കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കളം മാറ്റി ചവിട്ടലും, കുതികാല് വെട്ടും, കുതിരക്കച്ചവടവുമൊക്കെയായി കേരള രാഷ്ട്രീയം സജീവമായി. ജോസ് കെ മാണിയുടെ ഇടതുപക്ഷത്തേക്കുള്ള കൂറുമാറ്റം യുഡിഎഫിനെ ഞെട്ടിക്കുക മാത്രമല്ല ചൊടിപ്പിക്കുകയും ചെയ്തു. മാണി സി കാപ്പനാകട്ടേ ഈ അവസരം മുതലെടുത്ത് യു ഡി എഫിലേക്കുള്ള പ്രവേശനവും പ്രഖ്യാപിച്ചു.
അതേസമയം, കേരള ജനപക്ഷം മതേതര നേതാവും പൂഞ്ഞാര്‍ എംഎൽഎയുമായ പിസി ജോർജ്ജ് കാപ്പനെതിരെ രൂക്ഷമായി പ്രതികരിച്ചു. മാണി സി കാപ്പന്റെ ഒരു പ്രസ്താവനയാണ് പിസി ജോർജിനെ പ്രകോപിപ്പിച്ചത്.
പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിക്ക് ഒരു മുന്നണിയുടെയും ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായേക്കില്ല. യുഡിഎഫ് പ്രവേശനത്തിനായി പിസി ജോർജ്ജ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ, പിസി ജോർജ്ജിന്റെ പൂഞ്ഞാര്‍ നിയോജകമണ്ഡലം ഉൾപ്പെടെ ജനപക്ഷം പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യത.
താനും തനിക്കൊപ്പമുളളവരും യുഡിഎഫില്‍ ചേരും എന്നുളള പ്രസ്താവനയ്ക്ക് പിന്നാലെ പിസി ജോര്‍ജ്ജ് യുഡിഎഫ് പിന്തുണയുളള സ്വതന്ത്രനായി മത്സരിക്കുമെന്ന് മാണി സി കാപ്പന് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കാപ്പന്റെ പ്രതികരണം. അടുത്ത സുഹൃത്ത് കൂടിയായ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് എന്തെങ്കിലും വിവരമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
പിസി ജോര്‍ജ് പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണയുളള സ്വതന്ത്രനായി മത്സരിക്കുമെന്നും അതില്‍ സംശയമൊന്നും വേണ്ടെന്നും കാപ്പന് പറഞ്ഞു. അക്കാര്യത്തില്‍ പിസി ജോര്‍ജ് ഉറപ്പ് പറയുന്നില്ലല്ലോ എന്ന ചോദ്യത്തിന് താന്‍ അക്കാര്യത്തില്‍ ഉറപ്പ് പറയുന്നുവെന്നും സംഭവിക്കാന്‍ പോകുന്ന കാര്യം താന്‍ കൃത്യമായി പറയാമെന്നും യുഡിഎഫ് നേതാക്കള്‍ ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും കാപ്പന് പറഞ്ഞു.
മാണി സി കാപ്പന്റെ ഈ പ്രസ്താവനയോടാണ് പിസി ജോര്‍ജ് അതിരൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പിസി ജോര്‍ജിന്റെ പ്രതികരണം. യുഡിഎഫ് പിന്തുണയോടെ പൊതുസ്വതന്ത്രനായി പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കും എന്ന് മാണി സാ കാപ്പന് പറഞ്ഞതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന ചോദ്യത്തിന് അത് താന്‍ പറഞ്ഞാല്‍ കൂടിപ്പോവും എന്നാണ് പിസി ജോര്‍ജ് തുറന്നടിച്ചത്.
മാണി സി കാപ്പനെ പോലുളള ഒരു വ്യക്തി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. അതേക്കുറിച്ച് താന്‍ മാണി സി കാപ്പനോട് തന്നെ ചോദിച്ചതായും പിസി ജോര്‍ജ് വെളിപ്പെടുത്തി. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നാണ് കാപ്പന് പറഞ്ഞത്. അതല്ലായിരുന്നുവെങ്കില്‍ താന്‍ അങ്ങേരുടെ തന്തയ്ക്ക് വിളിച്ചേനെ എന്നും പിസി ജോര്‍ജ് പറഞ്ഞു.
തന്റെ പാര്‍ട്ടിയുടെ ചെയര്മാന് താനാണ്. അല്ലാതെ മാണി സി കാപ്പന് അല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. മാണി സി കാപ്പന് എംഎല്‍എ ആയിട്ട് ഒന്നരക്കൊല്ലം മാത്രമേ ആയിട്ടുളളൂ. എന്നാല്‍ താന്‍ കഴിഞ്ഞ 40 കൊല്ലമായി എംഎല്‍എ പണിയും കൊണ്ട് നടക്കുന്നതാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. തന്റെ ചെയര്മാന് സ്ഥാനവും തന്റെ സ്ഥാനാര്ത്ഥിത്വവുമൊന്നും കാപ്പന് തീരുമാനിക്കേണ്ട ആവശ്യമില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
തനിക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഉളളപ്പോള്‍ താന്‍ സ്വതന്ത്രനായി മത്സരിക്കേണ്ട കാര്യമെന്താണ് എന്നും പിസി ജോര്‍ജ് ചോദിച്ചു. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ രക്ഷാധികാരിയാണ് താന്‍. ആ പാര്‍ട്ടിയുടേ പേരില്‍ മാത്രമേ താന്‍ മത്സരിക്കുകയുളളൂ എന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പാലായില്‍ കാപ്പന് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
പാലായില്‍ കാപ്പന് ഇല്ലെങ്കില്‍ ജനപക്ഷം തനിച്ച് മത്സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ലാത്ത അവസ്ഥയാണ്. അതേസമയം യുഡിഎഫ് ഇത്തവണ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പിസി ജോര്‍ജ് പറയുന്നു. രണ്ടോ മൂന്നോ സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് സര്‍ക്കാരുണ്ടാക്കും എന്നാണ് പിസി ജോര്‍ജ് പറയുന്നത്.
താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നും 35000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെടുന്നു. മുന്നണികളുടെ സഹായം ഇല്ലാതെ തന്നെ പൂഞ്ഞാറില്‍ തനിക്ക് ജയിക്കാന്‍ സാധിക്കും എന്നുളള ആത്മവിശ്വാസമുണ്ട്. മാത്രമല്ല പാലായില്‍ മത്സരിച്ചാലും ജയിക്കാന്‍ കഴിയും എന്നുളള ആത്മവിശ്വാസമുണ്ട് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply