പ്രവാസികളുടെ യാത്ര; പുതിയ നിബന്ധന സർക്കാർ തിരുത്തണം: കൾച്ചറൽ ഫോറം

ദോഹ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന (ആർ ടി പി സി ആർ) നടത്തി വീണ്ടും നാട്ടിൽ എത്തിയാൽ എയർപ്പോർട്ടിൽ വെച്ച് അതേ പരിശോധന വേണമെന്ന വിചിത്ര നിബന്ധന സർക്കാർ തിരുത്തണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കുടുംബം പോറ്റാൻ വിദേശത്ത് പോയവർ കോവിഡ് കാലത്തെ ഒട്ടേറെ പ്രതിസന്ധികളിൽ നിന്ന് ഒരു ആശ്വാസത്തിന് നാടണയാൻ കൊതിക്കുമ്പോഴാണ് ഇരുട്ടടി പോലെ പുതിയ നിയമം നടപ്പിൽ വരുന്നത്. ജോലി നഷ്ടപ്പെട്ടും രോഗം മൂർച്ചിച്ചും ഒരു വർഷത്തിൽ അധികമായി നാട്ടിലുള്ള ഉറ്റവരെ കാണാൻ സാധിക്കാത്ത അവസ്ഥയിലുമൊക്കെയാണ് ഭൂരിപക്ഷവും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. അത്തരം ആളുകളിലേക്കാണ് പതിനായിരങ്ങളുടെ സാമ്പത്തിക ബാധ്യത പിന്നെയും സർക്കാർ കെട്ടിവെക്കുന്നത്. അധിക വിദേശ രാജ്യങ്ങങ്ങളിലും യാത്രാവശ്യം ടെസ്റ്റ് ചെയ്യാൻ പതിനായിരത്തിന് മുകളിലാണ് ഒരാൾ ചിലവഴിക്കേണ്ടി വരുന്നത്. ശേഷം നാട്ടിൽ എത്തുമ്പോൾ 1800 ൽ അധികം രൂപയുടെ ടെസ്റ്റ് പിന്നെയും നിര്‍ബ്ബന്ധമാക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിബന്ധനയില്ലാത്ത വിധം കൊച്ചു കുഞ്ഞുങ്ങളെ പോലും ടെസ്റ്റിൽ നിന്ന് ഒഴിവാക്കാതെ പതിനായിരങ്ങളുടെ ബാധ്യതയാണ് പ്രവാസികളുടെ മേൽ ചാർത്തുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും പരിശോധന നിർബന്ധമാണെങ്കിൽ അധിക ഗൾഫ് രാജ്യങ്ങളും അതത് രാജ്യത്ത് എത്തുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് പരിശോധന സൗജന്യമായി ചെയ്യുന്നത് പോലെ സർക്കാർ സൗജന്യമായി ടെസ്റ്റിന് സംവിധാനം ഒരുക്കണം .

കൂടാതെ ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നേരത്തെ പി സി ആർ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ടെസ്റ്റിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക, യാത്ര സംബന്ധിയായി സർക്കാർ ഇറക്കിയ അൽഗോരിതം ചാർട്ടിൽ പറയുന്നത് പോലെ പരിശോധനകൾ കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് ക്വാറന്റയിൻ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും സർക്കാർ പരിഗണിച്ച് വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്ന് പ്രസ്താവനയിൽ കൂട്ടിചേർത്തു .

പ്രസിഡന്റ് ഡോ. താജ് ആലുവ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, സുഹൈൽ ശാന്തപുരം, മുഹമ്മദ് റാഫി, മജീദലി, ചന്ദ്രമോഹൻ, താസീൻ അമീൻ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment