Flash News

തൊഴിലവകാശ പ്രവർത്തക നവദീപ് കൗറിന് ജാമ്യം

February 26, 2021 , ആന്‍സി

ചണ്ഡിഗഢ്: തൊഴിലവകാശ പ്രവർത്തകയായ നവദീപ് കൗറിന് പഞ്ചാബ്/ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. വ്യാവസായിക യൂണിറ്റ് ഉപരോധിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന കേസിൽ ജനുവരി 12 ന് ഹരിയാനയിലെ സോനെപത് ജില്ലയിലാണ് കൗറിനെ അറസ്റ്റ് ചെയ്തത്.

നവദീപ് കൗറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതായി അവരുടെ അഭിഭാഷകൻ അർഷദീപ് സിംഗ് ചീമ പറഞ്ഞു.

കഴിഞ്ഞ മാസം സോണിപത്ത് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം തന്നെ പോലീസ് സ്റ്റേഷനിൽ നിരവധി തവണ ക്രൂരമായി മർദ്ദിച്ചതായി 23 കാരിയായ കൗര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 307 (കൊലപാതക ശ്രമം) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം തന്നെ വ്യാജമായി പ്രതി ചേർത്തതായും, എഫ്‌ഐ‌ആറിൽ പ്രതിയാക്കിയതായും കൗര്‍ ഹരജിയിൽ ആരോപിച്ചു.

കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ നേടിക്കൊടുത്തതിനാലാണ് കേസിൽ താന്നെ ലക്ഷ്യമിടുകയും വ്യാജമായി പ്രതി ചേർക്കപ്പെടുകയും ചെയ്തതെന്ന് കൗര്‍ അവകാശപ്പെട്ടു.

പഞ്ചാബിലെ മുക്തർ ജില്ലയിൽ താമസിക്കുന്ന നവദീപ് കൗറിനെ ഹരിയാനയിലെ കർണാൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 26 വെള്ളിയാഴ്ച) കേസില്‍ വാദം കേള്‍ക്കുന്നതിനായി കോടതി തീരുമാനിച്ചിരുന്നു.

കൊള്ളയടിക്കൽ, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ജനുവരിയിലാണ് കൗറിനെ പോലീസിനെ അറസ്റ്റ് ചെയ്തത്.
നവദീപ് കൗറിന്റെ അനധികൃത കസ്റ്റഡി സംബന്ധിച്ച് ഇമെയിൽ വഴി ലഭിച്ച പരാതികൾ മനസിലാക്കി ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി.

അഭിഭാഷകരായ ആർ‌എസ് ചീമ, അർഷദീപ് സിംഗ് ചീമ, ഹരീന്ദർ ദീപ് സിംഗ് ബെയ്‌ൻസ് എന്നിവർ ജനുവരി 12 ന് സോനെപട്ടിലെ കുണ്ട്ലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ തങ്ങളുടെ ക്ലയന്റിനെതിരെ തെറ്റായി കുറ്റം ചാര്‍ത്തിയതാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജനുവരിയിൽ സോണിപത്ത് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം തന്നെ പോലീസിലും ജുഡീഷ്യൽ കസ്റ്റഡിയിലും ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് കൗര്‍ കോടതിയില്‍ പറഞ്ഞു. തന്നെ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും കൗര്‍ പറയുന്നു.

കോടതിയിൽ ഹരിയാന പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. മെഡിക്കൽ ഓഫീസറുടെ മുമ്പിലോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പിലോ കൗര്‍ ഈ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞു. അറസ്റ്റിന് മുമ്പ് പോലീസിനെ ആക്രമിക്കുമെന്ന് പ്രകടനക്കാരോട് കൗര്‍ പറഞ്ഞതായും പോലീസ് പറയുന്നു.

കൗറിനെ വൈദ്യപരിശോധന നടത്തിയെന്നു പറയുന്നുണ്ടെങ്കിലും മെഡിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് അവ്നിഷ് ജിംഗൻ പറഞ്ഞു. പകരം, സി‌ആർ‌പി‌സിയിലെ സെക്ഷൻ 54 പ്രകാരം ഒരു മെഡിക്കൽ-നിയമ റിപ്പോർട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി മൂന്ന് കേസുകളാണ് കൗറിനെതിരെയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് രണ്ട് കേസുകളിലും ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് എഫ്‌ഐ‌ആറുകളിൽ ജാമ്യാപേക്ഷ കീഴ്‌ക്കോടതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ചീമ പറഞ്ഞു.

“നവംബറിലാണ് കർഷക പ്രസ്ഥാനത്തിൽ നവദീപ് ചേര്‍ന്നത്. സാധാരണ വേതനം ലഭിക്കാത്ത തൊഴിലാളികൾക്കായി അവള്‍ പോരാടുകയായിരുന്നു. ജനുവരി 12 ന് കുണ്ട്ലിയിലെ ഒരു ഫാക്ടറിക്ക് സമീപം പ്രകടനം നടത്തുകയായിരുന്നു. ജയിലിൽ വച്ച് ഞാൻ അവളെ കണ്ടു. പോലീസ് തന്നെ ഉപദ്രവിച്ചുവെന്ന് അവള്‍ പറഞ്ഞു,” നവദീപിന്റെ സഹോദരി രജ്‌വീര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top