ഐസ്ക്രീമില്‍ വിഷം ചേര്‍ത്തത് അറിയാതെ കഴിച്ച അഞ്ചു വയസ്സുകാരനും, രണ്ടു വയസ്സുകാരിയും ഇളയമ്മയും മരിച്ചു; വിഷം ചേര്‍ത്ത അമ്മയെ അറസ്റ്റു ചെയ്തു

കാസര്‍കോഡ്: ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്തത് അറിയാതെ കഴിച്ച അഞ്ചു വയസ്സുകാരനും രണ്ടു വയസ്സുകാരിയും അവരുടെ ഇളയമ്മയും മരിച്ചു. കാഞ്ഞങ്ങാട്ട് വസന്തന്‍ – സാജിത ദമ്പതികളുടെ മകള്‍ ദൃശ്യ (19) യും ദൃശ്യയുടെ സഹോദരി വര്‍ഷയുടെ മകന്‍ അദ്വൈദ് (5), രണ്ടു വയസ്സുകാരി സഹോദരിയുമാണ് മരിച്ചത്.

ഫെബ്രുവരി 11 നായിരുന്നു സംഭവം നടന്നത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത വര്‍ഷയാണ് ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചത്. അല്പം കഴിച്ചപ്പോഴേക്കും വര്‍ഷയ്ക്ക് മയക്കം വന്നു. ഇതറിയാതെ മേശപ്പുറത്ത് ഐസ്ക്രീം കണ്ട് ഇവരുടെ മകന്‍ അദ്വൈതും അത് കഴിച്ചു. ഒപ്പം രണ്ടു വയസുകാരിയായ സഹോദരിക്കും ഇളയമ്മയായ ദൃശ്യക്കും നല്‍കി. രാത്രിയോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എലിവിഷം ഉള്ളില്‍ച്ചെന്നിട്ടും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിന്‍റെ പ്രശ്നമാകും എന്നു കരുതി വര്‍ഷ ഇത് ഗൗരവമായെടുത്തില്ല. എന്നാല്‍ പുലരും വരെ ഛര്‍ദ്ദി തുടര്‍ന്ന് കുട്ടി അവശനായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. അധികം വൈകാതെ അദ്വൈത് മരിച്ചു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദ്ദി ആരംഭിച്ചു. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment