
ഇന്ത്യന്‍ അംബാസഡർ ദീപക് മിത്തൽ, കോൺസുലാർ ആൻറ് കമ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് എന്നിവരോടൊപ്പം കൾച്ചറൽ ഫോറം നേതാക്കള്‍
ദോഹ: കൾച്ചറൽ ഫോറം ഖത്തറിൻറെ നേതാക്കള്‍ ഇന്ത്യന്‍ അംബാസിഡർ ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ അംബാസിഡറുമായി പങ്കുവെച്ചു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, നിർദ്ധനരായ രോഗികൾ മറ്റു അടിയന്തിര സഹായമാവശ്യമുള്ള കേസുകള്‍ തുടങ്ങിയവയിൽ കൾച്ചറൽ ഫോറം നടത്തുന്ന ജീവകാരുണ്യപരമായ ഇടപെടലുകളെ നേതാക്കൾ വിശദീകരിച്ചു. ഇത്തരം വിഷയങ്ങളിൽ സമയോചിതമായ പിന്തുണയും സഹായവും എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അംബാസ്സഡർ ഉറപ്പ് നൽകി.
സി ബി എസ് ഇ പരീക്ഷ നീട്ടി വെക്കാനുള്ള തീരുമാനം ജോലിനഷ്ടവും സാമ്പത്തിക പ്രയാസവും കാരണം അധ്യയന വർഷാവസാനം നാട്ടില്‍ പോകാന്‍ നേരത്തെ തീരുമാനമെടുത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുമെന്നതിനാൽ നാട്ടില്‍ സ്വന്തം ജില്ലകളിൽ പരീക്ഷ എഴുതാനുളള സംവിധാനം എംബസി മുൻകൈ എടുത്തു ഏർപെടുത്തണമെന്ന ആവശ്യവും കൾച്ചറൽ ഫോറം മുന്നോട്ട് വെച്ചു. ഇങ്ങനെ പ്രതിസന്ധിയിലാവുന്ന വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ഓപ്ഷനുണ്ടെന്ന് എംബസി സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും അംബാസിഡർ അറിയിച്ചു. കൾച്ചറൽ ഫോറത്തിൻറെ സാമൂഹിക സാംസ്കാരിക സേവനപ്രവർത്തനങ്ങളെ പ്രശംസിച്ച അംബാസിഡർ ,പ്രവാസിസമൂഹത്തെ സേവിക്കുന്നതിനുള്ള അർപ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും കൾച്ചറൽ ഫോറം ഭാരവാഹികൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.
കോൺസുലാർ ആൻറ് കമ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ്, വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി,
കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ ,വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി,ആബിദ സുബൈർ സെക്രട്ടറി ചന്ദ്രമോഹൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം റഷീദ് അഹ്മദ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply