Flash News

താന്‍ ഉള്‍പ്പെട്ട പരിസ്ഥിതി കൂട്ടായ്മയാണ് ടൂള്‍ കിറ്റ് ഉണ്ടാക്കിയത്; കലാപത്തിന് ശ്രമിച്ചിട്ടില്ല: അഡ്വ, നികിത ജേക്കബ്

February 16, 2021

മുംബൈ: താന്‍ കൂടി ഉള്‍പ്പെട്ട പരിസ്ഥിതി കൂട്ടായ്മയാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടൂള്‍ കിറ്റ് ഉണ്ടാക്കിയതെന്ന് അഡ്വ. നികിത ജേക്കബ് പൊലീസിന് മൊഴി നല്‍കിയതായി വിവരം. കലാപത്തിനോ അക്രമത്തിനോ ശ്രമിച്ചിട്ടില്ലെന്നും, കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്തു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും നികിത മൊഴി നല്‍കി.

ടൂള്‍ കിറ്റ് തയ്യാറാക്കിയത് സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ്. ഇതില്‍ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല. കര്‍ഷ സമരത്തെ പിന്തുണയ്ക്കുന്നു. കൂടുതല്‍ പേരില്‍ നിന്ന് സമരത്തിന് പിന്തുണ നേടിക്കൊടുക്കാന്‍ ശ്രമിച്ചു. ഗ്രേറ്റയ്ക്ക് ടൂള്‍കിറ്റ് കൈമാറിയത് താനല്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എക്‌സ്ആര്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ അഭിപ്രായങ്ങള്‍ പറയാന്‍ ടൂള്‍കിറ്റ് പങ്കുവെച്ചിരുന്നു. ഗ്രൂപ്പിലെ ഒരംഗമാണ് ഗ്രേറ്റയ്ക്ക് ഇത് അയച്ചുകൊടുത്തതെന്നും മൊഴിയിലുണ്ട്. ഇതേ വാദങ്ങള്‍ ജാമ്യാപേക്ഷയിലും അഭിഭാഷകര്‍ ഉന്നയിക്കും.

അതേസമയം നികിത ജേക്കബിന്റെയും ശന്തനു മുളുകിന്റെയും അറസ്റ്റിനായി ഡല്‍ഹി പൊലീസ് സംഘം മഹാരാഷ്ട്രയില്‍ എത്തി. ഇന്ന് ഹൈക്കോടതി തീരുമാനം നിരീക്ഷിച്ച ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. നികിത ജേക്കബിന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അമേരിക്കന്‍ ആക്ടിവിസ്റ്റ് പീറ്റര്‍ ഫെഡറിക്കിന്റെ ഇടപെടലും അന്വേഷിക്കുന്നു. തന്നെ ഖാലിസ്ഥാന്‍വാദിയായി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് ഫെഡറിക് പ്രതികരിച്ചിട്ടുണ്ട്.

ട്രാക്ടര്‍ റാലിയ്ക്ക് മുമ്പേ ദിഷയടക്കമുള്ളവര്‍ സൂം മീറ്റിങ് നടത്തിയെന്ന് ഡല്‍ഹി പോലീസ്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പൊലീസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ അടക്കമുള്ളവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ്. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യം വിശദീകരിച്ചത്.

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ് രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ജനുവറി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്ന് പേരും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തത്.

ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു. ദിഷയെ അറസ്റ്റ് ചെയ്തതില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. ദിഷയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് അവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ജാമ്യമല്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നിഖിത ജേക്കബ് ഇടക്കാല ജാമ്യം തേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി 11ന് ഒരു സംഘം തന്റെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ എത്തിയതായി നിഖിത ജേക്കബ് ഹൈക്കോടതി അപേക്ഷയില്‍ പറയുന്നുണ്ട്. 13 മണിക്കൂറോളം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ഹാര്‍ഡ് ഡിസ്‌ക്കും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും പറയുന്നു. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദിഷ രവിയെ അറസ്റ്റ് ചെയ്ത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദിഷയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.

കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കര്‍ണാടകയില്‍ നിന്ന് ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങിയില്ലെന്ന ആരോപണം റെബേക്ക ഉന്നയിക്കുന്നു. കൂടാതെ ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ദിഷയ്ക്ക് അഭിഭാഷകനെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മജിസ്‌ട്രേറ്റ് കൈക്കൊണ്ടില്ലെന്നും റെബേക്ക പറയുന്നു.

ദിഷയെ കോടതി അഞ്ച് ദിവസത്തെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം ദിഷ രവിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിരായുധയായ ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടെയുള്ളവരും പരിസ്ഥിതി സംഘടനകളും വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top