പതിനേഴുകാരിയുടെ കൊലപാതകം; ബന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസ് സംശയിക്കുന്ന അരുണ്‍ എന്ന 28-കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വണ്ടിത്തറയില്‍ രാജേഷ് – ജെസി ദമ്പതികളുടെ മകള്‍ രേഷ്മ (17) യാണ് കുത്തേറ്റു മരിച്ചത്. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ ബന്ധു കൂടിയായ അരുണിനു (അനു 28) വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പവര്‍ഹൗസിന് സമീപം നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും 150 മീറ്ററിനുള്ളിലുള്ള ആളൊഴിഞ്ഞ വീടിന് മുമ്പിലെ മരത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.

ഉളി പോലുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇടത് നെഞ്ചില്‍ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ തിങ്കളാഴ്ച ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

7 കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൃത്യത്തിന് ശേഷം താനും ആത്മഹത്യ ചെയ്യുമെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

അന്നുമുതല്‍ അരുണിന്റെ മൊബൈല്‍ ഫോണ്‍ സിച്ച്‌ ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാന്‍ കാരണമായി. എന്നാല്‍ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്.

Print Friendly, PDF & Email

Related News

Leave a Comment