Flash News

ആഴക്കടല്‍ മത്സ്യബന്ധനം: 2018 മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും ഉപേക്ഷിക്കണമെന്ന് കെസിബിസി

February 23, 2021

കൊച്ചി: കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ.എന്‍ സിയും അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ഇ.എം.സി.സിയും ചേര്‍ന്ന് കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും നടപടിക്രമങ്ങളും റദ്ദാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളുകളുടേയും തീരദേശവാസികളുടെയും ആശങ്കകള്‍ കണക്കിലെടുക്കാതെ, അവരോടു കൂടിയാലോചിക്കാതെയും നടപ്പിലാക്കിയ പദ്ധതി വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

2018 മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ റദ്ദു ചെയ്തില്ലെങ്കില്‍ പ്രസ്തുത കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ അത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നുണ്ട്. ഏതു വിധത്തില്‍ ഈ പദ്ധതി നടപ്പില്‍ വന്നാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ആഴക്കടല്‍ മത്സ്യബന്ധനമെന്ന് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും പ്രയോഗത്തില്‍ ഇത് തീരക്കടല്‍ മത്സ്യബന്ധനം തന്നെയാണ്. മത്സ്യങ്ങളുടെ പ്രജനനം മുഴുവന്‍ നടക്കുന്നത് തീരക്കടലിലാണ്. യുദ്ധസന്നാഹമെന്നപോലെ ട്രോളറുകളുടെ ഒരു വലിയ നിര ആഴക്കടലിലേക്ക് ഇറങ്ങിയാല്‍ കടലിന്റെ ആവാസവ്യവസ്ഥ തന്നെപാടെ തകര്‍ന്നുപോകും. കടല്‍ത്തീരത്ത് മനുഷ്യനുതന്നെ ജീവിക്കാന്‍ സാധിക്കാതെവരുകയും ചെയ്യും. സര്‍ക്കാര്‍ എന്നല്ല ഒരു ഏജന്‍സിയും ഇത്തരം മത്സ്യബന്ധനരീതികള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാകുമെന്നുമുള്ള തീരദേശ നിവാസികളുടെ ആശങ്ക നിറഞ്ഞ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണമാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി.

കെസിബിസിയുടെ പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടു പോയാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. ഏതാണ്ട് അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ണായക ശക്തിയാണ്. അവരുടെ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയുണ്ട്. ഓഖി ദുരിതം വിതച്ചതിന് ശേഷം പിണറായി സര്‍ക്കാര്‍ തീരദേശ മേഖലയ്ക്ക് കോടികളുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒരു പദ്ധതിയും ഫലപ്രദമായി നടപ്പാക്കിയില്ല. ഓരോ ബജറ്റിലും 5000 കോടിയും 7000 കോടിയുമൊക്കെ പ്രഖ്യാപിച്ചെങ്കിലും അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഇവയൊന്നും നടപ്പാക്കിയതുമില്ല. ഇപ്പോള്‍ ബജറ്റിലെ വെറും പ്രഖ്യാപനങ്ങളായി കിടക്കുകയാണ്.

ഇത്തരം പദ്ധതി പ്രഖ്യാപന വഞ്ചനകള്‍ക്കിടയിലാണ് പിണറായിയുടെ ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുമതി അമേരിക്കന്‍ കമ്പനിക്ക് നല്‍കിയത്. ഇത് മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയാണ്. അവരുടെ ജീവനോപാധി ഇല്ലാതാക്കാന്‍ കൂട്ടുനിന്ന പിണറായി സര്‍ക്കാരിനോടുള്ള പ്രതിഷേധം വളരെ ശക്തമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വേണ്ടി ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി അണിയറയില്‍ ചര്‍ച്ച നടത്തുകയും അവര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ ഭാഗികമായി മാത്രമാണ് അവരുമായി ഉണ്ടാക്കിയ കരാറുകളില്‍ നിന്നും പിന്മാറിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം നടപടി ഒട്ടും വിശ്വാസ യോഗ്യമല്ലെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. അതുകൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് പിന്നാലെ കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top