ഇരിട്ടി: ഉത്തര്‍പ്രദേശില്‍ സാധാരണ കണ്ടുവരാറുള്ള ‘ആള്‍ക്കൂട്ട വിചാരണ’ കേരളത്തിലും അരങ്ങേറി. സംഭവം നടന്നത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലുള്ള കുന്നോത്തു പള്ളിയിലാണ്. അവിടത്തെ വികാരിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെയാണ് ആള്‍ക്കൂട്ടം വിചാരണ നടത്തി മാപ്പു പറയിച്ചത്. കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാംമാക്കലിനെ വിമര്‍ശിച്ചെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ പൊതുപ്രവര്‍ത്തകനായ ജില്‍സ് ഉണ്ണിമാക്കലിനെയാണ് പൊലീസ് നോക്കി നില്‍ക്കേ പള്ളിയില്‍ കൊണ്ടുവന്ന് വിചാരണ നടത്തി അപമാനിച്ചത്.
ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ആല്‍ബര്‍ട്ട് എന്ന പതിനാറുകാരന് പള്ളി വികാരി അന്ത്യകൂദാശ നല്‍കിയില്ലെന്ന പ്രശ്നത്തില്‍ ഇടപെട്ട് പ്രതികരിച്ചതിനാണ് ജില്‍സിനെ ആള്‍ക്കൂട്ടം പള്ളിയില്‍ വെച്ച് അപമാനിച്ചത്. നാല് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു ആല്‍ബര്‍ട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ആല്‍ബര്‍ട്ടിന്റെ കാല് പൂര്‍ണമായും മുറിച്ച് മാറ്റേണ്ടി വന്നു.
തുടര്‍ചികിത്സകള്‍ ഫലിക്കാതെ വന്നതോടെ പാലിയേറ്റീവ് കെയര്‍ നല്കിയാല് മതിയെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതോടെ മകന് അന്ത്യകൂദാശ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ് മാത്യു ചരുപറമ്പില്‍ പള്ളി വികാരിയെ കണ്ടു. എന്നാല്‍ താന്‍ മൂന്ന് പ്രാവശ്യവും തന്റെ സുഹൃത്ത് രണ്ട് പ്രാവശ്യവും വികാരിയച്ചനെ കണ്ട് പറഞ്ഞുവെങ്കിലും അന്ത്യ കൂദാശ നല്‍കിയില്ലെന്ന് മാത്യു ചാരുപറമ്പില്‍ പറഞ്ഞു.
പിന്നീട് 33-ാം ദിവസം വികാരി വന്ന് അന്ത്യ കൂദാശ നല്കുമ്പോള് കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ മരണശേഷം സങ്കടവും ദേഷ്യവും സഹിക്കാനാകാതെ മാത്യു ഒരിക്കല്‍ കൂടി പള്ളിയിലെത്തി വികാരിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ഈ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് പൊതുപ്രവര്‍ത്തകനായ ജില്‍സ് ഉണ്ണിമാക്കല്‍ ഇടവക വികാരിക്കും കൈക്കാരന് ജോസിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ഇതോടെ വികാരിക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ജില്‍സിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആള്‍ക്കൂട്ട വിചാരണ നടത്തുകയായിരുന്നു. കൈക്കാരന് ജോസിന്റെ കാലുപിടിപ്പിച്ച് കൂക്കിവിളിയോടെയാണ് സംഘം മടങ്ങിയത്.
ജില്‍സിനെ വിചാരണ ചെയ്ത സംഘത്തെ അനുമോദിച്ച് ഇവര്‍ കേരള കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്ന് വിശ്വാസികളുടെ വാട്സ് ആപ്പ് കൂട്ടായ്മയില്‍ പള്ളി വികാരി കുറിപ്പിടുകയും ചെയ്തു. കുട്ടിക്ക് സമയത്ത് തന്നെ കൂദാശ നല്‍കിയിരുന്നു എന്നാണ് കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാംമാക്കലിന്റെ പ്രതികരണം. എന്നാല്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് ഇപ്പോള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply