Flash News

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റ് സന്തോഷ് പിള്ള ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു

February 11, 2021

ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ കേരള ഹിന്ദു സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മഹാക്ഷേത്രത്തെ സേവിക്കുന്നതിനുള്ള അവസരം ക്ഷേത്രത്തിലെ ഭക്‌തജനങ്ങൾ അനുവദിച്ചു തന്നതിൽ നന്ദിപറഞ്ഞു ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റെ സ്ഥാനത്തുനിന്നും രണ്ടു വർഷത്തെ(2019 -2020) സ്തുത്യർഹമായ സേവനത്തിനുശേഷം സന്തോഷ് പിള്ള ചാരിതാർഥ്യത്തോടെ ,സംതൃപ്തിയോടെ പടിഇറങ്ങുന്നു.ഡാളസ് ഹൈന്ദവ സമൂഹത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതു എങ്ങനെയെന്ന് സന്തോഷ് പിള്ള വിശദീകരിച്ചു .

അമേരിക്കയിലെ പല ക്ഷേത്രങ്ങൾ സന്ദർശിട്ടും കേരളത്തിലെ ക്ഷേത്രദർശനത്തിലൂടെ ലഭിച്ചിരുന്ന ആത്‌മാനുഭൂതി ലഭിച്ചിരുന്നില്ല. കേരളത്തനിമയിലുള്ള ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചാൽ മാത്രമേ അതു സാധ്യമാകൂ എന്ന പരമാർത്ഥം മനസിലാക്കി, സമാന ചിന്താഗതിക്കാരുമായി ഒത്തോരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് എല്ലാ മലയാളികൾക്കും ഒരുപോലെ അഭിമാനിക്കാൻ കഴിയുന്ന ഡാളസ് ശ്രീ ഗുരുവായൂരപ്പൻ മഹാക്ഷേത്രം.

സനാതന ധർമ്മം എന്നാൽ എല്ലാകാലത്തും നിലനിൽക്കുന്ന ധർമ്മം എന്നതാകുന്നു. അങ്ങനെ നിലനിൽക്കണമെങ്കിൽ കാലാനുസൃതമായ മാറ്റം നമ്മളുടെ ധർമ്മത്തിൽ വന്നേ മതിയാകൂ. അമ്പലം നിലനിർത്തിത്തികൊണ്ടുപോകുന്നതിന് ഭക്തരിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അവർക്ക് താങ്ങും തണലും നൽകുവാനും ദേവാലയങ്ങൾക്ക് സാധിക്കണം. അവശർക്കും ആലംബഹീനർക്കും ആശ്വാസം പകരാൻ സാധിച്ചാൽ അതില്പരം പുണ്യം എന്തുണ്ട്?

2018 ആഗസ്ത് മാസം കേരളത്തിൽ ദുരിതം വിതച്ച പ്രളയം നമ്മളെയെല്ലാം ദുഃഖത്തിലാഴ്ത്തി. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രളയ ദുരിതാശ്വാസത്തിലേക്ക് $58000 സമാഹരിച്ചു, പ്രളയക്കെടുതി അനുഭവിച്ച കുടുംബങ്ങൾക്ക് പാർപ്പിടങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുമായി സാമ്പത്തിക സഹായം നേരിട്ട് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ച് കൊടുക്കുവാൻ സാധിച്ചു. ക്ഷേത്ര ഭാരവാഹികൾ ഒത്തൊരുമയോടെ പ്രവർത്തിച്ചതുമൂലമാണ് ഈ സൽപ്രവർത്തി ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.

ഈ നൂറ്റാണ്ടിലെ മഹാമാരി ആയി മാറിയ കൊറോണയുടെ അനിയന്ത്രിത വ്യാപനത്തിൽ എല്ലാവരുടെയും സുരക്ഷ മുൻനിർത്തി വളരെ വ്യസനത്തോടെ ആണെങ്കിലും മാർച്ച് 17ന് ക്ഷേത്രം പൊതുദർശനം നിർത്തലാക്കി.

നാട്ടിൽ നിന്നും ശ്രീ ഗുരുവായൂരപ്പനെ സേവിക്കുവാൻ ഇവിടെ എത്തിച്ചേർന്ന ക്ഷേത്ര ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങൾ എങ്ങനെ നിറവേറ്റികൊണ്ടു പോകാൻ സാധിക്കും? പൂജാദി കർമ്മങ്ങൾക്ക് ആവശ്യമായ പുഷ്പങ്ങൾ എങ്ങനെ സംഘടിപ്പിക്കും? സുരക്ഷ ഉറപ്പാക്കാനായി ക്ഷേത്രത്തിലെ ഓഫീസ് കൌണ്ടർ എങ്ങനെ പുനർനിർമ്മിക്കാൻ സാധിക്കും? നമ്മുടെ ആധികൾക്കും വ്യാധികൾക്കും ഉത്തരം നൽകാൻ ശേഷിയുള്ള ശ്രീ ഗുരുവായൂരപ്പന്റെ പാദ പദ്മത്തിൽ തന്നെ ഈ ചോദ്യങ്ങളും അർപ്പിച്ചു.

പൂക്കൾ ആവശ്യമുണ്ടെന്നറിഞ്ഞ ഭക്തജനങ്ങൾ കിട്ടാവുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും പൂക്കൾ ശേഖരിച്ച് അടച്ചിട്ടിരിക്കുന്ന അമ്പലഗേറ്റിനു മുന്നിൽ എത്തിച്ചു തന്നു. ഒരു കുടുംബം മുന്നിട്ടിറങ്ങി ക്ഷേത്രത്തിന്റെ മുന്നിൽ തന്നെ പൂചെടികൾ വച്ചുപിടിപ്പിക്കുവാൻ ആരംഭിച്ചു. ക്ഷേത്ര ജീവനക്കാർക്ക് വേണ്ട നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുവാനും പലരും മുന്നോട്ടുവന്നു. പൊതുജന സന്ദർശനം ഇല്ലാതിരുന്നതുമൂലം ക്ഷേത്ര കൗണ്ടറിന്റെ പുനർനിർമ്മാണവും സുഗമമായി നടത്തുവാൻ സാധിച്ചു. ക്ഷേത്രം നടത്തിവരുന്ന വിദ്യാലയത്തിനുവേണ്ടി ക്ഷേത്രത്തിൻറെ സ്പിരിച്ചൽ ഹാളിനു മുകളിലായി ക്ലാസ്സ്മുറികളുടെ നിർമ്മാണം 2020ൽ പൂർത്തീകരിച്ചു. അതോടൊപ്പം തന്നെ ക്ഷേത്രജീവനക്കാർക്ക് താമസിക്കാനായി മൂന്നു ബെഡ്‌റൂമിന്റെ ഒരു വീടും ഈ കാലയളവിൽ വാങ്ങുവാൻ സാധിച്ചു.

രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ മാസ്ക് വളരെ അത്യാവശ്യ സുരക്ഷ ഉപകരണമായിരുന്നു. ക്ഷേത്രത്തിലെ അനേകം സന്നദ്ധ പ്രവർത്തകർ, മാസ്കുണ്ടാക്കുവാൻ ആവശ്യമായ വസ്‌തുക്കൾ, വാങ്ങുവാനും, അവ വിതരണം ചെയ്യുവാനും, നിർമിച്ച മാസ്ക് തിരികെ വാങ്ങി ആവശ്യമുള്ള സ്ഥാപനങ്ങളിലും, വീടുകളിലും എത്തിച്ചുകൊടുക്കുവാനും സധൈര്യം മുന്നിട്ടിറങ്ങുകയുണ്ടായി. അങ്ങനെ നമ്മളെക്കൊണ്ടാവുന്ന വിധത്തിൽ മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കുന്ന പ്രക്രിയയിൽ പങ്കാളികളാകുവാൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സാധിച്ചു. ക്ഷേത്ര ദർശനം സാദ്ധ്യമല്ലാത്ത ഈ അവസരത്തിൽ ഭക്തർ ചെയ്യുന്ന ഓരോ പ്രവർത്തിയും ഭഗവാനുള്ള അർച്ചനകളായി കണക്കാക്കി, മാനവ സേവ, മാധവ സേവയായി കരുതി സാമൂഹ്യ സേവനം നമ്മൾ നിർവഹിച്ചു.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം വിദൂര സംപ്രേഷണത്തിലൂടെ, ഭാഗവത സപ്താഹവും, ഗണപതി ഹോമവും, സന്ധ്യാനാമവും, ലോകമെമ്പാടും എത്തിച്ചു. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന് നാമകരണം ചെയ്യപെട്ട ഭാഗവത സപ്താഹ പാരായണത്തിൻറെ സമാപനദിവസം സർവ്വരോഗശമനമന്ത്ര ഹോമവും നടത്തി .

വിഷു, പ്രതിഷ്ടാദിന വാർഷികം, ഓണം, അഷ്ടമി രോഹിണി, വിനായക ചതുർത്തി, നവരാത്രി, ഭാഗവത സപ്താഹം മണ്ഡല പൂജ എന്നീ പ്രധാന ആഘോഷങ്ങളെല്ലാം തത്സമയ പ്രക്ഷേപണത്തിലൂടെ ഭക്തജനങ്ങളിലേക്കെത്തിക്കുവാൻ ക്ഷേത്രത്തിനു സാധിച്ചു. കർക്കിടക മാസത്തിൽ, രാമായണം മുഴുവനും മൂന്ന് വട്ടം നമ്മൾ വായിച്ചു. രാമായണത്തെ അടിസ്ഥാനമാക്കി നാട്ടിൽനിന്നുമുള്ള ആചാര്യന്മാരുടെ പ്രഭാഷണം ഈ ദുരിതാവസ്ഥയിൽ ഭക്തർക്കാശ്വാസമേകി.

സന്തോഷവും സന്താപവും പങ്കുവെക്കുവാനാണ് അധികം ജനങ്ങളും അമ്പലം സന്ദർശിക്കാറുള്ളത്. അസുഖ ബാധിതരാകുമോ എന്ന ഭയം അകറ്റുവാനും, രോഗികളായ ബന്ധുമിത്രാതികൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, ക്ഷേത്രസന്ദർശനം ആഗ്രഹിക്കുന്നവരോട് ചെയ്യുന്ന അനീതി ആണോ, അമ്പലം അടച്ചത് എന്ന സംശയം ആദ്യം മുതലേ നിലനിന്നിരുന്നു.

അതുകൊണ്ടാണ്, രണ്ടര മാസങ്ങൾക്കു ശേഷം ക്ഷേത്രം നിയന്ത്രിത സമയങ്ങളിൽ പൊതുദർശനത്തിനായി തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത് . കഴിയുന്ന സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പാലിച്ച് , ക്ഷേത്ര ജീവനക്കാരുടെയും സന്ദർശകരുടെയും ആയുർആരോഗ്യം ശ്രീ ഗുരുവായൂരപ്പനിൽ അർപ്പിച്ചു കൊണ്ട് ജൂൺ മാസത്തിൽ അമ്പലം തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു.

സൂം, യൂട്യൂബ് , ഫേസ് ബുക്ക്, ഗൂഗിൾ മീറ്റ് എന്നീ മാധ്യമങ്ങളെല്ലാം ഏകോകിപ്പിച്ച് തത്സമയ പ്രക്ഷേപണം നടത്തുന്നതിനുവേണ്ടി മണിക്കൂറുകളോളമാണ് സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചത് .

സാമൂഹ്യ അകലം പാലിച്ചും, മാസ്കുകൾ ധരിച്ചും ഈ ആഘോഷങ്ങൾക്കെല്ലാം ഭക്തജനങ്ങൾ ഒന്നിച്ച് കൂടുമ്പോൾ ഭഗവാനോടുള്ള ഏറ്റവും തീവ്രമായ പ്രാർത്ഥന, നമ്മളുടെ ക്ഷേത്ര ദർശനത്താൽ അസുഖം പടർന്നു എന്ന വാർത്ത ഒരിക്കലും കേൾക്കാനിടവരരുതേ എന്നും, ക്ഷേത്രത്തിലെ ദിവസ പൂജകൾ ഒരിക്കലും മുടങ്ങരുതേ എന്നുമായിരുന്നു. കൃഷ്ണാ, ഗുരുവായൂരപ്പാ, ക്ഷേത്രത്തിൻറെയും, ഭക്തരുടെയും നന്മക്കുവേണ്ടി എന്ന് കരുതി ചെയ്യുന്ന പ്രവർത്തികൾ അങ്ങേക്കുകൂടി ഹിതമാകുന്നുണ്ട് എന്നതിനുള്ള അടയാളങ്ങൾ പ്രത്യക്ഷത്തിൽ കാണിച്ചു തരണേ എന്നും വാതലയേശനോട് അഭ്യർത്ഥിച്ചു. ക്ഷേത്ര പൂജാരി ആയുഷ് ഹോമം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ഹോമാഗ്നിയുടെ ഒരു ചിത്രം എടുക്കുകയുണ്ടായി. പുല്ലാങ്കുഴൽ ഊതി, ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണന്റെ ചേതോമനോഹര രൂപം ഹോമാഗ്നിയിൽ തെളിഞ്ഞു കണ്ടു, “ഹന്ത ഭാഗ്യം ജനാനാം” .

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ആഗസ്ററ് 22 വെള്ളിയാഴ്ച തുടക്കം കുറിച്ചു. സാമൂഹ്യ അകലം പാലിച്ചും, മാസ്ക്കും ധരിച്ചും കൊണ്ട് അനേകം ഭക്തജനങ്ങൾ, സ്പിരിച്ച്വൽ ഹാളിൽ നടന്ന ഉത്സവത്തിൽ പങ്കുചേർന്നു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്ര പൂജാരി ഗിരീശൻ വടക്കേടത്ത് ഒരുക്കിയ പദ്മങ്ങൾ ഭക്ത ജനങ്ങളുടെ മുക്തകണ്ഡ പ്രശംസ പിടിച്ചു പറ്റി. ദസറ സമയത്തെ ദേവീ പൂജകൾ നേരിട്ടും, തത്സമയ പ്രക്ഷേപണത്തിലൂടെയും വളരെ അധികം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു.

ക്ഷേത്രത്തിനോടനുബന്ധിച്ച് നടത്തിവരുന്ന ഗോഡ് കിഡ്‌സ് ക്ലാസ്സിലെ കുട്ടികൾക്കായി ഡ്രൈവ് ത്രൂ ഗ്രാഡുയേഷൻ ഈ വർഷം നടത്തി. ഈ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിനു വേണ്ടി അനേകം ശ്രീ ഗുരുവായൂരപ്പ ഭക്തർ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

കേരളസർകാറിന്റെ മലയാളം മിഷൻ രൂപീകരിച്ച കണിക്കൊന്ന പാഠ്യ പദ്ധതി ശ്രീ ഗുരുവായൂരയപ്പൻ ക്ഷേത്രത്തിലെ GOD കിഡ്സ് ക്ലാസ്സിൽ പഠിപ്പിച്ചു പോരുന്നു. മലയാള ഭാഷ പഠനത്തിൽ UT ഓസ്റ്റിനുമായി ചേർന്ന് ക്രെഡിറ്റ് അവേഴ്സ് വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള പദ്ധതിയും നടപ്പിലാക്കി കഴിഞ്ഞു. ഈ വർഷത്തെ അദ്ധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം ആനന്ദബോസ് IAS, കൈതപ്രം നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്താൽ അതീവ ധന്യമായി നടന്നു.

മറ്റൊരു നേട്ടം, ഗോഡ് കിഡ്‌സ് ക്ലാസ്സിലെ മുതിർന്ന കുട്ടികൾ ഒത്തുചേർന്ന് KHS യൂത്ത് കമ്മറ്റി രൂപീകരി ച്ചു എന്നതാകുന്നു . അവരുടെ ആദ്യ സംരംഭമായി 600 ൽ പരം ഫുഡ് കാനുകൾ സമാഹരിച്ച് ക്രിസ്‌മസ്സിനു മുമ്പായി ഫുഡ് ബാങ്കിന് സംഭാവന നൽകുകയുണ്ടായി.

പിന്നീട് വന്ന മണ്ഡലമാസക്കാലത്തെ വളരെ കരുതലോടെയാണ് നമ്മൾ എതിരേറ്റത് . അയ്യപ്പന്മാർ, മാസ്കുകൾ ധരിച്ചും സാമൂഹ്യ അകലം പാലിച്ചും , 41 ദിവസവും അയ്യപ്പ ഭജന കെ എച്ച എസ്സ് സ്പിരിച്യുൽ ഹാളിൽ നടത്തി. അയ്യപ്പ അഖണ്ഡ നാമജപം, വിളക്കുപൂജ, സഹസ്രനാമം എന്നീ പ്രധാന ചടങ്ങുകൾ മുൻകാലങ്ങളിലെ പോലെ നടത്തുവാനും സാധിച്ചു. വിവിധ ദിവസങ്ങളിലായി 128 അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ഈ വർഷം ഇരുമുടി കെട്ടുകൾ നിറച്ചു.

ദുരിത പൂർണിതമായ ഈ സമയവും നമ്മൾക്ക്‌ ലഭിച്ചിരിക്കുന്നത്, ഭഗവാന്റെ ലീലകളുടെ ഒരു ഭാഗമായിട്ടാണ് എന്നു മനസിലാക്കുവാനും, പുതുവത്സര നാളുകളിൽ, പ്രത്യാശയുടെ പ്രകാശം എല്ലാവരിലും എത്തിക്കുവാനുമാണ്, ദശാവതാരം, ചന്ദന മുഴുക്കാപ്പ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആരംഭിച്ചത്. ഡിസംബർ 6 മുതൽ തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും, ഭഗവാൻറെ പത്തവതാരങ്ങളും, ക്ഷേത്ര പൂജാരിയുടെ കരവിരുതിലൂടെ, മഹാവിഷ്ണുവിന്റെ ചതുർബാഹു വിഗ്രഹത്തിൽ രൂപപെട്ടു വരുന്നത്, ഭക്ത്യാദരവ്‌പൂർവം ദർശിക്കുവാനുള്ള മഹാഭാഗ്യം എല്ലാവർക്കും ലഭിച്ചുകൊണ്ടേയിരിക്കുന്നു.

ഈ സംരംഭങ്ങൾ എല്ലാം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചത് ക്ഷേത്ര ജീവനക്കാരുടെയും, കമ്മറ്റിഅംഗങ്ങളുടെയും, സന്നദ്ധ പ്രവർത്തകരുടെയും കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് . ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും തുടർന്നും ഉണ്ടാകട്ടെ എന്നും സത്യവും, ധർമ്മവും, നീതിയും നടപ്പിലായി കാണുവാൻ രാജ്യവും, സ്ഥാനമാനങ്ങളും ഉപേക്ഷിച്ച, ശ്രീ രാമചന്ദ്രന്റെ അവതാര ദർശന ദിവസമായ ജനുവരി 17 ന് ഈ കമ്മറ്റി പടിഇറങ്ങുമ്പോൾ, 35 വർഷങ്ങളിലൂടെ ഡാലസ്സിലെ മലയാളി ഹിന്ദുക്കൾ പടുത്തുയർത്തിയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, തുടർന്നും മലയാളികളുടെ ക്ഷേത്രമായി നിലനിർത്താൻ അനുഗ്രഹിക്കണമെന്ന് ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നതായി സന്തോഷ് പിള്ള പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top