Flash News

സേതു നരിക്കോട്ടിന് ആദരാജ്ഞലികളോടെ…..!

February 15, 2021 , ഡോ. നന്ദകുമാര്‍ ചാണയില്‍

ന്യൂയോര്‍ക്കിലെ മലയാളി-സാമൂഹ്യ-സാംസ്ക്കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സേതു നരിക്കോട്ട് ഓര്‍മ്മയായി. ഇന്നലെ (ഫെബ്രുവരി 14) പാലക്കാട്ടുള്ള അവരുടെ തന്നെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്നി ഡോ. രാധികയും, ഏകപുത്രി സന്ധ്യയും സമീപമുണ്ടായിരുന്നു.

നാണിക്കുട്ടിയമ്മ (കേരളം), വിശ്വം (മോണ്‍‌ട്രിയോള്‍, കാനഡ), അമ്മു, ഗോപി, കൊച്ചു (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.

+++++++

1970-കളുടെ ആരംഭത്തിൽ ന്യൂയോർക്കിൽ മലയാളികളും മലയാളി സംഘടനകളും വളരെ വിരളമായിരുന്നു. അമേരിക്കൻ കുടിയേറ്റ നിയമത്തിൽ ഭേദഗതി വന്നതോടെയാണ് മലയാളി കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ആരംഭിച്ചത്. കാലക്രമേണയാണ് മലയാളി സംഘടനകളും മലയാളം പ്രസിദ്ധീകരണങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ഡോ. നന്ദകുമാര്‍ ചാണയില്‍

അങ്ങിനെ സംഘടനകൾ നാട്ടിൽ നിന്ന് സിനിമാ താരങ്ങളെയും മറ്റു കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും, രാഷ്ട്രീയക്കാരേയും, മതനേതാക്കളേയും, അമേരിക്കയിലേക്ക് കൊണ്ടുവരിക പതിവായി. ഈ വേദികളിൽ തന്റെ ഹാസ്സെൽബ്ളാഡ് ക്യാമറയും തൂക്കി നല്ലൊരു ഷോട്ടെടുക്കാൻ തയ്യാറായി, പ്രസരിപ്പോടെ, സേതു നരിക്കോട്ടെന്ന ക്യാമറാമാൻ പ്രത്യക്ഷപ്പെടുക സാധാരണയായിരുന്നു.

1943 മാര്‍ച്ച് മൂന്നാം തിയ്യതി പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലുള്ള നഗരിപ്പുറം എന്ന ഗ്രാമത്തിലെ പ്രശസ്ത കുടുംബാംഗങ്ങളായ പൂവത്തിങ്കൽ ശ്രീ. കൃഷ്ണൻ നായരുടെയും നരിക്കോട്ടെ ശ്രീമതി മാധവി അമ്മയുടെയും പുത്രനായാണ് സേതു ജനിച്ചത്.

ചെറുപ്പം മുതലേ ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്ന സേതുവിന് പത്തിരിപ്പാല ഹൈസ്കൂളിൽ നിന്ന് ധാരാളം സമ്മാനം കിട്ടുക പതിവായിരുന്നു. പാലക്കാട്ടെ വിക്ടോറിയ കോളേജിൽ ബി.എസ്.സി ബോട്ടണിക്ക് പഠിച്ചുകൊണ്ടിരിക്കേയാണ് ജർമ്മനിയിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി നാടുവിട്ടത്. പഠനം പൂർത്തിയാക്കി കുറച്ചു കാലം പ്രിന്റിംഗ് മേഖലയില്‍ ജോലി നോക്കിയ ശേഷം ന്യൂയോര്‍ക്ക് തന്റെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തു.

തലസ്ഥാനമായ ആല്‍ബനിയില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെയായിരിക്കുമ്പോൾ നാട്ടിൽ പോയി ഡോ. രാധിക തരൂരിനെ വിവാഹം കഴിച്ചു. ആൽബനിയിൽ വെച്ച് അവരുടെ ഏക മകളായ സന്ധ്യയും പിറന്നു. പിന്നീട് ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറ്റിയ സേതു, അക്കാലത്ത് ഇന്ത്യക്കാർക്കിടയിൽ ക്വീൻസ് പ്രദേശത്ത് സുപരിചിതമായ “സന്ധ്യ ഗ്രോസറീസ്” എന്ന കടയും തുടങ്ങി. എങ്കിലും തന്റെ കർമ്മവീഥിയായ പ്രിന്റിംഗ് വെടിഞ്ഞില്ല. താമസംവിനാ, ഹിൽസൈഡ് അവന്യുവിൽ ഒരു പ്രിന്റിഗ് പ്രസ്സും ആരംഭിച്ചു. പ്രിന്റിംഗ് ടെക്നോളജിയിലെ സാങ്കേതിക മികവും ഫോട്ടോഗ്രാഫിയിലുള്ള പാണ്ഡിത്യവും “സന്ധ്യ പ്രസ്സി”നെ ഒരു നല്ല സ്ഥാപനമാക്കി മാറ്റി. അക്ഷരത്തെറ്റ്, ചിഹ്നവിരാമങ്ങൾ എന്നിവയിലുള്ള നിഷ്ക്കർഷത ഇതര പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുക കാരണം ട്രൈസ്റ്റേറ്റ് ഏരിയകളിൽ നിന്ന് ആളുകൾ സേതുവിനെ തേടി സന്ധ്യ പ്രസ്സിൽ വരുമായിരുന്നു. ഭാരതീയ വിദ്യാഭവന്റെ ന്യൂയോര്‍ക്കിലെ സാരഥി ഡോ. പി. ജയരാമൻ, ഭവന്റെ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ വിശ്വസ്തതയോടെ ഏൽപ്പിച്ചിരുന്നത് സേതുവിനെ ആയിരുന്നു. കൂടാതെ, അനേകം മലയാളം പ്രസിദ്ധീകരണങ്ങളും ഈ പ്രസ്സിൽ അച്ചടിച്ചിട്ടുണ്ട്. അങ്ങിനെ, തന്റെ പ്രവൃത്തി മേഖലയിൽ മുഴുകിയിരിക്കേ, വാർദ്ധക്യസഹജമായ അസ്വസ്ഥതയാൽ ജോലിയിൽ നിന്നും വിടപറയേണ്ടിവന്നു.

മലയാള ഭാഷയോടും സംസ്കാരത്തോടും അളവറ്റ കൂറു പുലര്‍ത്തിയിരുന്ന ഈ ഈ ഭാഷാസ്നേഹി, സ്വന്തം ചിലവിൽ മലയാള ഭാഷാപഠനത്തിനായി ഇവിടുത്തെ കുട്ടികളുടെ അഭിരുചിക്കനുസൃതമായി ചില ഭേദഗതികളോടെ, (പരമ്പരാഗതവാക്കുകൾക്കു പകരം ഇവിടുത്തെ കുട്ടികൾക്ക് സുപരിചിതമായ വാക്കുകൾ ഉപയോഗിക്കുക വഴി) പ്രസിദ്ധപ്പെടുത്തിയ അക്ഷരമാലാ പുസ്തകം വടക്കെ അമേരിക്കന്‍ മലയാള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും അദ്ധ്യേതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്സിന്റെ ബേസ്മെന്റിലായിരുന്നു കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള മലയാളം പാഠശാല സമാരംഭിച്ചതെന്നും എടുത്തുപറയേണ്ടിയിരിക്കുന്നു.

2017 ഒക്ടോബറില്‍ ന്യൂയോർക്കിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ. ജെ. മാത്യുസിന്റെ സാരഥ്യത്തിൽ നടന്ന ‘ലാന’ സമ്മേളനം സേതുവിന്റെ ഭാഷാ സേവനത്തിനുള്ള സംഭാവന പരിഗണിച്ച് പാരിതോഷികം നൽകി ആദരിക്കുകയുണ്ടായി. തത്സമയം മലയാള അച്ചടി മാധ്യമങ്ങളിലെ അക്ഷരപുണ്യത്തിന്റെ ഉടമയായിരുന്ന വിശ്രുത ‘മലയാളം പത്ര’ ത്തിന്റെ സാരഥി ശ്രീ. ജേക്കബ് റോയി പ്രിന്റിംഗ് മേഖലയിലെ സേതുവിന്റെ പ്രാവീണ്യം ‘മലയാളം പത്ര’ത്തിന്റെ ആരംഭ കാലത്ത് ഉപകാരപ്രദമായത് നന്ദിപൂര്‍‌വ്വം സ്മരിക്കുകയുണ്ടായി. ന്യൂജെഴ്സിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘പ്രഭാതം’ എന്ന പത്രത്തിനും വേണ്ട സഹായ സഹകരണങ്ങൾ സേതു നൽകിയിട്ടുണ്ട്.

എംബോസിംഗ് പ്രക്രിയയിലൂടെ സേതു, മഹാത്മാഗാന്ധിയുടെ ചിത്രം നിർമ്മിക്കുകയും അത് രാഷ്ട്രപതി ഭവനിൽ സമർപ്പിക്കാൻ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. കെ. ആർ. നാരായണൻ അനുവദിക്കുകയും അദ്ദേഹത്തേയും കുടുംബത്തേയും രാഷ്ട്രപതിഭവൻ സന്ദർശിക്കാൻ അനുവദിച്ചതും സേതു നരിക്കോട്ടിന്റെ അവിസ്മരണീയവും ധന്യവുമായ ഒരു മുഹൂർത്തമായിരുന്നു.

ഏതു പുരുഷന്റേയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നുള്ളത് സുവിദിതമാണല്ലോ. സഹധർമ്മിണി ഡോ. രാധിക ന്യൂയോർക്കിൽ മുപ്പത് വർഷത്തോളം സ്തുത്യർഹമായി സേവനമനുഷ്ഠിച്ച ശേഷം ഭർത്താവിന്റെ പരിചരണത്തിനും ശുശ്രൂഷക്കുമായി ജോലിയിൽ നിന്നും വിരമിച്ചു. ഗർവ്വോ അഹങ്കാരമോ ഇല്ലാത്ത ലാളിത്യമാണ് ഈ സാധ്വിയുടെ മുഖമുദ്ര. ദൈനംദിന ജീവിതത്തിൽ മാത്രമല്ല, ഔദ്യോഗിക ജീവിതത്തിലും ആംഗലേയ ചമയങ്ങളില്ലാതെ, തന്റെ ദേശീയ വസ്ത്രമായ സാരിയും ധരിച്ച് രോഗികളെ പരിരക്ഷിക്കുന്നതിലോ മെഡിക്കൽ സിമ്പോസിയങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിലോ ഈ ഡോക്ടർക്ക് തെല്ലും വൈമുഖ്യമില്ലതന്നെ.

തന്റെ ഏക പുത്രിയെ മലയാള ഭാഷ പഠിപ്പിക്കുന്നതിലും, ഭാരതീയ സംഗീത നൃത്യകലകൾ അഭ്യസിപ്പിക്കുന്നതിലും, ഭാരതീയ ഭക്ഷണം, വസ്ത്രധാരണം എന്നിവ സ്വായത്തമാക്കിപ്പിക്കുന്നതിലും ഈ ദമ്പതികൾ ഒരു മാതൃക തന്നെ. അതേ, ചക്കിക്കൊത്ത ചങ്കരൻ, അല്ല ചങ്കരനൊത്ത ചക്കിയോ?

സേതുവും ശ്രീമതിയും നല്ല ആതിഥേയരായിരുന്നു. യശഃശ്ശരീരനായ മാധ്യമ പ്രവർത്തകൻ ശ്രീ. വി. കെ. മാധവൻകുട്ടി, ആര്യവൈദ്യശാലയുടെ സർവ്വാധികാരിയായ വൈദ്യരത്നം ഡോ: പി.കെ. വാരിയർ, സിനിമാലോകത്തെ ഭരത് ഗോപി, ജയഭാരതി, ഡോ: ശശി തരൂർ എന്നിവരൊക്കെ ഇവരുടെ ആതിഥ്യം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.

ഇതിനൊക്കെ പുറമെ, അമേരിക്കൻ മലയാളി സാമൂഹ്യ-സാംസ്കാരിക-സംഘടനകളിലെ അംഗവും സാന്നിധ്യവുമായിരുന്നു ഈ കുടുംബം. ‘അയ്യപ്പസേവാ സംഘം’, ‘എൻ.ബി.എ. എന്നീ സംഘടനകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളുമായിരുന്നു സേതു. ‘കേരള സമാജം’ ‘സർഗ്ഗ വേദി’ എന്നീ കൂട്ടായ്മകളിലും അദ്ദേഹം ഭാഗഭാക്കാവുക പതിവായിരുന്നു.

സേതുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top