ഭാരതത്തിലെ പൗരാണിക സങ്കല്പങ്ങളെയും ദാർശനിക പാരമ്പര്യത്തെയും മലയാളത്തിലെ ആധുനിക കവിതാ ശാഖയുമായി സമന്വയിപ്പിച്ച പ്രിയ കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ അന്ത്യാഞ്ജലി അർപ്പിച്ചു.
ആംഗലേയ സാഹിത്യ മീമാംസയിലും സംസ്കൃത വേദോപനിഷത്തുക്കളിലും ഒരേ പോലെ അറിവുണ്ടായിരുന്ന നമ്പൂതിരി മലയാള കാവ്യ ശ്രേണിയിലെ വേറിട്ട ഒരു പ്രതിഭയായിരുന്നു. കേരളത്തിലെ വിവിധ കലാലയങ്ങളുടെ ക്ലാസ് മുറികളിൽ ഷേക്സ്പിയറും, ഷെല്ലിയും, കീറ്റ്സും, വേർഡ്സ്വർത്തുമൊക്കെ തന്റെ വാഗ്ധോരണികളിലൂടെ അനായാസം പരിചയപ്പെടുത്തുമ്പോളും മാതൃഭാഷയുടെ മാധുര്യം ഒട്ടും ചോരാതെ മനസ്സിൽ സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു അക്കാലത്തു എഴുതിയ അനേകം കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.
ആഡംബരത്തിന്റെ ആകർഷകത്വം ഏതുമില്ലാതെ ലാളിത്യത്തിന്റെ പര്യായമായ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അടർന്നുവീണ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം എന്ന കൃതി അനുവാചക മനസ്സുകളിൽ വളരെ വേഗം ഇടംനേടിയിരുന്നു.
ഭാരതസർക്കാർ 2004 ൽ പദ്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന്റെ ഉജ്ജയിനിയിലെ രാപ്പകലുകൾ എന്ന പുസ്തകത്തെ അതിനു മുന്നേതന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു. ഭൂമി ഗീതങ്ങൾ, ഇന്ത്യ എന്ന വികാരം, ആരണ്യകം, പ്രണയ ഗീതങ്ങൾ തുടങ്ങി അനവധി കൃതികൾ കൈരളിക്കു സംഭാവന ചെയ്ത അനുഗ്രഹീത കവിയെ കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, ആശാൻ സ്മാരക കവിതാ പുരസ്കാരം, വയലാർ അവാർഡ് തുടങ്ങി അനേകം അംഗീകാരങ്ങൾ നൽകി സാംസ്കാരിക കേരളവും ഇന്ത്യൻ സാഹിത്യ ലോകവും ആദരിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply