ഇ. ശ്രീധരന്‍ കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി

കൊച്ചി: അടുത്തിടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ. ശ്രീധനെതിരെ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പേരില്‍ പോലീസില്‍ പരാതി നല്‍കി. ലൗ ജിഹാദ്‌, മാംസാഹാരം മുതലായ വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

താൻ സസ്യാഹാരിയാണെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ലെന്നും എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഗോമാംസ നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശ്രീധരൻ. “വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല,” ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അതിന് താന്‍ എതിരാണെന്നും ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല മുസ്‌ലിങ്ങള്‍ക്കിടയിലും ക്രിസ്‌ത്യാനികള്‍ക്കിടയിലും വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന വിമര്‍ശനങ്ങളെയും ശ്രീധരന്‍ എതിര്‍ത്തിരുന്നു. “ബിജെപി ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച്‌ ഒട്ടേറെ രാജ്യസ്‌നേഹികളുടെ കൂട്ടായ്‌മയാണ് ബിജെപി. എല്ലാ പാര്‍ട്ടികളെയും കൂട്ടായ്‌മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച്‌ സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല,” ശ്രീധരന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment