തിരുവനന്തപുരം: കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് പൂര്‍ണ്ണാധികാരം നല്‍കിക്കൊണ്ടുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതോടെ തടയിടാന്‍ കഴിഞ്ഞെന്നു മാത്രമല്ല നിഗൂഢതകള്‍ ഒന്നൊന്നായി പുറത്തുചാടാനും തുടങ്ങി. സംസ്ഥാനത്തെ ഇടത് ദുര്‍ഭരണം അവസാനിപ്പിക്കാന്‍ നടത്തുന്ന ഐശ്വര്യ കേരള യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു കരാര്‍ കൊണ്ടു വരാന്‍ നീക്കം നടത്തുന്നതായുള്ള വസ്തുത ചെന്നിത്തല പുറത്തു വിട്ടത്. ഇത് സംബന്ധിച്ച് വ്യവസായമന്ത്രി ഇ.പി ജയരാജന് ഇ.എം.സി.സി അധികൃതര്‍ നല്കിയ കത്തടക്കം പ്രതിപക്ഷനേതാവ് പുറത്തു വിടുകയും ചെയ്തു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ വെച്ച് കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളും പുറത്തു വന്നു.
രേഖകളെല്ലാം പുറത്തായിട്ടും അവയെല്ലാം നിരാകരിച്ചാണ് മന്ത്രിമാരായ ഇ.പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും രംഗത്ത് വന്നത്. പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ചും ആരോപണം നിഷേധിച്ചും രംഗത്ത് വന്ന ഇവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനം നടത്തി ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മേഴ്സിക്കുട്ടിയമ്മ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയടക്കം പുറത്ത് വിട്ടതോടെ കമ്പനി അധികൃതരെ കണ്ടെന്ന് മേഴ്സിക്കുട്ടിയമ്മയ്ക്ക് സ്ഥിരീകരിക്കേണ്ടി വന്നു. അതിനു പിന്നാലെ ക്ലിഫ് ഹൗസില്‍ ഇ.എം.സി.സിയുടെ സി.ഇ.ഒ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന കാര്യവും ചെന്നിത്തല പുറത്തു വിട്ടു. എല്ലാത്തിനും ന്യായീകരണങ്ങള്‍ ഇറക്കുന്ന പിണറായി വിജയന് ഇതേപ്പറ്റി ഒന്നും പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പദ്ധതി സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രങ്ങളും കമ്പനിയെപ്പറ്റി അറിയാന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തും പുറത്തുവിട്ടതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഇതോടെ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ പുറത്തുവെച്ച് കെട്ടി കൈകഴുകാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ഒരു ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി നടത്തിയ നീക്കങ്ങള്‍ പുറത്തുവന്നതോടെ ലത്തീന്‍ സഭാ നേതൃത്വവും കെ.സി.ബി.സിയും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനം അയച്ച കത്തിന് ഇ.എം.സി.സി കടലാസ് കമ്പനി മാത്രമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി പുറത്തെത്തിയതോടെ തട്ടിപ്പ് എല്ലാവര്ക്കും വ്യക്തമായി. ഏതാണ്ട് അയ്യായിരം കോടിയുടെ പദ്ധതിയായിരുന്നു കടലാസ് കമ്പനിയായ ഇ.എം.സി.സിയും ഇടതു സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കാന്‍ ഒരുങ്ങിയത്. ചെന്നിത്തല ഇത് പുറത്തെത്തിച്ചതോടെയാണ് കോടികളുടെ അഴിമതിയിലേക്ക് ഇത് വെളിച്ചം വീശിയത്.
നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കേരളത്തിന്റെ തീരപ്രദേശം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാനുള്ള നീക്കം പുറത്തായതോടെ മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഏതാണ്ട് 50 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയായ ലത്തീന്‍ സഭയും കത്തോലിക്ക സഭയുടെ കൂട്ടായ്മയായ കെ.സി.ബി.സിയും സര്‍ക്കാരിനെതിരെ കടുത്ത നിലപാടിലേക്ക് പോയിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനം തെരെഞ്ഞെടുപ്പിലുണ്ടാകുമെന്ന് ലത്തീന്‍ സഭ വ്യക്തമാക്കിയതോടെ ഇടതുപക്ഷം ആകെ പരുങ്ങലിലായി. മത്സ്യത്തൊഴിലാളികളുടെ നിത്യജീവിതം തന്നെ നശിപ്പിക്കാനുതകുന്ന കരാറിന് പിന്നില്‍ സി.പി.എം – ഇടതുമുന്നണി നേതൃത്വങ്ങള്‍ക്ക് എത്ര കോടിയാണ് കിട്ടിയതെന്ന കാര്യം മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply