Flash News

നിയമസഭ തെരെഞ്ഞെടുപ്പിൽ പ്രവാസികളുടെ സ്വാധീനം നിർണായകം: ഡീൻ കുര്യാക്കോസ് എംപി

February 24, 2021 , ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: കോൺഗ്രസ്സും യു.ഡി എഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്താൻ കഴിയുകയുള്ളുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. അതിനായി ഐ.ഒ. സി പോലുള്ള പ്രവാസി സംഘടനകളുടെ സഹായവും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രേസ് കേരളയുടെ ന്യൂയോർക്ക് ചാപ്പററിന്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭ തെരഞ്ഞടുപ്പിൽ യു.ഡി.എഫിന് വിജയിപ്പിക്കാൻ അമേരിക്കൻ പ്രവാസി മലയാളികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നേരിട്ടെത്തി തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കഴിയുന്നവർ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അതിനു കഴിയാത്തവർ തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണിലൂടെ വോട്ടുകൾ അഭ്യർത്ഥിക്കണം. അങ്ങനെ കൂട്ടായ പ്രവർത്തങ്ങളിലൂടെ നമുക്ക് ഇത്തവണ അധികാരത്തിൽ തിരിച്ചെത്തതാണ് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തി പകരാൻ ഐ.ഒ സി പോലുള്ള സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

കഴിവുള്ള പുതുമുഖങ്ങൾക്ക് പ്രാധിനിത്യം നൽകണം: വി.ഡി സതീശൻ എംഎൽഎ

അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി കൂടുതൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും പ്രാധിനിത്യം നൽകേണ്ടതാണെന്ന് തുടർന്ന് പ്രസംഗിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റകൂടിയായ വി.ഡി. സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു. അതിനായി ഐഒസി, ഇൻകാസ് പോലുള്ള പ്രവാസി സംഘടനകളുടെ സഹായ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു സർക്കാരിന്റെ ദുർഭരണത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സമസ്ത മേഖലകളിലും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ഇടതു സർക്കാരിന് ജന പിന്തുണ പൂർണമായും നഷ്ട്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ യു.ഡി.എഫിൽ കഴിവും മികവുമുള്ള സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ തിരികെ എത്തുമെന്ന കാര്യം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. രോഗ ബാധിതനായി ഹോസ്പറ്റലിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം അവിടെ നിന്നാണ് ചർച്ചയിൽ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിസുമായി ബന്ധപ്പെട്ടാണ് ഏറ്റവും വലിയ അഴിമതികൾ നടന്നുവരുന്നത്. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര അഴിമതി ആരോപണങ്ങളാണ് എൽ ഡി എഫ് സർക്കാർ നേരിടുന്നത്. ഓരോ ദിവസവുമെന്നപോലെ പുതിയ അഴിമതിക്കഥകൾ പുറത്തു വരുന്നു. ജനാവിശ്വാസം നഷ്ടപ്പെട്ട ഇടതുസർക്കാർ ഏതുവിധേനയും അധികാരം നിലനിർത്താനായി ബി.ജെ.പിയുമായി രഹസ്യ ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഈ സഹചര്യത്തിൽ യു.ഡി.എഫിനു ശക്തമായ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു മുന്നോട്ടു പോയാൽ മാത്രമേ അവരെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച പ്രകടന പത്രിക യായിരിക്കും ഡോ.ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ചുവരുന്നത്. അതിനായി അദ്ദേഹം ലോകം മുഴുവനുമുള്ള മലയാളികളിൽ നിന്ന് അഭിപ്രായസ്വരൂപണം നടത്തി വരികയാണ്. – സതീശൻ പറഞ്ഞു.

ഐ.ഒ.സി ഉൾപ്പെടെയുള്ള എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സാമ്പത്തികമായ സഹായത്തേക്കാളുപരി നാട്ടിൽ നേരിട്ട് വന്ന് പ്രചാരണം നടത്തുകയോ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ വഴിയും ഫോൺ വിളിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബന്ധപ്പെടുകയാണെങ്കിൽ നാടിനു വേണ്ടി പ്രവാസികൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കോൺഗ്രസിൽ കഴിവുള്ള ഒരുപാട് പേർ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതിൽ ധരാളം സ്ത്രീകളും യൂവാക്കളുമുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയെപ്പോലെ അനുഭവ സമ്പത്തും കഴിവുമുള്ള ഒട്ടേറെ നേതാക്കന്മാർക്ക് പല കാരണങ്ങൾകൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്ന് തന്നെയാണ് താൻ ഉറച്ചു വിശ്വസിക്കുന്നത്. യുവാക്കൾ മാത്രമല്ല, അവസരം ലഭിക്കാത്ത കഴിവുള്ള എല്ലാ നേതാക്കന്മാരും മുന്നോട്ടു വരണം. അവർക്ക് അവസരങ്ങൾ നൽകാൻ പാർട്ടി നേതൃത്വം തയാറാകണം. എങ്കിൽ മാത്രമേ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുകയുള്ളൂ.

കോൺഗ്രസിലെ എക്കാലത്തെയും ശാപമായ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ ആവസാനിപ്പിച്ചേ മതിയാകു. തെരെഞ്ഞെടുപ്പ് അടുത്തു നിൽക്കെ പരസ്പരം കുറ്റപ്പെടുത്തലുകളും വിഭാഗീയ പ്രവർത്തനങ്ങളും അവസാനിപ്പിച്ചാൽ കോൺഗ്രസ് പാർട്ടിക്ക് എക്കാലവും മുൻ നിരയിൽ സ്ഥാനമുണ്ടാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് പലയിടത്തും ക്ഷീണമുണ്ടാകാൻ കാരണം ഇത്തരം ആരോപണ-പ്രത്യാരോപണങ്ങൾ മൂലമാണെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കേരളത്തിൽ എല്ലായിടത്തും വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്. യാത്ര ആരംഭിച്ചപ്പോൾ മുതൽ ഒരു ദിവസവും യാത്രയെ വരവേൽക്കാൻ വൻ ജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. യാത്ര അവസാനിക്കുമ്പോഴേക്കും കേരളം മുഴുവനും യൂ.ഡി.എഫ് തരംഗമായി മാറും. ഭരണത്തിന്റെ അവസാന നാളുകളിൽ എല്ലാം കട്ടുമുടിക്കുന്നതിന്റെ തിരക്കിലാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ. ഓരോ ദിവസവും പുറത്തു വരുന്ന നാണം കേട്ട് അഴിമതിക്കഥകളാണ്. അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയാത്ത വിഷമഘട്ടത്തിലാണ് മുഖ്യമന്ത്രി. കാരണം അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ അഴിമതികൾ നടന്നിട്ടുള്ളത്‌. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി. റാങ്ക്‌ ലിസ്റ്റിൽ കയറിപ്പറ്റിയവരെ ഒഴിവാക്കി പാർട്ടി നേതാക്കന്മാരുടെ ഭാര്യമാരെയും ബന്ധുക്കളെയും തിരുകി കയറ്റുകയറ്റുന്ന സഖാക്കൾ ക്കുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ യുവജനങ്ങൾ നൽകും.-വി.ഡി.സതീശൻ വ്യക്തമാക്കി.

വിജയ സാധ്യതയുള്ള സ്ത്രീകൾക്കും യുവാക്കളാക്കും സീറ്റ് നൽകണം: ടോമി കല്ലാനി

ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിജയ സാധ്യതയുള്ള പുതുമുഖങ്ങൾ ആയിട്ടുള്ള കൂടുതൽ യുവാക്കളെയും സ്ത്രീകളേയും ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് കോൺഗ്രസ്സ് നേതൃത്വത്തിന്‌ മുൻപിൽ തനിക്ക് വയ്ക്കാനുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രെട്ടറി ടോമി കല്ലാനി പറഞ്ഞു. എല്ലാ അഭിപ്രായഭിന്നതകളും മറന്ന് കോൺഗ്രസ് പ്രവർത്തകൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്.

പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരിന്റെ ഭരണത്തിൽ നിന്ന് കരകയറ്റാൻ കോൺഗ്രസിനു മാത്രമേ കഴിയൂ എന്ന് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാ പ്രവർത്തകരും അഭിമാനത്തോടുകൂടി സംഘടനയോട് ചേർന്ന് നിന്ന് പ്രവർത്തിക്കണം. പിണറായി സർക്കാരിനോടുള്ള പ്രവാസി മലയാളികളുടെ രോഷം പ്രകടമാക്കി അടുത്ത തെരെഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തണമെന്നും ടോമി കല്ലാനി നിർദ്ദേശിച്ചു. ഈ തെരെഞ്ഞെടുപ്പിൽ ഐ.ഒ.സി യുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സി.പി.എം വർഗീയ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുന്നു: സുമേഷ് അച്യുതൻ

കോൺഗ്രസിന്റെ മതേതരത്വ നിലപാട് ജനങ്ങളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂത്ത് കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ ഓർമ്മപ്പെടുത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ മതേതര നിലപാടുകള്‍ ഉള്ള പാർട്ടി കോൺഗ്രസ് പാർട്ടിയാണ്. സി.പി.എമ്മും ബി.ജെ.പിയും വർഗീയതയുടെ ഒരേ നാണയത്തിലെ രണ്ടു മുഖങ്ങളാണ്.

സി.പി.എമ്മിന്റെ വർഗീയ ബന്ധങ്ങൾ ഇപ്പോൾ എല്ലാവർക്കും അറിയാം. ബി.ജെ പിയുമായി പലയിടത്തും രഹസ്യ ബാന്ധവം ഉണ്ടാക്കിയതുകൊണ്ടാണ് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അവർ നേട്ടങ്ങൾ ഉണ്ടാക്കിയത്. സി.പി.എമ്മിന്റെ ഇത്തരം കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പ്രവര്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഐഒസി യു എസ് യുടെ പ്രവർത്തനങ്ങൾ കോൺഗ്രസിന് അഭിമാനം പകരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം നിയമസഭാ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ മലയാളികളുടെ സഹായവും അഭ്യർത്ഥിച്ചു.

പ്രവാസികൾക്ക് അംഗീകാരം ലഭിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കണം: ജോർജ് ഏബ്രഹാം

കേരളത്തിൽ നേരിട്ട് വന്ന് തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പ്രവാസി മലയാളികളുടെ സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിക്കാറില്ലെന്ന് ഐ.ഓ.സി യു എസ് എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു. ഇത്തവണയെങ്കിലും അതിനു പരിഹാരമുണ്ടാകണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആരെങ്കിലും കേരളത്തിൽ പോകാൻ പദ്ധതിയുണ്ടെങ്കിൽ താനുമായോ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ടുമായോ ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചു. ഇത്തവണ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ അമേരിക്കൻ പ്രവാസികൾക്ക് അംഗീകാരം ലഭിക്കുകയുള്ളു. അതുകൊണ്ട് നാം ഒറ്റയ്ക്ക് പോയി പ്രവർത്തനം നടത്തിയതു കൊണ്ട് ആർക്കും അംഗീകാരം ലഭിക്കുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്ന് ഐ.ഒ സി നേതാക്കൾ

അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ കെ.പി.സി.സി. ജനറൽ സെക്രെട്ടറി ടോമി കല്ലാനിയെ കോട്ടയം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഐകകണ്ഠനെ ആവശ്യമുന്നയിച്ചത് വി.ഡി. സതീശനോടായിരുന്നു. ടോമിയുടെ സാന്നിധ്യത്തിൽ ഉയർന്ന ചോദ്യങ്ങളിൽ കാലാകാലങ്ങളിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കാതെ പോയതിലുള്ള പരിഭവവും ഉണ്ടായിരുന്നു.

തന്നെക്കാൾ മുൻപ് യൂത്ത് കോൺഗ്രസിൽ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ടോമിക്ക് പലപ്പോഴായി അവസരങ്ങൾ നിഷേധിക്കപ്പെട്ടതിൽ തനിക്കും ദുഖമുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ടോമിയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം താൻ ഉന്നയിച്ചിരുന്നതാണ്. എന്തോ കാരണത്താൽ പരിഗണിക്കപ്പെട്ടില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് മാറിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഏതാനും സീറ്റുകൾ ഓപ്പൺ ആയിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് ടോമി കല്ലാനിക്ക് ലഭിക്കുമെന്നു തന്നെയാണ് താൻ ഉറച്ചു വിശ്വസിക്കുന്നത്.

ഐ.ഒ.സി.ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു വർഗീസ് മീറ്റിംഗ്‌ നടപടി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐ.ഒ. സി ന്യൂയോർക്ക് ചാപ്റ്റർ ചെയർമാൻ തോമസ് കോശി ആമുഖ പ്രസംഗം നടത്തി. ഐ.ഒ.സി യു.എസ്.എ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ. ഒ. സി യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, ഐ.ഒ. സി നേതാക്കന്മാരായ തോമസ് ടി. ഉമ്മൻ,സന്തോഷ് നായർ,ജോസ് ജോർജ്, ജോബി ജോർജ്, ഡോ. മാമ്മൻ സി.ജേക്കബ് തുടങ്ങി ഐ.ഒ.സി യുടെ വിവിധ നേതാക്കൾ പ്രസംഗിച്ചു. കെ.പി.സി.സി. ജനറൽ സെക്രെട്ടറി മാത്യു കുഴൽനാടൻ മീറ്റിംഗിൽ കയറിയെങ്കിലും തെരെഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കാനുള്ളതുകൊണ്ട് പ്രസംഗിക്കാൻ കഴിഞ്ഞില്ല.

ഐ.ഒ. സി. കേരള ചാപ്റ്റർ യു.എസ്.എ കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ സജി ഏബ്രഹാം ഡീൻ കുര്യാക്കോസ് എംപിയെയും ഐ.ഒ.സി യു.എസ്.എ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ വി.ഡി.സതീശൻ എം.എൽ.എയെയും ഐ.ഒ.സി. യു.എസ.എ കേരള ചാപ്റ്റർ സെക്രെട്ടറി സജി കരിമ്പന്നൂർ കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനിയെയും പരിചയപ്പെടുത്തി. ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡണ്ടുമാരായ ബിജു ജോൺ കൊട്ടാരക്കര, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പിള്ളി, ഇന്നസെന്റ് ഉലഹന്നാൻ, സെക്രെട്ടറിമാരായ രാജു വർഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രെട്ടറിമാരായ ജേക്കബ്‌ ഗീവർഗീസ്, പോൾ ജോസ്, ട്രഷറർ റെജി വർഗീസ്, ജോയിന്റ് ട്രഷറർ ജെയിംസ് ഇളംപുരിയാടത്ത് എന്നിവർ ഫ്രാൻസിസ് തടത്തിൽ, ജോർജ് ഏബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഐ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ ജനറൽ സെക്രെട്ടറി ചാക്കോ മാത്യു നന്ദി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top