Flash News

കെസിആർഎം നോർത്ത് അമേരിക്കയുടെ 36-ാമത് സൂം മീറ്റിംഗ് റിപ്പോർട്ട്

February 14, 2021 , ചാക്കോ കളരിക്കൽ

ഫെബ്രുവരി 10 ബുധനാഴ്ച കെസിആർഎം നോർത്ത് അമേരിക്ക സംഘടിപ്പിച്ച സൂം മീറ്റിംഗിന്റെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു.

മോഡറേറ്റർ ശ്രീ എ സി ജോർജിന്റെ ആമുഖത്തിനു ശേഷം സൂം മീറ്റിംഗിൽ ശ്രീ ടോം ജോസ് തടിയം‌പാട് ‘സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവല്‍ക്കരണം കൊണ്ട് എന്ത് നേട്ടമാണ്, എന്ത് കോട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ ആധാരമാക്കിയായിരുന്നു ശ്രീ ടോം തടിയംപാട് സംസാരിച്ചത്. രാജ്യാതിർത്തികൾക്ക് വെളിയിലേക്ക് കടന്ന് ആഗോളതലത്തിൽ ചരക്കുകളും തൊഴിലുകളും സേവനങ്ങളുമെല്ലാം പ്രവർത്തിക്കുന്ന പ്രക്രിയയെയാണ് ആഗോളവല്‍ക്കരണം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ആഗോളവൽക്കരണത്തെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കുകയില്ല. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചു വന്ന കാലം മുതൽ സ്വാഭാവികമായിത്തന്നെ കത്തോലിക്ക സഭ ആഗോളവൽക്കരണം ആരംഭിച്ചതാണ്. മിഷ്യനറിമാരാണ് ആഗോളവൽക്കരണം തുടങ്ങിവച്ചത്. അന്ന് മിഷ്യനറിമാർ സുവിശേഷവൽക്കരണം എന്ന ലേബലിൽ ലോകം മുഴുവൻ കറങ്ങിയെങ്കിലും ഇന്ന് സീറോ മലബാർ സഭ കുടിയേറ്റക്കാരുടെ പുറകെ വരുന്നത് സാമ്പത്തിക നേട്ടത്തെ മുൻകണ്ടു കൊണ്ടു മാത്രമാണ്.

ജന്മി കുടിയാൻ വ്യവസ്ഥിതിയും ആ മനഃസ്ഥിതിയുമാണ് ആഗോളവൽക്കരണത്തിന് പ്രചോദനമായി നിൽക്കുന്ന ഘടകങ്ങൾ. സഭാ സംവിധാനം തന്നെ ഒരു ഫ്യൂഡൽ വ്യവസ്ഥിതിയിലാണ് ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത്. കുടുംബമടക്കം സമസ്ത മേഖലയിലും ആ വ്യവസ്ഥിതിയെ താങ്ങി നിർത്തുന്നതും സഭയാണ്. അതിന് അനേകം ഉദാഹരണങ്ങളുമുണ്ട്. ക്രൈസ്തവ മതാചാര്യരുടെ സുഖലോലുപ ജീവിതവും ആഡംബര പള്ളികളും കുടിയേറ്റക്കാരുടെ പൊങ്ങച്ചം കാണിച്ചുകൊണ്ടുള്ള ജീവിതവുമെല്ലാം ജന്മിത്ത മനഃസ്ഥിതിയുടെ ബഹിർസ്പുരണങ്ങളാണ്. രക്തത്തെയും ആത്മാവിനെയും ഊറ്റിക്കുടിക്കുന്ന നാടുവാഴിത്ത വ്യവസ്ഥിതിയ്ക്ക് മാറ്റം സംഭവിക്കാൻ സഹായകമായത് ജനങ്ങളുമായുള്ള സർക്കാരുകളുടെ ഇടപെടലുകളായിരുന്നു. ജന്മിത്തത്തിൽ നിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് സ്ഥിതി സമത്വത്തിക്കും ഇപ്പോള്‍ ജനാധിപത്യത്തിലേക്കും രാഷ്ട്രങ്ങൾ മാറിയെങ്കിലും സഭാധികാരികളും വിശ്വാസികളും ഇന്നും ജന്മിത്തത്തിൽ തളച്ചിടപ്പെട്ടിരിക്കയാണ്. കുടിയേറ്റക്കാരുടെ ആർഭാട ജീവിതം, സഭയെ പാശ്ചാത്യ ദേശത്തേക്ക് എഴുന്നെള്ളിച്ചു കൊണ്ടുവരുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുന്നത് അവരുടെ മാനസികാവസ്ഥ ഇപ്പോഴും ജന്മി കുടിയാൻ വ്യവസ്ഥയിൽ ഊന്നി നിൽക്കുന്നതു കൊണ്ടാണ്. പുരുഷാധിപത്യ കുടുംബങ്ങളെ സ്ഥാപിച്ചെടുക്കാനാണ് പുരോഹിതർ തത്രപ്പെടുന്നത്. സ്ത്രീയുടെയും പുരുഷന്റെയും വ്യക്തിത്വത്തെ ഒരേ തലത്തിൽ കാണുന്ന ഈ പാശ്ചാത്യ സംസ്കാരത്തിൽ വന്ന് സ്ത്രീകളെ രണ്ടാം തരം പൗരരായി കാണാൻ പഠിപ്പിക്കുകയാണ് സീറോ മലബാർ അച്ചന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെയൊക്കെ പഴയ പാരമ്പര്യവും പൈതൃകവുമെല്ലാം അതാണെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

നാട്ടിൽ നിന്നും വരുന്ന ധ്യാന ഗുരുക്കന്മാരാണ് കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ശാപം. നാട്ടിലെ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തിയവർക്ക് ആശ്രയം നൽകിയ പാശ്ച്യാത്യ സമൂഹത്തെ അപമാനിക്കലാണ് അവരുടെ ധ്യാന പ്രസംഗം. ഇംഗ്ലീഷുകാർ മോശക്കാരാണ്; അവരുടെ ജീവിതം കുത്തഴിഞ്ഞതാണ്; പാശ്ചാത്യ സംസ്കാരം കൊള്ളില്ലാത്തതാണ്; കുടുംബ ജീവിതം താറുമാറാണ്; എന്നുവേണ്ട ഇവിടത്തെ ജനങ്ങളെ നന്നാക്കാൻ വേണ്ടിയാണ് മലയാളികളെ ദൈവം ഇങ്ങോട്ട് കൊണ്ടുവന്നത് എന്നുവരെ അവർ തട്ടിവിടും. പാശ്ചാത്യ നാടുകളിലെ നന്മകൾ കാണാൻ ഈ പാതിരിമാർക്ക് കഴിയുന്നില്ല. പകരം ലോകത്തിന്റെ ശാസ്ത്ര -സാങ്കേതിക വളർച്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്തിട്ടുള്ള, പുരോഗതിയിൽ നമ്മെക്കാൾ ചുരുങ്ങിയത് നൂറു വര്‍ഷമെങ്കിലും മുമ്പിൽ നിൽക്കുന്ന പാശ്ചാത്യരെ യാതൊരുഉളുപ്പും കൂടാതെ അപമാനിക്കുന്ന ധ്യാനപ്രസംഗങ്ങൾ അസഹനീയം തന്നെ.

വിദ്യാഭ്യാസ മേഖലയിലും ആതുര സേവനത്തിലുമെല്ലാം ക്രൈസ്തവ മിഷ്യനറിമാർ കേരള സമൂഹത്തിന് വലിയ സംഭാവനകൾ നല്‍കിയിട്ടുണ്ടെന്നുള്ളത്‌ എടുത്തു പറയേണ്ട കാര്യമാണ്. എന്നാൽ ഈ പരിഷ്കൃത പാശ്ചാത്യ രാജ്യത്തു വന്ന് ഈ സഭയ്ക്ക് എന്ത് സംഭാവനയാണ് ചെയ്യാൻ സാധിക്കുക? സമാധാനമായി ജീവിക്കുന്ന കുടിയേറ്റക്കാരുടെ സമാധാനം കെടുത്തുകയാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വശാസ്ത്രവുമായി വന്നിരിക്കുന്ന ഇടവക വികാരിമാരുടെ സംഭാവന. വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണിപ്പോൾ. പണ്ട് ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സമൂഹങ്ങളെ വിഭജിച്ച് ക്നാനായയെന്നും സീറോയെന്നുമാക്കി. കൂടാതെ അതിൽത്തന്നെ വിഭജിച്ച് പ്രാദേശിക ഗ്രൂപ്പുകളെ സൃഷ്ടിച്ച് തമ്മിലടിയായി. മലയാളികൾ എല്ലാവരും കൂടി ആഘോഷിച്ചിരുന്ന ഓണം പള്ളികളിലേക്ക് മാറ്റി. ഹിന്ദു-മുസ്ലിം, ഇതര ക്രൈസ്തവ സഹോദരങ്ങളിൽ നിന്നെല്ലാം സീറോ മലബാർ സമൂഹം ഫലപ്രദമായി വേർതിരിക്കപ്പെട്ടു. അച്ചനെ അനുകൂലിക്കുന്ന ഒരു കൂട്ടർ; അച്ചനെയും ട്രസ്റ്റികളെയും വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടർ; അച്ചന്റെ ഫ്രിഡ്ജ് നിറയ്ക്കാൻ വാശിപിടിക്കുന്ന ഗോപസ്ത്രീകളുടെ തമ്മിലടി എല്ലാം കൂടി പള്ളിയിലേക്ക് പോകാൻ തോന്നാത്ത അവസ്ഥാ വിശേഷത്തെ സൃഷ്ടിച്ചെടുത്തതാണ് കുടിയേറ്റക്കാരുടെ ഇടയിലെ സീറോ മലബാർ അച്ചന്മാരുടെ സുവിശേഷവൽക്കരണ സംഭാവന.

നമ്മുടെ സംസ്കാരത്തെ നിലനിർത്താനും കുട്ടികൾ വഴിപിഴച്ചു പോകാതിരിക്കാനുമെത്രേ ഇവർ വന്നിരിക്കുന്നത്! കുടിയേറ്റക്കാരെ രക്ഷിക്കാൻ വന്നിരിക്കുന്ന സീറോ മലബാർ സഭയുടെ അടിസ്ഥാനപരമായ കടമ വിശ്വാസി സമൂഹത്തിന് ശുശ്രൂഷ ചെയ്യുകയാണോ അതോ ഭൗതികതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണോ എന്നതാണ് പ്രസക്തമായ ചോദ്യം. നിർഭാഗ്യവശാൽ ഈ വൈദികരിൽ ബഹുഭൂരിപക്ഷവും ധനസമ്പാദനത്തിൽ മുഴുകിയിരിക്കുന്നവരായിട്ടാണ് കാണാൻ കഴിയുന്നത്. ദാരിദ്ര്യത്തോടുള്ള യേശുവിന്റെ സമീപനത്തെ ഇവർ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. അന്യന്റെ ഭാര്യയേയും പള്ളിയുടെ ഡോളറും അടിച്ചു മാറ്റി സ്ഥലം വിടുന്ന വൈദികരും ഇവരുടെ കൂട്ടത്തിലുണ്ട്. ആത്മീയതയെ വളർത്താനും കുട്ടികളെ നന്നാക്കാനും കുടുംബ ബന്ധങ്ങളെ നിലനിർത്താനും സംസ്കാരത്തെ കാത്തുസൂക്ഷിക്കാനുമാണ്‌ വന്നിരിക്കുന്നത് എന്നു പറയുന്ന ഇവർ ബാങ്ക് അക്കൗണ്ടിന്റെ മുകളിൽ അടയിരിക്കുന്നതിന്റെ അർത്ഥമെന്താണ്? വിശ്വാസികളുടെ പോക്കറ്റടിക്കലാണ് ലക്ഷ്യമെന്നത് വ്യക്തം.

കുടിയേറ്റക്കാരുടെ ആത്മീയ ഗുണവർദ്ധനവിനായി വന്നിരിക്കുന്ന വൈദികർ പള്ളിയോടൊത്തു നിന്നില്ലെങ്കിൽ മക്കളുടെ വിവാഹത്തിന് കുറി തരില്ല എന്ന ഭീഷണിവരെ മുഴക്കി ഇടവകക്കാരെ ഭയപ്പെടുത്തി ഭരിക്കുന്ന രീതിയാണിപ്പോൾ നടക്കുന്നത്. മറുനാട്ടിലെത്തി കിട്ടിയ സ്വാതന്ത്ര്യത്തെ ഇവരുടെ കാൽക്കീഴിൽ അടിയറവു വയ്ക്കണമെത്രേ. കുടുംബ ജീവിതത്തെയും കുടുംബാന്തരീക്ഷത്തെയും ഇവർ താറുമാറാക്കി സമൂഹത്തിൽ അസമാധാനം വാരിവിതറുകയാണിപ്പോൾ. ഭർത്താക്കന്മാരുടെ സ്വതന്ത്ര ചിന്തയെ ഭാര്യമാർ ചോദ്യം ചെയ്യുന്നു. കുട്ടികൾ മൂന്നു മണിക്കൂർ നീളുന്ന കർബാനയിൽ പങ്കെടുക്കാൻ വിസമ്മതം കാട്ടുന്നു. ലത്തീൻ പള്ളിയിൽ പോയാൽ മുക്കാൽ മണിക്കൂറു കൊണ്ട് ദിവ്യബലിയിൽ സംബന്ധിച്ച് തിരിച്ചെത്താമെന്ന് അവർക്കറിയാം. പള്ളിയിൽ വരുന്ന കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ നമ്മുടെ കർത്താവിന്റെ ശവശരീരപ്പകർപ്പുണ്ടാക്കി പെട്ടിയിൽ വെച്ച് പ്രദക്ഷിണം നടത്തുന്ന ഏർപ്പാട് ആർക്കു വേണ്ടിയാണ്. കേരളത്തിലെ അനാചാരങ്ങളും ദുരാചാരങ്ങളും അതേപടി ഇറക്കുമതി ചെയ്ത് ഈ നാടിനെത്തന്നെ അവഹേളിക്കുകയാണ് ഈ അച്ചന്മാർ ചെയ്യുന്നത്. ഇവിടെ ജനിച്ചു വളരുന്ന കുട്ടികളെ പാശ്ചാത്യ സംസ്കാരത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വളരാൻ പോലും ഈ വൈദികർ അനുവദിക്കുകയില്ല.

വൈദിക വിമർശകാരെക്കൊണ്ട് വൈകന്റെ കാലു പിടിപ്പിക്കുക, മെത്രാന്റെ മോതിരം മുത്തിക്കുക തുടങ്ങിയ കലാപരിപാടികൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടപ്പിലുണ്ടെന്നുള്ളത് ലജ്ജാകരം തന്നെ. സ്വാർത്ഥ ത്യാഗ സ്വഭാവമില്ലാത്ത വൈദികരുടെ അടിമകളായാൽ നമ്മൾ ചാടിക്കളിക്കുന്ന കുഞ്ഞുരാമന്മാരായി അധഃപ്പതിയ്ക്കുമെന്ന് തീര്‍ച്ച. ജ്ഞാനോദയവും ശാസ്ത്രീയ ഉണർവും ലഭിച്ച ഈ പാശ്ചാത്യ നാടുകളിൽ ജീവിക്കാൻ അവസരം ലഭിച്ച നമ്മൾ കുറേക്കൂടി യുക്തിഭദ്രമായി ചിന്തിക്കാൻ പഠിക്കണം. പിന്തിരിപ്പൻ പൗരോഹിത്യത്തിന്റെ വക്രബുദ്ധിയെ മനസ്സിലാക്കണം. അവരെ ഒരുവിളിപ്പാട് അകലെ നിര്‍ത്തണം.

വിശ്വാസമെന്ന അന്ധത കൊണ്ട് സ്വയം വിഡ്ഢികളായവർ പള്ളിയും പട്ടക്കാരെയും താങ്ങി നിന്നാൽ എന്നേക്കും സ്വർഗത്തിൽ കഴിയാമെന്നാണ് ധരിച്ചുവശായിരിക്കുന്നത്. ഈ ദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണക്കാർ, മെത്രാന്മാരെയും വൈദികരെയും എഴുന്നെള്ളിച്ചു കൊണ്ടു നടക്കുന്ന, അന്ധരായ പള്ളിഭക്തരാണ്. മെത്രാന്റെ വടി പിടിച്ചു‌ നിൽക്കുക, തൊപ്പി ചുമന്നു നടക്കുക, ധൂമക്കുറ്റി ആട്ടുക എല്ലാം ദുർബല മനസ്സുകൾക്ക് ആത്മനിർവൃതി നൽകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് സീറോ മലബാർ സഭയുടെ ആഗോളവൽക്കരണത്തെ മാത്രം പഴിച്ചിട്ട് കാര്യമില്ല. നമ്മുടെ തല സ്വമനസ്സാലെ അവരുടെ കക്ഷത്തിൽ കൊണ്ടുപോയി വയ്ക്കുന്ന നമ്മൾ തന്നെയാണ് ഈ വിഷയത്തിലെ കുറ്റക്കാർ. ആടുകൾക്ക് ബോധം വരണം.

വിഷയാവതരണത്തിനു ശേഷം നടന്ന സുദീർഘമായ ചർച്ചയുടെ സംക്ഷേപം കൂടി ഈറിപ്പോർട്ടിൽ ചേർത്താൽ ദീർഘിച്ചു പോകുമെന്ന ഭയത്താൽ അത് ഉള്‍പ്പെടുത്തുന്നില്ല. സീറോ മലബാർ സഭയുടെ ആഗോളവൽക്കരണത്തിൽ ആരുംതന്നെ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടില്ല. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന യോഗം മോഡറേറ്റർ ശ്രീ എ സി ജോർജിന്റെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.

സൂം മീറ്റിംഗിന്റെ ലിങ്ക് താഴെ കൊടുക്കുന്നു:
https://www.facebook.com/100006503474626/videos/3146668712226547/

അടുത്ത സൂം മീറ്റിംഗ് മാര്‍ച്ച് 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് (എ.എസ്.ടി) നടത്തുന്നതാണ്. പ്രഭാഷകൻ: പ്രഫ. ടി. ജെ. ജോസഫ് (അക്ഷരങ്ങളുടെ പേരിൽ, ആശയങ്ങളുടെ പേരിൽ കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട ഒരു അദ്ധ്യാപകൻ).
വിഷയം: എന്റെ മതം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top