Flash News

11 ദശലക്ഷം പേര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്ന ഇമിഗ്രേഷൻ പരിഷ്കരണ ബിൽ ഡമോക്രാറ്റുകള്‍ അവതരിപ്പിച്ചു

February 19, 2021

വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11 ദശലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വത്തിനുള്ള സാഹചര്യമൊരുക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ പദ്ധതിക്ക് ഡമോക്രാറ്റുകൾ അനുമതി നല്‍കി.

റിപ്പബ്ലിക്കൻ‌മാർ‌ ഒരു പതിറ്റാണ്ടിലേറെയായി തടഞ്ഞു വെച്ചിരിക്കുന്ന നിയമനിർ‌മാണം “കാലഹരണപ്പെട്ടതാണ്” എന്ന് വ്യാഴാഴ്ച ഉന്നത ഡമോക്രാറ്റുകൾ‌ പറഞ്ഞു. രേഖകളില്ലാതെ വര്‍ഷങ്ങളായി യു എസില്‍ താമസിക്കുന്നവര്‍ക്ക് ഒരു ‘സ്ഥിര ഭവനം’ നിഷേധിച്ചതിന് ന്യായീകരണമില്ലെന്നും അവര്‍ വാദിക്കുന്നു.

നിയമനിർമ്മാണത്തിലൂടെ സ്ഥിരമായി താമസിക്കാനുള്ള അനുമതി ലഭിക്കുന്ന കുടിയേറ്റക്കാരിൽ ഭൂരിഭാഗവും വർഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്നവരാണ്. അവര്‍ക്ക് വീടുകളും വിവിധ ബിസിനസ്സുകളുമുണ്ട്. അവര്‍ക്ക് അമേരിക്കയില്‍ ജനിച്ച മക്കളുണ്ട്. അവര്‍ അമേരിക്കയിലെ സ്കൂള്‍/കോളേജുകളില്‍ വിദ്യാഭ്യാസം നേടുന്നു.

മുമ്പ് നാടുകടത്തപ്പെട്ട ചില കുടിയേറ്റക്കാർക്ക് മാനുഷിക പരിഗണനകളാല്‍ യുഎസിലേക്ക് മടങ്ങാൻ അപേക്ഷിക്കാനും പുതിയ ബിൽ അനുവദിക്കും.

കൂടാതെ, കുട്ടികളായിരിക്കുമ്പോള്‍ യുഎസില്‍ എത്തിയവര്‍ക്കും, ഫാം വർക്കർമാർ എന്ന നിലയില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ആളുകള്‍ക്കും സ്ഥിരമായി നില്‍ക്കാനും ജോലി ചെയ്യാനുമുള്ള ‘ഗ്രീന്‍ കാര്‍ഡ്’ ലഭിക്കാനും പുതിയ ബില്‍ സഹായകമാകും.

സ്വന്തം രാജ്യങ്ങളിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങളോ പ്രകൃതിദുരന്തങ്ങളോ കാരണം താൽക്കാലിക പരിരക്ഷിത പദവിയിൽ (ടിപിഎസ്) വർഷങ്ങളോളം രാജ്യത്ത് താമസിച്ചവരാണ് മറ്റ് കുടിയേറ്റക്കാർ. യുഎസ് നിയമത്തിൽ രേഖപ്പെടുത്താത്ത കുടിയേറ്റക്കാരെ “അന്യഗ്രഹ ജീവികൾ (aliens) എന്ന് മുദ്രകുത്തുന്നത് നിർത്താനും ബിൽ നിർദ്ദേശിക്കുന്നു. പകരം അവരെ “പൗരന്മാരല്ലാത്തവർ (non-citizens)” എന്ന് വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളെ ബൈഡന്‍ ഭരണകൂടം ശക്തിയുക്തം എതിര്‍ക്കുന്നതാണ് പുതിയ ബില്‍. യു എസ് – മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിലൂടെ കുടിയേറ്റം തടയുമെന്ന് ട്രംപ് 2016 ൽ വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് അധികാരമേറ്റയുടനെ രാജ്യത്ത് നിയമപരവും നിയമവിരുദ്ധവുമായ പ്രവേശനങ്ങൾക്ക് നേരെ അടിച്ചമർത്തലും ആരംഭിച്ചു. കൂടാതെ, നൂറു കണക്കിന് കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ഷെല്‍ട്ടറുകളില്‍ അടച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെയ്ക്കുകയും ചെയ്തു.

ബൈഡന്റെ പുതിയ നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻമാരിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും ട്രംപിന്റെ നിയന്ത്രണത്തിലാണ്. ട്രം‌പിനെ ന്യായീകരിക്കുന്നവരാണ് അവരില്‍ ഭൂരിഭാഗവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top