Flash News

ചൊക്ളി (നോവല്‍ 38): എച്മുക്കുട്ടി

February 15, 2021

മഡത്തിലെ പണിക്കാര്ക്ക് നാവ് തൊള്ളേ കെട്ക്ക്ല്യ. ജാനു കൊച്ചിന് ജഗനാദൻന്ന് പേരിട്ട്.. ഇട്ടത് ചൊക്ളി യന്ന്യാ. അവളക്ക് ആ പേരാ ഇഷ്ടന്ന് പറഞ്ഞു. ചൊക്ളി ഇട്ടു. ചൊക്ളിക്കറീണ പേരോള് അന്തോണി മാപ്ള, പ്രാഞ്ചീസ്, രാമേട്ടൻ, രാഗവേട്ടൻ, പപ്പിനി, മയിലി, മൊയ്തീൻ ക്ക, നസീറിക്ക, നവാസിക്ക, മറിയംബി, തുന്നക്കാരൻ ശങ്കരൻ, വിജയൻ, രവ്യേട്ടൻ….ഇങ്ങത്തെ പേരൊക്കെ ചക്കര മോന് ഇടാമ്പറ്റോ..

ജഗനാദൻന്ന് നല്ല പേരന്ന്യാ..

അവള് ജക്കൂന്നാ വിളിക്കണ്. ചൊക്ളീം വിളിച്ച് അതന്നെ..

പണിക്കാര്ക്ക് തൊടങ്ങീലോ മോറ് വീർപ്പ്. വിശ്ശൊനാദസ്സാമീരേ അപ്പൻറെ പേരണ് അദ്.. കുട്ടി ചൊക്ളീൻറെ അല്ലാ… നേർത്തേ കൂട്ടി പെറ്റു..

ചൊക്ളി ഒന്നും കേട്ട്ല്യാ.. കൊച്ചിന് ജാനൂൻറെ മോറാണ്. പാളേ കെട്ത്തി കുളിപ്പിക്കുമ്പോ ജാനു പറേം .. പൊറോം കുഞ്ഞിച്ചന്തീം ചൊക്കേട്ടൻറ്യാ..കൈയും കാലും ചൊക്കേട്ടൻറെയാ…

അതങ്ങന്യാന്ന് ചൊക്ളിക്ക് തോന്നേം ചെയ്യ്ണ്ട്.

ചൊക്ളി കൂട്ടിവെച്ചേർന്ന കാശൊക്കെ ഇട്ത്ത് ആലൂരമ്പലത്തിൻറെ നടയ്ക്കെ ഇരിക്കണ്ണ കിര്ഷ്ണൻ തട്ടാരേ ഏൾപ്പിച്ച്..
ജക്കൂന് അരഞ്ഞാണോം തളേം വളേം മാലേം ജാനൂന് ഒര് നീട്ടത്തിലാടണ കമ്മലും തീറ്പ്പിച്ചു. കാശപ്പടി തീര്ന്ന്. എന്നാലും ജക്കൂനല്ലേ… ചൊക്ളീരേ സൊന്തല്ലേ അവൻ..

സൊർണ്ണൊക്കെ ഇട്ട് വയറ് നെറച്ചും പാലും കുറുക്കും തിന്ന്… ചാക്കുമ്മേ കെടന്ന് കൈയും കാലും എളക്കിക്കളിക്കണ അവനെ എത്ര ഇടുത്താലും നോക്കിയാലും ചൊക്ളിക്ക് മത്യാവില്ല..

അവൻ സൊന്തല്ലേ, ചൊക്ളീരേ..

കുട്ടീനെ എടയ്ക്ക് കാണിക്കണ്ണതും കുത്തിവെക്കണതും പ്രേമമ്യാരുടെ മഡത്തില് ആണ്. ഉഷമ്യാരെ പോലല്ല… പ്രേമമ്യാര്. അവര് ചിറിക്കില്ല. കാര്യം കയിഞ്ഞാ അപ്പോ പോണം…എന്താണ്ട് ദേഷ്യം ള്ള പോല്യാ ആ മോന്ത എപ്പളും..ജാനൂൻറെ അമ്മ പൂവ്വും കൂടെ… ചൊക്ളി ഒര് ക്കെ പോയിറ്റ് പിന്നെ ആ വയിക്ക് പോയില്ല…

ജക്കൂനെ കുത്തിവെച്ച് ഊദ്രവിക്കും.. അത് വല്യേ സങ്കടാണ്. പിന്നെ അമ്യാരടെ മോറ് വീർപ്പും കാണ്ണണ്ണം.

പണീട്ക്കണ്ട്. ചൊക്ളീം ജാനും അവളരെ അമ്മേം തോനക്ക് പണിയ്ണ്ട്. എല്ലാ മഡങ്ങളിലും ഏന്ന് വിളിച്ചാ ഓടി ചെല്ല്ണ്ട്. മൻഷമ്മാരന്തി ഒന്ന് ചിറിച്ചാ ന്താവോ..

ആ പോട്ടേ… കാശാര് എപ്പളും അങ്ങന്യാ.. താമരച്ചേട്ത്താര് അങ്ങനാര്ന്നു. മൊയ്തീൻക്കക്കും അങ്ങനെ സിനേകം ഒന്ന്ണ്ടാര്ന്നില്ല.. ആര്ക്കാ സിനേകം ഇണ്ടായീത് ഇത് വരേക്കും..

ജാനൂനന്നെ.. അവളെ ആര് എന്തിറ്റ് പറ്ഞ്ഞാലും ചൊക്ളി വിശ്ശോസിക്കില്ല..

ജക്കുന് ഒര് വയസ്സാവ്ണ സമേത്ത് വന്ന ദേശവെളക്ക് നും കോടംകര പള്ളിപ്പെര്ന്നാളിനും ആലൂര് മ്പലത്ത്ലെ ഉൽസ്സോത്തിനും ചൊക്ളി എല്ലരേം കൊണ്ടോയി.

അയ്യപ്പൻ കുന്ന്ന്നും വാറോട്ട് മനക്കുന്നെന്നും മറിയപ്പാറേല് എയ്തിവെച്ച്ണ്ട് ന്ന് ജാനു പറയ്യേ.. ചൊക്ളിക്ക് വായിക്കാനറില്ല. മൊയ്തീൻക്ക കോടംകര പള്ളീരവ്ടെന്ന്യാണ് കട വെച്ചിര്ന്നേ.. നല്ല തെരക്കായോണ്ട് ചൊക്ളീം ഒന്നും ചോയിച്ചില്ല…

ജാനൂന് പച്ചേം ചോപ്പും മഞ്ഞേം നീലേം കുപ്പിവളോളും തലേല് ഇടണ ക്ണീപ്പും വേടിച്ചു കൊട്ത്തു.

അങ്ങനെ സന്തോഷായിട്ട് ഇരിക്കുമ്പന്ന്യാണ് ജക്കൂൻറെ പെറന്നാള് വന്ന്ത്.

കാശ് കൂട്ടിവെച്ച് ജാനൂന് ഒര് കുയിമിന്നീം അവളരെ അമ്മക്ക് ഒരു ചെറ്യ കമ്മലും ചൊക്ളി ഇണ്ടാക്കിച്ചു.. അതണ് ജക്കൂൻറെ പെറന്നാള്ന് ചെയ്തേ..

ജാനൂന് വല്യ സന്തോഷായി.. അമ്മ നെലോളിച്ച്.. എന്തിറ്റാവോ കാര് യം? കമ്മല് കിട്ടീപ്പോ സന്തോഷല്ലേ വേണ്ട്?.

പ്രാഞ്ചീസും രാഗവേട്ടനും വന്ന് ഉണ്ടു. ഒന്നും അദികില്ല.. ഒരു പായിസം വെച്ചൂ, കൊറച്ച് പപ്പടം കാച്ചി ജാനൂൻറെ അമ്മ..

രാഗവേട്ടനും പ്രാഞ്ചീസും പറേണത് ആലൂര് സെൻറരും അമ്പലങ്ങോളും ഇന്തുക്കളടെ ടവുസറും തൊപ്പീട്ട് ഒരു വടിം പിടിച്ച് നടക്ക്ണ ആള്കാരായിറ്റ് നെറഞ്ഞ് വരാന്നാ.. ക്രിസ്താനികള്ക്കും മേത്തമ്മാര്ക്കും അവടെ വീട് വേടിക്കാൻ ള്ള വഴീണ്ടാക്ക് ര്ത് ന്നാ.. അവര് പറേണ് .

ചൊക്ളി ചോയിച്ചു ‘എന്തിനേണ് അങ്ങ്നെ?’

‘മ്മടെ നാട് പണ്ടാറടങ്ങും.. ആ രാമാണോം മകാഭാര്തോം കാണ്ണിച്ചോടങ്ങീല്ലേ.. ടീ വീല്…മനഷേരപ്പടി അയിൻറെ മുമ്പില് കുത്തിരിക്കേണ്.അപ്പത്തൊടങ്ങീതാ..’രാഗവേട്ടൻ മന്ത് രി ക്കണ പോലെ പറഞ്ഞു.

വല്യ മഡത്തിൻറെ ഉമ്മറത്തെ ടീവിപെട്ടീല്ണ് രാമാണോം മകാഭാര്തോം കാണ്ല്. എല്ലേരും കാണ്ണും. ചൊക്ളിക്ക് തിരിയില്ല. എന്തിറ്റാണ്ട് പണ്ടാറ വർത്താനണ്. ഒരു യാതി ഉടുപ്പൊക്കീട്ടോര് കളിക്കിണേം ചിരിക്കിണേം കാണ്ണാം.

ജാനൂന് കദ അറീം. അദ് കടലാസ് വായിച്ചട്ടാണ്ണ്. ഏതോ കടലാസ്സ് ല് എഴ്തീണ്ട്ന്ന്. അവള് അത് വായിച്ചോക്കും. അത് കാണ്ണേല് എന്തിറ്റാ കൊയപ്പം.. ചൊക്ളി ക്ക് മൻസ്സിലായില്ല.

അന്ന് വൈന്നാരം രാമേന്ദരൻ സാമി ഡോക്കട്ടറ്ടെ മോൻ ദിനേസ സാമി ഡോക്കിട്ടറ് വല്യ മഡത്തില് വന്നൂന്ന് ജാനൂൻറെ അമ്മ രാത് രീല് പറേണ കേട്ടു ചൊക്ളി കണ്ടേ ര്ന്നു.. കൊറെ പെട്ട്യൊക്കെ ആയിറ്റ് വരണ്ണത്.

ചൊക്ളീൻറെ കല്യാണത്തിന് കൊർച്ച് മുപ്പാട് എവിട്യാണ്ട് പിന്നീം പടിക്കാൻ പോയീതാര്ന്നു.

ഇഞ്ഞീം ആ സാമി പറേണ പണീം ഇടുക്കണ്ട്യരും … കല്യാണം കയിച്ചാ ആ അമ്യാര് പറേണ പണീം ആയി. അല്ലാണ്ടെന്തിറ്റാ..
ചൊക്ളി കുഞ്ഞിജക്കൂനേം കെട്ടിപ്പിടിച്ച് കെടന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top