ചൈനയുടെ വർദ്ധിച്ചു വരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാൻ യുഎസും കാനഡയും കൈകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: ചൈനയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

“കാനഡയേക്കാൾ അടുത്ത സുഹൃത്ത് അമേരിക്കക്ക് ഇല്ലെന്ന്” ചൊവ്വാഴ്ച നടന്ന ഒരു ഓണ്‍ലൈന്‍ ഉഭയകക്ഷി യോഗത്തില്‍ ബൈഡന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. മികച്ച ബന്ധങ്ങൾക്ക് ഇരു രാജ്യങ്ങളും ഒരു റോഡ്മാപ്പ് തയ്യാറാക്കേണ്ടതുണ്ടെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു.

രണ്ട് കനേഡിയൻ പൗരന്മാരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് കാനഡയും ചൈനയും തമ്മിലുള്ള തർക്കം വാഷിംഗ്ടണുമായി ബന്ധപ്പെട്ടതാണെന്നും, ജയിലിലടച്ച രണ്ട് കനേഡിയൻമാരായ മൈക്കൽ സ്പാവർ, മൈക്കൽ കോവ്രിഗ് എന്നിവരെ മോചിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

2018 ഡിസംബറിൽ ചൈനയിൽ അറസ്റ്റിലായ കോവ്രിഗ്, സ്പാവർ എന്നിവർക്കെതിരെയാണ് കഴിഞ്ഞ വർഷം ജൂണിൽ ചാരവൃത്തി നടത്തിയെന്ന് ചൈന ആരോപിച്ചത്. ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ഹുവാവേയുടെ ഫിനാൻഷ്യൽ ഡയറക്ടർ മെംഗ് വാൻഷോയെ കാനഡയിൽ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്.

വടക്കേ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സപ്ലൈ ചെയിൻ സുരക്ഷ, അതിലെ എല്ലാ ജനങ്ങൾക്കും പ്രതിരോധം നൽകുന്നതിനും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനായി ഇരുനേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അസാധാരണമെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്.

ബൈഡന്‍ ഭരണകൂടത്തിന്റെ വരവിനെ ട്രൂഡോ സ്വാഗതം ചെയ്യുകയും പ്രക്ഷുബ്ധമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ യു എസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതായും പറഞ്ഞു. ചൈനയുടെ വളര്‍ന്നുവരുന്ന സ്വാധീനത്തെ നേരിടാന്‍ യു എസുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാമെന്ന് ട്രൂഡോ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment