്ഗീസ് എന്നിവരാണ് വാര്‍ത്താ വിതരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top