Flash News

മത്സ്യബന്ധന അഴിമതി: ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയും ഇ.എം.സി.സിയും ന്യൂയോര്‍ക്കിലും കേരളത്തിലും നടത്തിയ ചര്‍ച്ചകളുടെ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

February 21, 2021

തിരുവനന്തപുരം: ആഴക്കടലിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയും ഇ പി ജയരാജനും പ്രതിരോധത്തിലായതോടെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കുഴങ്ങുകയാണ് മൂവരും. രമേശ് ചെന്നിത്തലയെ ‘ഒതുക്കാന്‍’ ശ്രമിച്ച മൂവരേയും കൂടുതല്‍ പ്രതിരോധത്തിലാക്കി രമേശ് ചെന്നിത്തല കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു.

തദ്ദേശ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിദേശ കമ്പനിക്ക് കുത്തകാവകാശം നല്‍കുന്നതിലൂടെ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുകയാണ് മുഖ്യമന്ത്രിയും സംഘങ്ങളും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ പദ്ധതി നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ മത്സ്യബന്ധനത്തിനു വേണ്ടി .എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയിലെ അസെന്റെില്‍ വെച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐഡി.സി ഒപ്പിട്ട ധാരണാപത്രത്തിന്റെ (എം.ഒ.യു) രേഖകളുടെ പകര്‍പ്പും പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് നാലേക്കര്‍ ഭൂമി അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ചെന്നിത്തല ഇന്ന് പുറത്തുവിട്ടു.

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍വെച്ച് ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോര്‍ക്കില്‍വെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പല വസ്തുതകള്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും മുഖ്യമന്ത്രി ഇതില്‍ ദുരൂഹത കാണേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ 2018 ല്‍ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ആ നയത്തിലെ വകുപ്പ് 2.(9) ആണ് വിവാദമായിട്ടുള്ളത്. പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്. ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മെഴ്‌സികുട്ടിയമ്മ പറയുന്നത്. പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത് ഇവിടെയാണെന്നും ഇ.എം.സി.സിയുടെ പദ്ധതിയില്‍ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണെന്നുമുള്ള വസ്തതയും അദ്ദേഹം പുറത്തു വിട്ടു.

ഇ.എം.സി.സിയുടെ ട്രോളറുകളില്‍ തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയും ഇതിലൂടെ ലഭിക്കുന്ന മത്സ്യം കമ്പനിയുടെ സംസ്‌ക്കരണ ശാലകളില്‍ എത്തിച്ച് കയറ്റുമതി ചെയ്യാനാണ് തീരുമാനം. മുതല്‍മുടക്കും കച്ചവടവും ഇ.എം.സി.സി ചെയ്യുമ്പോള്‍ മത്സ്യബന്ധനത്തിന് മാത്രമാണ് തൊഴിലാളികളെ വിനയോഗിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ എം.ഒ.യു ഒപ്പിട്ടിരിക്കുന്നത്.

ഇ.എം.സി.സി സി.ഇ.ഒ ഡുവല്‍ ഇ ഗെരസറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കൊപ്പം ആഗസ്റ്റ് രണ്ടിനാണ് സി.ഇ.ഒ മുഖ്യമന്ത്രിയെ കണ്ടത്. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലറ്റ് വാണിജ്യ പ്രതിനിധി ദേവിപ്രസാദ് മിശ്ര അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അങ്ങനെയൊരു കൂടിക്കാഴ്ച്ച നടന്നിട്ടില്ലെങ്കില്‍ ഇ.എം.സി.സിയുമായി ഏര്‍പ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നുവെന്നും ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എന്‍.സി. എം.ഡി എന്‍. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും ഇ.പി. ജയരാജനും നിഷേധിച്ചതിനു പിന്നാലെ, കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മത്സ്യബന്ധനത്തിന് ധാരണപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയുടെ ഉടമകളുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങളാണ് ചെന്നിത്തല പുറത്തുവിട്ടത്. ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചയില്‍ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ ക്ഷണമാണ് പദ്ധതിക്ക് ആധാരമെന്ന് വ്യക്തമാക്കുന്ന രേഖയും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.

മന്ത്രി മെഴ്സിക്കുട്ടിയമ്മയും അമേരിക്കൻ കമ്പനിയുമായി ചർച്ച നടത്തിയ വിവരവും പദ്ധതിയെക്കുറിച്ചും ജയരാജന് അറിയാമായിരുന്നു എന്നതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് ചര്‍ച്ചയില്‍ മന്ത്രി ക്ഷണിച്ചതനുസരിച്ചുള്ള പദ്ധതിയാണെന്നും മന്ത്രിസഭ അംഗീകാരം നല്‍കണമെന്നുമാണ് മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെ അസെന്റില്‍ സര്‍ക്കാറും ഇ.എം.സി.സിയും 5000 കോടിയുടെ ധാരണപത്രം ഒപ്പിടുകയും പദ്ധതിക്കായി എസ്.ഐ.ഡി.സി ഒക്ടോബറിൽ പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം പദ്ധതിക്കായി അനുവദിക്കുകയും ചെയ്തത്. കേരള ഷിപ്പിംഗ് ആന്റ് ഇന്‍‌ലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി മുഖ്യമന്ത്രിയുടെ കീഴിൽ ഇ.എം.സി.സി 400 ട്രോളറുകള്‍ക്കുള്ള കരാർ ഒപ്പിട്ടതായി ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top