പുഴയില്‍ പരല്‍ മീനുകള്‍ പെരുകുമ്പോള്‍ (കവിത)

ജീവിതം വഴിമുട്ടിയ
ചാവുകടലില്‍ നിന്നാണ്
കൈവഴികള്‍ കൈമോശം വന്ന
പുഴയിലേക്ക് നീണ്ട ഓരുവെള്ളത്തിലൂടെ
ഇടവപ്പാതിക്കു മുന്നേ
പരല്‍മീനുകള്‍ പെരുകിയത്.

അതൊരു ഉത്സവമായിരുന്നു,
വെടിക്കെട്ടുകള്‍ ഇല്ലാത്ത
പൊങ്കാലയും ഇല്ലാത്ത
ആനയും അമ്പാരിയുമില്ലാത്ത
ലോകപ്രക്ഷിണം കഴിഞ്ഞ്
വഴിയലഞ്ഞ് വിശപ്പറിഞ്ഞ്
കൂട്ടമായി ഒരു തള്ളിക്കയറ്റമായിരുന്നു

അന്നൊന്നും ചൂണ്ടകള്‍ക്ക്
ഇത്ര മുനയുണ്ടായിരുന്നില്ല
അന്നൊന്നും വലകള്‍ക്ക് ഇത്ര
ചെറിയ കണ്ണിയുണ്ടായിരുന്നില്ല
ഓരുവെള്ളത്തിന് ഇത്ര
വിഷദ്രാവക ഓക്സിജനില്ലായിരുന്നു
വിഷമനസ്സുകളിലേക്ക്
കലങ്ങി കലി പൂണ്ട ചിന്തയും
ഇല്ലായിരുന്നു.
എന്നിട്ടും പരല്‍ മീനുകള്‍
പുഴയില്‍ നിറഞ്ഞതിനു പിന്നില്‍
ജനിതക വൈകല്യം മാത്രമാവാം
അറിയപ്പെടുന്ന കാരണം, ല്ലേ?

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News