Flash News

ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ബൈഡന്റെ പ്രഖ്യാപനം യുഎൻ വിദഗ്ധർ സ്വാഗതം ചെയ്തു

February 24, 2021

ന്യൂയോര്‍ക്ക്: ഗ്വാണ്ടനാമോ ബേ ജയിൽ അടച്ചുപൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധർ ചൊവ്വാഴ്ച സ്വാഗതം ചെയ്തു.

“ഭീകരതയ്‌ക്കെതിരായ യുദ്ധം (വാര്‍ ഓണ്‍ ടെറര്‍)” എന്ന് വിളിക്കപ്പെടുന്ന 9/11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തടവുകാരെ പാര്‍പ്പിക്കാന്‍ അമേരിക്ക നിര്‍മ്മിച്ച ക്യൂബയിലെ സൈനിക ജയിൽ അടയ്ക്കുകയാണ് ബൈഡന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു.

നിർബന്ധിതവും അനിയന്ത്രിതവുമായി തടങ്കലിൽ പാര്‍പ്പിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുഎൻ വർക്കിംഗ് ഗ്രൂപ്പുകളും, അഞ്ച് സ്വതന്ത്ര അവകാശ വിദഗ്ധരും ഈ പ്രഖ്യാപനത്തെ പ്രശംസിച്ചുവെങ്കിലും പീഡനം ഉൾപ്പെടെ ശേഷിക്കുന്ന 40 തടവുകാർക്കെതിരായ നിയമലംഘനങ്ങൾ ഭരണകൂടം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

9/11 ന്റെ ഇരുപതാം വാർഷികം എന്ന നിലയിൽ, ജയിലിന്റെയും സൈനിക കമ്മീഷനുകളുടെയും പ്രവർത്തനത്തെയും പൈതൃകത്തെയും കുറിച്ച് സുതാര്യവും സമഗ്രവും ഉത്തരവാദിത്തവും കേന്ദ്രീകരിച്ചുള്ള ഒരു അവലോകനത്തിന് അഭ്യർത്ഥിക്കുന്നുവെന്ന് യുഎൻ നിയോഗിച്ച, സംഘടനയെ പ്രതിനിധീകരിച്ച് വിദഗ്ധർ പറഞ്ഞു. അവശേഷിക്കുന്ന തടവുകാരിൽ പലരും ഇപ്പോൾ പ്രായാധിക്യമുള്ളവരും ദുർബലരായവരുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജയിലിനെയും സൈനിക കമ്മീഷനുകളെയും സൃഷ്ടിക്കുന്നതിലേക്ക് നയിച്ച നയങ്ങളും നടപടികളും നിരാകരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിർബന്ധിതവും അനിയന്ത്രിതമായി തടങ്കലിൽ വയ്ക്കൽ, പീഡനം എന്നിവയ്ക്ക് വിധേയരായവർക്കും, ന്യായമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്കും “മതിയായ പരിഹാരവും നഷ്ടപരിഹാരവും” ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ വാദിച്ചു.

അത്തരം ലംഘനങ്ങളെക്കുറിച്ച് “സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങളും വിശ്വസനീയമായ എല്ലാ ആരോപണങ്ങളുടെയും വിചാരണയും” ഉറപ്പാക്കാൻ അവർ യുഎസ് അധികാരികളോട് അഭ്യർത്ഥിച്ചു. “ഗ്വാണ്ടനാമോ ബേയിൽ ഇപ്പോഴും ഇതിനു മുമ്പും തടവിലാക്കപ്പെട്ടിരുന്ന പല വ്യക്തികളും തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും ദുസ്സഹമായ സാഹചര്യത്തിലാണ് ജീവിച്ചത്,” അവർ പറഞ്ഞു.

“ജനാധിപത്യ രാജ്യങ്ങൾക്ക് നല്ലതും മികച്ചതുമായ കാര്യങ്ങൾ ചെയ്യാനാകും. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഈ ഇരുണ്ട അധ്യായത്തെ തുടച്ചു നീക്കണം,” വിദഗ്ധർ പറഞ്ഞു.

ജയിൽ അടച്ചുപൂട്ടുക മാത്രമല്ല, അത്തരം രീതികൾ വീണ്ടും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താനും അവിടെ നടക്കുന്ന/നടന്നിരുന്ന കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും യു എസിനോട് അഭ്യർത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top