സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാരും ഡ്രൈവറും മരിച്ചു; അഞ്ചു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

റിയാദ്: സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ മാസം മൂന്നിന് നാട്ടില്‍ നിന്നെത്തി റിയാദില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍.
കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലും, തമിഴ്‌നാട് സ്വദേശികളായ കുമുദ അറുമുഖന്‍, രജിത, റൂമിയ കുമാര്‍ എന്നിവര്‍ തായിഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment