Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ചാന്ദ്ര​ഗോപുരങ്ങളിൽ ക്യാംപ് ചെയ്യാം, മെലീഹയിലൊരുങ്ങുന്നു ‘മൂൺ റിട്രീറ്റ്’

February 21, 2021 , നസീല്‍ മുഹമ്മദ്

പുരാവസ്തു ശേഷിപ്പുകളാലും മനോഹരമായ മരുഭൂ കാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നിക്ഷേപകവികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാംപിംഗ് കേന്ദ്രം മാർച്ച് മാസത്തോടെ അതിഥികൾക്കായി വാതിൽ തുറക്കും. ‘മിസ്ക് ബൈ ഷസ’യുമായി ചേർന്ന ഷുറൂഖ് രൂപം കൊടുത്ത ‘ഷാർജ കലക്ഷൻ’ എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയ വിശേഷമാണ് മൂൺ റിട്രീറ്റ്.

ഷാർജയെ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ വികസന പദ്ധതികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായ പുതിയ പദ്ധതി, പ്രകൃതിസൗഹൃദ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് പകരുന്നതാണ്.

കുടുംബസഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ചന്ദ്രനെ അനുസ്മരിപ്പിക്കും വിധത്തിൽ അർധവൃത്താകൃതിയിലാണ് ഇവിടത്തെ താമസയിടങ്ങൾ. മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങൾ (ഡോം) കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള നാല് ടെന്റുകൾ, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെന്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓരോ താമസയിടത്തോടും ചേർന്ന് സ്വകാര്യ സ്വിമ്മിങ് പൂളുകളും ബാർബക്യൂ ഇടവുമൊരുക്കിയിട്ടുണ്ട്. അതിഥികൾക്ക് സ്വന്തം നിലയ്ക്ക് മരുഭൂമിയിലൂടെ ഹൈക്കിങ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ടാവും.

ഹോട്ടൽ എന്ന വിശേഷണത്തെക്കാൾ പ്രകൃതിയോടിണങ്ങിയ ആധുനിക ക്യാംപിങ് സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ റിട്രീറ്റിന്റെ പുറത്തുവിട്ട കാഴ്ചകളും വിശേഷങ്ങളും. 75 ശതമാനം നിർമാണം പൂർത്തിയായ റിട്രീറ്റ്, മാർച്ച് മാസത്തോടെ അഥിതികളെ സ്വീകരിച്ചുതുടങ്ങും.

പൗരാണിക കാഴ്ചകൾക്കും സാഹസികവിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജി സെന്ററിന്റെ ഭാ​ഗമായാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. മനോഹരമായ മെലീഹ മരുഭൂമിയിലെ സാഹസിക വിനോദങ്ങളും രാത്രിയിലെ ആകാശനിരീക്ഷണവും തനത് പാരമ്പര്യരുചികളുമെല്ലാം ആധുനിക ആതിഥേയ സൗകര്യങ്ങളോട് ചേരുമ്പോൾ, മൂൺ റിട്രീറ്റിലെത്തുന്ന അതിഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്ന് ഷുറൂഖ് പ്രൊജക്ട് വിഭാ​ഗം മേധാവി ഖൗല അൽ ഹാഷ്മി പറഞ്ഞു. “പ്രായഭേദമന്യേ എല്ലാവരെയും സ്വാ​ഗതം ചെയ്യുന്ന അനുഭവമാകും മൂൺ റിട്രീറ്റ്. ന​ഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, മെലീഹ മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച്, കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ വിനോദങ്ങളിലേർപ്പെടാനും വിശ്രമിക്കാനുമുള്ള ഒരു മനോഹര കേന്ദ്രം. വേറിട്ട വാസ്തുശൈലി മാത്രമല്ല, ക്യാംപിങ്ങ് അനുഭവത്തോട് ആഡംബര ആതിഥേയ രീതികൾ സമ്മേളിക്കുന്നു എന്ന വിശേഷവും ഇവിടെയുണ്ട്” – അവർ കൂട്ടിച്ചേർത്തു.

ഉത്തരവാദിത്വ വിനോദസഞ്ചാര കാഴ്ചപാടുകളെ അടിസ്ഥാനമാക്കി, സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായുള്ള വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മൂൺ റിട്രീറ്റ്. പാരമ്പര്യത്തെ ചേർത്തുപിടിച്ച് രൂപംകൊടുക്കുന്ന ഇത്തരം ധാരാളം പദ്ധതികൾ ഷുറൂഖിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ പല ഭാ​ഗങ്ങളിലായി പ്രവർത്തിക്കുകയും പുതുതായി ഒരുങ്ങുകയും ചെയ്യുന്നുണ്ട്.

പൗരാണിക കാഴ്ചകൾക്കും സാഹസിക വിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാ​ഗമായി യാഥാർത്ഥ്യമാകുന്ന പുതിയ കേന്ദ്രം, പ്രദേശത്തെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിനെ തുടർന്ന് ലോക വിനോദസഞ്ചാര മേഖല പ്രതിസന്ധികൾ നേരിട്ടപ്പോഴും വളർച്ച രേഖപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും കടന്നുവരുന്നത്, തൊഴിൽമേഖലക്കും ആശ്വാസകരമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top