ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

ഗുരുതര സ്വഭാവമുളള കേസുകൾ ഒഴികെ മറ്റെല്ലാം പിൻവലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തിൽ വ്യക്തതയില്ല. ക്രിമിനൽ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിൻവലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത അയ്യപ്പഭക്തർ ഒട്ടേറെ കഷ്ടനഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മർദ്ദനത്തിൽ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകർന്നവർ നിരവധി. ഇവർക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സർക്കാർ എറ്റെടുക്കണം.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ, സുപ്രീം കോടതിയിൽ ആചാര സംരക്ഷണത്തിനു വേണ്ടി ഭക്തജന പക്ഷത്ത് നിന്നുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കണം.

അതോടൊപ്പം ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും ഭക്തജനങ്ങളോടൊപ്പം നില ഉറപ്പിക്കാനും തയ്യറാകണം. എങ്കിൽ മാത്രമേ ശബരിമല വിഷയത്തിൽ സർവ്വ സമ്മതവും വ്യക്തവുമായ തിരുമാനമായി എന്ന് പറയനാവൂ.

ശബരിമല ആചാര വിഷയത്തിൽ സർക്കാർ ഇടപെട്ടത് നിലവിലുളള ഭരണ വ്യവസ്ഥിതിയിൽ പഴുതുകൾ ഉളളതുകൊണ്ടാണ്. ക്ഷേത്ര നിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണം. മതേതര സർക്കാർ ക്ഷേത്ര വിഷയങ്ങളിൽ ഇടപെടരുത്. ആചാരപരമായി ബന്ധമുളള തന്ത്രി മുഖ്യനും പന്തളം കൊട്ടാരവും ഭക്തജന പ്രതിനിധികളും ഉൾപ്പെട്ട ഭരണ സംവിധാനം ശബരിമലയിൽ ഉണ്ടാവണം.

പൗരത്വ പ്രക്ഷോഭവും ശബരിമല പ്രക്ഷോഭവും തുലനം ചെയ്യാനാവില്ല. മതപീഡനം മൂലം ജീവിക്കാൻ നിവൃത്തിയില്ലാതെ ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ചില ഇളവുകൾ നൽകുന്നതിന് എതിരെയാണ് തീവ്രവാദ ശക്തികൾ രാജ്യവ്യാപകമായി സമരം നടത്തിയത്. അതുമായി ശബരിമല സമരത്തെ കൂട്ടിക്കെട്ടുന്നത് പൗരത്വ പ്രക്ഷോഭത്തെ സാധൂകരിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുമാണ്.

Print Friendly, PDF & Email

Related News

Leave a Comment