Flash News

തെരഞ്ഞെടുപ്പു പനിയിൽ പിച്ചും പേയും പറയുന്ന ഉമ്മൻ ചാണ്ടി!

February 10, 2021 , ജോർജ് നെടുവേലിൽ (ഫ്ലോറിഡ)

ചെറുപ്പകാലത്ത് – എഴുപതുവർഷം മുമ്പ് – പ്രായമായവർ പലപ്പോഴും പറഞ്ഞു തന്നിട്ടുള്ള ഒരു ഉപദേശമുണ്ട്, “മേൽച്ചേരിക്കും കീഴ്ചേരിക്കും എന്തും ആകാം, ഇടച്ചേരിക്കാണ് ഒന്നും പാടില്ലാത്തത്.” ആ ഉക്തിക്കു ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സമാനമായ ഒരു നിരീക്ഷണം, പ്രായവും പഠിത്തവും പ്രാപിച്ചപ്പോൾ നാം നടത്തിയിട്ടുണ്ടാവും. “രാഷ്ട്രീയക്കാർക്കും മതമേലാളന്മാർക്കും എന്തും ആകാം, രണ്ടിലും പെടാത്തവർക്കാണ് പെടാപ്പാട്.” രണ്ടു പരിതസ്ഥിയിലും സമുദായത്തിലെ ബഹുഭൂരിപക്ഷമാണ് അവശത അനുഭവിക്കുന്നത് എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കുന്നു!

മുഖക്കുറിയായി ഇത്രയും കുറിക്കാൻ പ്രേരകമായത് അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഏതാനും വർഷങ്ങളായി വാല്മീകത്തിലായിരുന്ന ചില രാഷ്ട്രീയ മേലാളന്മാർ ഉളുപ്പില്ലാതെ നടത്തുന്ന പ്രസ്താവങ്ങളാണ്. മതമേലാളന്മാരെയും, മറ്റനേകം രാഷ്ട്രീയ മേലാളന്മാരെയും തൽക്കാലം മാറ്റിനിറുത്താം. പൊടുന്നനവെ താരമായി പരിവേഷം കെട്ടപ്പെട്ടിരിക്കുന്ന ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ ഒന്നുരണ്ടു പ്രസ്താവങ്ങളുടെ നിജസ്ഥിതിയെ നമുക്ക് വിലയിരുത്താം?

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയിരുന്നപ്പോൾ തുടങ്ങിയ പഞ്ചവത്സര പദ്ധതി ഇന്ന് ഭാരതം ഉപേക്ഷിച്ചിരിക്കുന്നു. എങ്കിലും അഞ്ചു വർഷത്തിലൊരിക്കൽ, നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭൂമികയായി കേരളത്തിലെ പ്രധാന രാഷ്ടട്രീയ പാർട്ടികൾ മുടങ്ങാതെ അരങ്ങേറ്റുന്ന ഒരു ചടങ്ങുണ്ട്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള ജനജാഥ! വരാൻപോകുന്ന, വാശിയും വൈരാഗ്യവും നിറഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നോടിയാണത്. തെരഞ്ഞെടുപ്പിന്റെ ശംഖു വിളിയെന്നോ, കാഹളനാദമെന്നോ, കുഴലുത്തെന്നോ എന്തുവേണമെങ്കിലും ആർക്കും അതിനെ വിശേഷിപ്പിക്കാം. പക്ഷെ, തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം ജാഥയോടുകൂടിയായിരിക്കണമെന്നതിന് മാറ്റമില്ല.

