ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹിയിൽ നടക്കുന്ന കർഷകരുടെ സമരം തൊണ്ണൂറു ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു തീരുമാനമാകാതെ അനന്തമായി നീളുന്നത് കണക്കിലെടുത്ത് സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഫെബ്രുവരി 28 ന് മൂന്നാം ഘട്ട സമര പ്രഖ്യാപനം നടത്തുമെന്ന് സമര സമിതി അറിയിച്ചു.
മൂന്നാം ഘട്ട സമര പരിപാടികള്‍ അവലോകനം ചെയ്യാന്‍ സിങ്കു അതിര്‍ത്തിയില്‍ വിവിധ കര്‍ഷക സംഘടനകള്‍ യോഗം ചേരുമെന്ന് സമര സമിതി അറിയിച്ചു. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കും. ഫെബ്രുവരി 26ന് യുവ കർഷക ദിനമായി ആചരിക്കും. അന്നേ ദിവസം സമരവേദികൾ നിയന്ത്രിക്കുന്നത് യുവ കർഷകരായിരിക്കും. ശനിയാഴ്ച ചന്ദ്രശേഖർ ആസാദ് രക്തസാക്ഷി ദിനത്തിൽ കിസാൻ മസ്ദൂർ ഏകതാ ദിനമായി ആചരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രാജസ്ഥാനിലെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച വരെ കർഷക മഹാ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സമരസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, തിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് അവിടെ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് നോട്ടീസ് പതിച്ചു. കർഷകർ ഒത്തുകൂടിയത് നിയമലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ നടപടിയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിക്കുന്നുവെന്നും നിയമം പിൻവലിക്കുംവരെ സമരം തുടരുമെന്നും കർഷകർ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply