Flash News

കായം‌കുളം പിടിച്ചെടുക്കാന്‍ യുഡി‌എഫ് എം ലിജുവിനെ ഗോദയിലിറക്കുമെന്ന് സൂചന

February 13, 2021

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൈവിടാത്ത ജില്ലകളിലൊന്നാണ് അലപ്പുഴ. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകൾ നേടിയപ്പോൾ അലപ്പുഴ ഇടതുപക്ഷത്തെ രക്ഷിച്ചു.

ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഏഴെണ്ണം ഇടതു സ്ഥാനാർത്ഥികൾ നേടിയിട്ടുണ്ട്. ഇത്തവണ ആലപ്പുഴ പിടിച്ചെടുക്കാന്‍ പ്രമുഖരെ നിയോഗിക്കാനാണ് കോൺഗ്രസ് പദ്ധതി. കായംകുളത്ത് യു പ്രതിഭയെ പൂട്ടാന്‍ ഇത്തവണ കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് എം ലിജുവിനെ നിയോഗിച്ചേക്കാം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഒരു സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ആയിരുന്നു കോണ്‍ഗ്രസിന്റെ ഏക സീറ്റ്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ ആയ എഎം ആരിഫ് മത്സരിച്ചതോടെ ഒഴിവ് വന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം യുഡിഎഫ് പിടിച്ചു.

2006 മുതല്‍ എഎം ആരിഫ് കോട്ട പോലെ കാത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാന്‍ ആണ് യുഡിഎഫിന് വേണ്ടി പിടിച്ചടക്കിയത്. ഇതോടെ ആലപ്പുഴയില്‍ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം രണ്ടായി ഉയര്‍ന്നു.. ഇക്കുറി ആലപ്പുഴയില്‍ ശക്തമായ മത്സരം തന്നെ കാഴ്ച വെക്കാനാണ് കോണ്‍ഗ്രസ് കച്ച മുറുക്കുന്നത്. കായംകുളം കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന സീറ്റാണ്.

കായംകുളം കോണ്‍ഗ്രസിന് സ്വാധീനമുളള മണ്ഡലമല്ല. 2006ലെ തിരഞ്ഞെടുപ്പ് മുതല്‍ കായംകുളം ഇടതിനൊപ്പമാണ്. 2006ല്‍ സികെ സദാശിവനാണ് കായംകുളത്ത് ജയിച്ചത്. 2011ലും സികെ സദാശിവന്‍ ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലം കാത്തു. 2016ല്‍ യുവനേതാവായ യു പ്രതിഭയെ കായംകുളത്ത് സിപിഎം പരീക്ഷിച്ചു.

സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. 11857 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു പ്രതിഭ നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ തന്നെ ജയിച്ച് കയറി. എം ലിജുവിനെ ആയിരുന്നു പ്രതിഭ അന്ന് തോല്‍പ്പിച്ചത്. പ്രതിഭയ്ക്ക് 72,956 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എം ലിജുവിന് 61,099 വോട്ട് ലഭിച്ചു. ഇത്തവണയും കായംകുളത്ത് യു പ്രതിഭ തന്നെയാവും ഇടത് സ്ഥാനാര്‍ത്ഥി എന്നാണ് സൂചന.

എംഎല്‍എ സ്ഥാനത്ത് പ്രതിഭ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ഒരു ടേം ആയിട്ടല്ലേ ഉളളൂ എന്നും മന്ത്രി ജി സുധാകരന്‍ നേരത്തെ പ്രതികരിച്ചത് പ്രതിഭയെ തന്നെയാവും കായംകുളത്ത് ഇടത് മുന്നണി ഇത്തവണയും ഇറക്കുക എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രതിഭയെ പൂട്ടാന്‍ ഒരു തവണ കൂടി എം ലിജുവിനെ തന്നെ കളത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കായം‌കുളം സീറ്റിൽ മത്സരിക്കാൻ എം ലിജു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കായം‌കുളം സീറ്റിൽ പാർട്ടിക്ക് വിജയസാധ്യത കണ്ടെത്തിയതായും, ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്നും ലിജു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തനിക്ക് വ്യക്തിപരമായ താൽപ്പര്യമില്ലെന്നും പാർട്ടി മത്സരിക്കേണ്ടെന്നു പറഞ്ഞാല്‍ മത്സരിക്കില്ലെന്നും ലിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

യു പ്രതിഭയ്‌ക്കെതിരെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും ഒരു വിഭാഗത്തിന്റെ എതിർപ്പ് ഫലപ്രദമാകുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ കായം‌കുളം കൂടാതെ, ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നിയോജകമണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പമുണ്ട്. തോമസ് ചാണ്ടിയുടെ മരണത്തോടെ കുട്ടനാട് സീറ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top