മധുര, മനോഹര, മോഹന വാഗ്‌ദാനങ്ങൾ കൊണ്ട് അത്യന്തം ആകർഷണീയമാക്കിയ പുതുപുത്തൻ പേരുകളുമായാണ് ഈ ജാഥകൾ തെരുവിലിറങ്ങുന്നത്. “സത്യവും വിശ്വാസവും പറക്കടിയിൽ മൂടിവയ്ക്കാനുള്ളതല്ല” എന്നാണല്ലോ ന്യായാധിപൻ സിറിയക്ക് ജോസഫ് നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ട്, മൂടിവയ്ക്കാതെ ഒരു സത്യം പറയട്ടെ? മധുരമനോഹര മോഹന സംജ്ഞകളുമായി പൊതുജനമെന്ന കഴുതകളെ രാഷ്ട്രീയ വേതാളങ്ങൾ സമീപിക്കുന്നു! ഇളം പ്രായത്തിൽത്തന്നെ മസ്തിഷ്ക്കപ്രക്ഷാളനം നടത്തപ്പെട്ട വിശ്വാസികളെന്ന അടിമ പറ്റങ്ങളെ ധ്യാനക്കച്ചവടക്കാർ വളയുന്നു! കോവിഡ് വന്നപ്പോൾ ധ്യാനകേന്ദ്രങ്ങളിൽ ഒളിപ്പിച്ചു വച്ചിരുന്ന ദൈവങ്ങൾ ജീവനും കൊണ്ടോടി! ദൈവങ്ങളെ “ദേവാലയങ്ങളിൽ” ഒളിപ്പിച്ചിരുന്ന ആൾദൈവങ്ങൾ മാളങ്ങളിൽ ഒളിച്ചിരുന്ന് മുറുമുറുക്കുന്നു! മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നു! പരിശുദ്ധാന്മാവിനെ കൂട്ടുപിടിക്കുന്നു! ന്യായീകരണങ്ങൾ അവതരിപ്പിക്കുന്നു!

ഇതിനിടയിൽ, തോറ്റ കക്ഷിയുടെ നേതാവായി വിലസിയിരുന്ന രമേശ് ചെന്നിത്തല, മലയാളം മൊഴിയുന്ന വർഗ്ഗത്തെ മുഴുവൻ കമ്മ്യൂണിസ്റ്റു കാപാലികന്മാരിൽനിന്നും വിമോചിപ്പാനായി മലയാളക്കര താണ്ടാൻ തുടങ്ങിയിരിക്കുന്നു.

ആരെയും ആകർഷിക്കുവാൻ പോരുന്ന “ഐശ്യര്യ കേരള” യാത്രയാണത്. പ്രയാണത്തിന്റെ പരിണാമത്തിൽ, കേരളം ഐശ്വര്യത്തിൽ ആറാടി നിൽക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകമതം.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മനസ്സിൽനിന്നും നെഹ്രുവിന്റെ പഞ്ചവത്സരപദ്ധതിയുടെ സ്മരണ പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. നെഹ്രുവിന്റെ പഞ്ചവത്സരപദ്ധതിയെ “പഞ്ഞവത്സരപദ്ധതി”യെന്നു ആക്ഷേപിച്ചിരുന്ന കമ്മ്യൂണിസ്റ്റുപാർട്ടിയുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. അതുകൊണ്ടായിരിക്കണം എല്ലാ പഞ്ചവത്സരത്തിൻറ്റെയും പരിസമാപ്‌തിയോടടുത്തു് രണ്ടുപാർട്ടികളും കേരളത്തിൻറ്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ മത്സരിച്ചുള്ള ഒരു ജാഥ സംഘടിപ്പിക്കുന്നത്.

ജാഥകൾക്ക് കേവലം, വാരങ്ങളുടെ ദൈർഘ്യമേയുള്ളുവെങ്കിലും കേരളത്തെ ഐശ്യര്യപൂർണ്ണമായ ഒരു പ്രദേശമാക്കുക എന്നതാണ് രണ്ടു പാർട്ടികളുടെയും പ്രഖ്യാപിത ലക്‌ഷ്യം.

കേരളം മൊത്തത്തിൽ ഐശ്യര്യപൂർണ്ണമായില്ലെങ്കിലും എതാനും വ്യക്തികളെങ്കിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഐശ്വര്യത്തിന്റെ ഉന്നതസോപാനങ്ങളിൽ എത്തിച്ചേരുന്നതിന് ഈ ജാഥകൾ കാരണഭൂതമാകുമെന്നുള്ളതിൽ ആർക്കും സംശയമില്ല!

ചിരകാലം പ്രതിപക്ഷ നേതാവായിരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്ന ആശംസ ശ്രീ. എം.എ. ബേബിയിൽനിന്നും സ്വീകരിച്ച രാഷ്ട്രീയ നേതാവാണ് ശ്രീ. രമേശ് ചെന്നിത്തല. അനുദിനമെന്നോണം അവശതയിലേക്കു ആണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഇത്തവണത്തെ ഊരു ചുറ്റൽ, ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ ചെന്നിത്തലയുടെ തലയിലാണ് വന്നുചേർന്നത്. കാർന്നോന്മാർ തലേവര എന്ന് പറഞ്ഞിരുന്നത് ഇങ്ങനെയുള്ള പ്രതിസന്ധികളെപ്പറ്റിയായിരിക്കാം!

ചെന്നിത്തലയുടെ പ്രയാണത്തിന് പ്രാണനും പ്രശംസയും പകർന്നുകൊണ്ട് പുതുപ്പള്ളിക്കാരുടെ പരമാത്മാവായ ശ്രീ. ഉമ്മൻ ചാണ്ടി, പറക്കടിയിൽ മൂടിവെച്ചിരുന്ന ഒരു “വിശുദ്ധ സത്യം” തുറന്നു കാട്ടാനുള്ള ശൗര്യം കാണിച്ചു. ഭാരതത്തിൽ മതേതരത്വം സംരക്ഷിക്കുന്നതിൽ പെരുത്ത പങ്കുവഹിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് കേരളത്തിലേ മുസ്ലിം ലീഗ് എന്ന് അദ്ദേഹം തുറന്നടിച്ചു. അതുകേട്ട മാത്രയിൽ , “നെഹ്രുവിന്റെ ചത്ത കുതിര, മുസ്ലിംലീഗ്; മുസ്ലിംലീഗ്, ചത്തകുതിര” എന്നിങ്ങനെ ചില വിമതന്മാർ കുശുകുശുത്തതായി പറയപ്പെടുന്നു!

ചാണ്ടിയുടെ വീരശൂര്യമായ സത്യപ്രസ്താവം സൃഷ്ടിച്ച കോളിളക്കത്തിൽ അറബിക്കടലിൽ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നത്രെ! ഹിമവൽ പർവതം വിറച്ചുവത്രെ!. ഉത്തരഖാണ്ഡിലെ പ്രളയവും ചാണ്ടിയുടെ മഹത്തായ സത്യപ്രസ്താവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും! ലീഗിനെ ലാഘവത്തോടെ വീക്ഷിക്കുന്ന വടക്കേ ഇന്ത്യ വെള്ളത്തിൽ മുങ്ങുമോ ആവോ?

പാണക്കാട്ടു തങ്ങൾ എന്ന ബോധിവ്രക്ഷത്തെ പ്രാപിച്ചു പൂജിച്ചതിനു ശേഷമാണത്രെ ചാണ്ടിക്ക് ഈ ബോധോദയം ഉണ്ടായതും അതിവേഗം ബഹുദൂരം താണ്ടി, പറയുയർത്തി സത്യം തുറന്നു കാണിച്ചതും. എന്തായാലും കേരള ചരിത്രത്തിലെ ഒരു മഹാസംഭവമായി ആ ചാണ്ടി പ്രസ്താവം രേഖപ്പെടുത്തപ്പെടും! സംശയമില്ല!

മതവും, വായനയും,ഭാഷകളും, മരിച്ചുകൊണ്ടിരിക്കുമ്പോളും, ചരിത്രത്തെ മരിക്കാതെ നിലനിറുത്തുന്നത് ചാണ്ടിയെപ്പോലുള്ള സത്യാന്വേഷികളാണല്ലോ! ചാണ്ടിയിലൂടെ സത്യം പുറത്തായതിലൂടെ, ആർക്കും ആശങ്കയില്ലാതെ മുസ്ലിം ലീഗുമായി ഏതുതരത്തിലുള്ള ബന്ധവും പുലർത്താൻ പറ്റിയ പുലരി പിറന്നിരിക്കുന്നു. ബന്തും ഹർത്താലും നോക്കുകൂലിയും ആഘോഷിച്ചു വിരസതയിൽ വസിക്കുന്ന മലയാളികളേ, ഇതാ! നിങ്ങൾക്കാഘോഷിക്കാൻ പുതുമയാർന്നൊരു ചരിത്രാനുഭവം!

സത്യം സ്വാതന്ത്രമാക്കുന്നു! എന്ന ഉക്തിയുടെ പ്രസക്തിക്ക് അടിവരയിടാൻ ഇതിലേറെ എന്തുവേണം?

ചാണ്ടിയുടെ ചരിത്രപരമായ പ്രസ്താവത്തിന്റെ വെളിച്ചത്തിൽ, നാം ഇന്നുവരെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തിരുന്ന ചില കറുത്ത സത്യങ്ങളെ കാട്ടിലെറിയേണ്ടിയിരിക്കുന്നു. മുത്തലാഖ് നിരോധനം, മുന്നോക്കക്കാരിലെ പിന്നോക്കക്കാർ സിദ്ധാന്തം, പെൺവിവാഹ പ്രായക്കാര്യം, ഏകീകൃത നിയമ വ്യവസ്ഥ മുതലായവ അവയിൽ ചിലതുമാത്രം. അങ്ങനെ ചെയ്യുമ്പോൾ ചാണ്ടി തുറന്നുകാട്ടിയ സത്യത്തിന് പത്തരമാറ്റിന്റെ തങ്കപ്രകാശം ദൃശ്യമാകും.

ഐശ്യര്യ കേരള പ്രയാണത്തിന് ആശംസ അർപ്പിക്കുന്നതിനിടയിലും ആഗോളശത്രുവായ കോവിഡിന്റെ പേരിൽ ആക്രമണം അഴിച്ചുവിടുന്നതിൽ ചാണ്ടി അലംഭാവം കാണിച്ചില്ല! കൊലയാളിയായ കോവിഡിനെ കുടുക്കുന്നതിൽ ഇപ്പോഴത്തെ കേരള സർക്കാർ അമ്പേ പരാജയപ്പെട്ടു എന്ന് അദ്ദേഹം ഉവാച. “സാംക്രമിക രോഗവിദഗ്ദ്ധരെ” ഉദ്ധരിച്ചുകൊണ്ട്, ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ജനസാന്ദ്രതയുള്ള പ്രദേശമാണെന്ന് എടുത്തു പറയാൻ അദ്ദേഹം “ധൈര്യം” കാണിച്ചു. മാത്രമല്ല, അവിടങ്ങളിലൊക്കെ കോവിഡ് വളരെ അടങ്ങിയൊതുങ്ങിയാണ് പെരുമാറുന്നത്‌ എന്ന് പറയാനും മടികാണിച്ചില്ല.

ചില രാഷ്ട്രീയക്കാർക്കും മതപ്രഭാഷകർക്കും ചില വാക്കുകളോട് മമത കൂടുതലാണ്. നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡന്, ക – മോൺ വേണമെന്നു നിർബന്ധമാണ്. വൈറ്റ് ഹൌസ് വിട്ട ദേഹത്തിന് അമൈസിംഗ്, ഫന്റാസ്റ്റിക്, ഇൻക്രെഡിബിൾ എന്നിവയിലായിരുന്നു ഭ്രമം. രണ്ടു പ്രാവശ്യം പരാജയം രുചിച്ച ചാണ്ടിയുടെ നാക്കിൽ പരാജയത്തിന്റെ രസം മങ്ങാതെ തങ്ങിനിൽക്കുന്നു!

പകുതിക്കുവെച്ചു് ഏ.കെ ആൻറ്റണി മുഖ്യമന്ത്രിസ്‌ഥാനം ഇട്ടിട്ടുപോയപ്പോൾ 2004 മുതൽ 2006 വരെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു് അതിവേഗം ബഹുദൂരം ഓടാനുള്ള ശ്രമത്തിൽ അടുത്ത ഊഴത്തിലെത്താൻ ഓസി പരാജയപ്പെട്ടു. അങ്ങനെ വീണുകിട്ടിയ വിശ്രമവേളക്കിടയിൽ അദ്ദേഹം പലയിടത്തും കറങ്ങി നടന്നതിനിടയിൽ ഫിലാഡെൽഫിയായിലും വന്നു. ഒരു സ്വീകരണ സമ്മേളനത്തിനിടയിൽ അദ്ദേഹത്തിന്റെ പരാജയത്തിനുശേഷം അധികാരത്തിൽ വന്ന സർക്കാർ ഒരു വൻപരാജയമാണെന്ന് പ്രസ്താവിച്ചു. ഉടനെ സദസ്സിലൊരാൾ ഒരു കുസൃതി ചോദ്യം ചോദിച്ചു. “അങ്ങയുടെ രണ്ടു സംവത്സരക്കാലത്തെ ഭരണം വിജയമായിരുന്നതുകൊണ്ടാണോ ഇപ്പോൾ ഇങ്ങനെ കസേരയില്ലാതെ കറങ്ങിനടക്കുന്നത്.”

ഉത്തരമർഹിക്കാത്ത ചോദ്യമാണല്ലോ കുസൃതിച്ചോദ്യങ്ങൾ!

2016 – ലെ പരാജയത്തിനുശേഷം ഓസിയുടെ പേര് കേരള രാഷ്ട്രീയത്തിൽ വളരെ വിരളമായേ കേട്ടിരുന്നുള്ളു. ഇടക്ക് ഹൈക്കമാൻഡിന്റെ താൽപര്യപ്രകാരം ആന്ധ്രാ/തെലുങ്കാനാ പ്രദേശങ്ങളിലെ അന്ത്യശ്വാസം വലിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് പ്രാണൻ പകരാനായി നിയോഗിക്കപ്പെട്ടു. ഹൈദരാബാദ് ബിരിയാണിയും, ഗണ്ണാവാരം പോർക്കും, അനബ്ഷായി ദ്രാക്ഷായും, ന്യൂസ്‌വിഡ് മാങ്ങായും കൊതിതീരെ തിന്ന്, —- ചന്തക്കു പോയപോലെ തിരിച്ചുവന്നു. കിട്ടിയ സമയത്തിനുള്ളിൽ ആന്ധ്രാ/തെലങ്കാന കോൺഗ്രസ്സിനെ “പൂജ്യതമ”മാക്കുന്നതിൽ വിജയിച്ചെന്നു പറയാതെ വയ്യ!

കേരളത്തിൽ ഓഖി വന്നു. ഉമ്മൻ ചാണ്ടിയെ എങ്ങും കണ്ടില്ല! ഒന്നാം പ്രളയം തകർത്തു! ഉമ്മൻ ചാണ്ടിയെ എങ്ങും കണ്ടില്ല! രണ്ടാം പ്രളയം വന്നു. ഉമ്മൻ ചാണ്ടിയെ എങ്ങും കണ്ടില്ല! കോവിഡ് വന്നു. ഉമ്മൻ ചാണ്ടിയെ എങ്ങും കണ്ടില്ല! നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. വാഗ്‌ദാനങ്ങളും, സത്യം വെളിപ്പെടുത്തലും പ്രസ്താവങ്ങളുമായി ചാണ്ടി കേരളത്തിലങ്ങുമിങ്ങും അതിവേഗം ബഹുദൂരം താണ്ടുന്നു.

കുട്ടിക്കാലത്ത് ചങ്ങനാശ്ശേരി ചന്തദിവസങ്ങളിൽ കണ്ടുരസിച്ചിട്ടുള്ള കുരങ്ങുകളി ഇവിടെ ഓർമ്മയിൽ ഓടിയെത്തുന്നു. കുരങ്ങച്ചൻ ഉറക്കം നടിച്ചു കിടക്കുന്നു. കളിപ്പിക്കുന്നവന്റെ പ്രലോഭനങ്ങൾ ഒന്നുംതന്നെ കുരങ്ങച്ചൻ കേട്ടഭാവമില്ല! അറ്റകൈക്ക്‌, നിന്റെ കെട്ടിയവളു വന്നു വിളിക്കുന്നെടാ രാമാ എന്നു പറയുമ്പോൾ കുരങ്ങച്ചൻ ചാലാ സന്തോഷത്തോടെ കുതിച്ചു ചാടി എഴുന്നേൽക്കുന്നു. തെരഞ്ഞെടുപ്പെന്നു കേട്ടപ്പോൾ, അഞ്ചു വർഷക്കാലത്തെ വാല്മീക വാസത്തോടു വിടപറഞ്ഞുകൊണ്ട് വീട്ടുകാരെയും കൂട്ടി മഹാനായ ചാണ്ടി വഴിയിലിറങ്ങിയിരിക്കുന്നു! ജാഗ്രതൈ !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top