ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു

ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു. വിദേശത്തുനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിന് ലൈഫ് മിഷന്‍ സമീപിച്ച പ്രോക്സിയാണ് യൂണിടാക് എന്നാണ് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.എ.ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കൈക്കൂലി കൈപ്പറ്റാനാണ് യൂണിടാകിനെ ഉപയോഗിച്ചതെന്നും സി.ബി.ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കലും ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ടവരുടെ ലക്ഷ്യമായിരുന്നു. അതിനാല്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും സി.ബി.ഐ പറയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനായി 10 ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടില്‍ എത്തിയിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. യൂണിടാക്കും റെഡ് ക്രസെന്റും തമ്മിലുള്ള കരാർ വഴി ആ നടപടിക്രമങ്ങൾ മറികടക്കാൻ ആയിരുന്നു ശ്രമം. കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഈ കൈക്കൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ ലഭിച്ചു എന്നാണ് മൊഴിയെന്നും സി.ബി.ഐയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികൾക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷന് ഇടപാടിൽ നേരിട്ട് ബന്ധമുള്ളത്തിന്റെ തെളിവ് ആണെന്ന് സി ബി ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നും ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കേസിലെ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ഇതിനിടെ സി.ബി.ഐ അന്വേഷണത്തിന് എതിരെ സന്തോഷ് ഈപ്പനും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കരാർ പ്രകാരം വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള പണം ആണ് തനിക്ക് ലഭിച്ചത് എന്നും അതിൽ വിദേശ ലംഘനം ഇല്ല എന്നും വ്യക്തമാക്കി ആണ് സന്തോഷ് ഈപ്പൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Print Friendly, PDF & Email

Related News

Leave a Comment