നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം റിമാന്റില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ നല്‍കിയ ഹര്‍ജി വിധി പറയുന്നത് വിചാരണ കോടതി മാറ്റി. ഇന്നലെ വിധി പറയുമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. കോടതിയിലെ ഒരു ജീവനക്കാരിക്ക് കോവിഡ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് വിധിപറയൽ മാറ്റിയത്. തീയതി കോടതി പിന്നീട് തീരുമാനിക്കും.

പ്രതിപട്ടികയിൽ എട്ടാം സ്‌ഥാനത്തുള്ള നടൻ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹരജി നൽകിയത്. കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടനും എംഎൽഎയുമായ കെബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിൻലാലിനെ പ്രദീപ് ഭീഷണിപ്പെടുത്തിയത് എന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചിരിക്കുന്നത്.

230 സാക്ഷികളെ കൂടി കേസുമായി ബന്ധപ്പെട്ട് ഇനിയും വിസ്‌തരിക്കാനുണ്ട്. ദിലീപ് പുറത്ത് തുടർന്നാൽ അത് സാക്ഷികളെ ഇനിയും സ്വാധീനിക്കാൻ ഇടയാക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മറ്റൊരു പ്രധാന സാക്ഷിയായ ജിൻസനെയും ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും, ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്.

2017 ഫെബ്രുവരി 17ന് തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയുമായി തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് ഓടിയ ടെമ്പോ ട്രാവലറിൽ, യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി എന്നതാണ് കേസ്.

ഈ കേസിൽ ‘ഗൂഢാലോചന‘ നടത്തിയവരിൽ പ്രധാനിയാണ് ദിലീപെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തങ്ങളുടെ കയ്യിലുണ്ടെന്നും പോലീസ് പറയുന്നു. തുടർന്ന്, 2017 ജൂലൈ 10ന് ദിലീപിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. 85 ദിവസം റിമാൻഡിൽ കഴിഞ്ഞ ദിലീപ് 2017 ഒക്‌ടോബർ 3നാണ് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം നേടി പുറത്ത് വന്നത്.

വിചാരണ പൂർത്തിയാക്കാനായി സുപ്രീംകോടതി അനുവദിച്ച സമയം 2021 ഫെബ്രുവരി നാലിന് അവസാനിച്ചു. കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ 82 സാക്ഷികളെ മാത്രമാണ് വിസ്‌തരിച്ചത്. 2020 ജനുവരി മുതലാണ് 82 സാക്ഷികളെ വിചാരണ ചെയ്‌തത്‌. ഇനിയും 230 സാക്ഷികളെ കൂടി കേസുമായി ബന്ധപ്പെട്ട് വിസ്‌തരിക്കാനുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment