അനധികൃത കുടിയേറ്റക്കാരെ 100 ദിവസത്തേക്ക് നാടുകടത്തരുതെന്ന ബൈഡന്റെ ഉത്തരവിന് തിരിച്ചടി

വാഷിംഗ്ടണ്‍: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് പിടിക്കപ്പെട്ട് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന കുടിയേറ്റക്കാരെ 100 ദിവസത്തേക്ക് നാടുകടത്തരുതെന്ന പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് യുഎസ് ഫെഡറൽ ജഡ്ജി അനിശ്ചിത കാലത്തേക്ക് തടഞ്ഞു. ഇത് ഡമോക്രാറ്റിക് പ്രസിഡന്റിന്റെ പ്രധാന കുടിയേറ്റ മുൻ‌ഗണനയ്ക്കേറ്റ തിരിച്ചടിയായി.

ടെക്സസ് സംസ്ഥാനത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് ജില്ലാ ജഡ്ജി ഡ്രൂ ടിപ്റ്റൺ ചൊവ്വാഴ്ച വൈകിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. മൊറട്ടോറിയം ഫെഡറൽ നിയമത്തിന് വിരുദ്ധമാണെന്നും ഇത് സംസ്ഥാനത്തിന് ഭാരിച്ച ചെലവ് വരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ടാൽ 100 ദിവസത്തേക്ക് മൊറട്ടോറിയം നടപ്പാക്കുമെന്ന് ബൈഡന്‍ തന്റെ പ്രചാരണ വേളയിൽ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, ആ നിർദ്ദേശം അദ്ദേഹത്തിന്റെ മുൻഗാമിയായ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

ജനുവരി 22 ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ നിയമം നടപ്പാക്കാൻ തുടങ്ങിയിരുന്നു. നവംബറിന് മുമ്പ് അംഗീകാരമില്ലാതെ രാജ്യത്ത് പ്രവേശിച്ച എല്ലാവര്‍ക്കും ഈ നിയമം ബാധകമാകുമായിരുന്നു. നാടുകടത്തൽ മരവിപ്പിക്കൽ അനുവദിച്ചാൽ സംസ്ഥാനത്തിന് പരിഹരിക്കാനാകാത്ത നാശനഷ്ടമുണ്ടാകുമെന്ന് വാദിച്ച് ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ അതേ ദിവസം തന്നെ പരാതി നൽകി.

പാക്സ്റ്റണിന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി, ട്രംപ് നിയമിച്ച ജഡ്ജി ഡ്രൂ ടിപ്റ്റണ്‍ കുറച്ച് ദിവസങ്ങൾക്ക് ശേഷം താത്ക്കാലികമായി മൊറട്ടോറിയം തടഞ്ഞു ഉത്തരവിറക്കി. ആ താത്ക്കാലിക ഉത്തരവ് ചൊവ്വാഴ്ച അവസാനിച്ചു.

മുൻ ഡമോക്രാറ്റിക് പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ പരിപാടികൾ നിർത്താൻ ശ്രമിച്ച ടെക്സസിലെ റിപ്പബ്ലിക്കൻ നേതാക്കളുടെ വിജയമാണ് ഈ ഉത്തരവ്.

അമേരിക്കയിലേക്കുള്ള കുടിയേറ്റം ട്രംപ് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. 2016 ൽ, മെക്സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ ഒരു മതിൽ പണിയുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അധികാരമേറ്റയുടനെ രാജ്യത്ത് നിയമ വിരുദ്ധവുമായി പ്രവേശിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കുടിയേറ്റത്തോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനത്തിന് അനുസൃതമായി, ഡമോക്രാറ്റുകൾ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11 ദശലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വത്തിനുള്ള പാത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനിർമ്മാണം നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment