Flash News

ചൊക്ലി (നോവല്‍ 41): എച്മുക്കുട്ടി

March 4, 2021

ജാനു പോയിട്ട് അഞ്ചാറ് മാസം കയിഞ്ഞപ്പോ പിന്നീം വന്ന് തെരഞ്ഞ്ട്ക്കല്. രാഗവേട്ടന്ണ് പിന്നീം ചൊക്ളിക്ക് അച്ചരം നോക്കി വരക്കല് പണി കൊട്ത്തേ.. ചൊക്ളിക്ക് ഒരീസം നൂറ് ഉറുപ്പിയേം രാഗവേട്ടൻ കൊട്പ്പിച്ച്. മതിലോള്ളും കെൻറ്റിങ്കരേലും പറ്റ്ണോടത്തൊക്കീം ചൊക്ളി അച്ചരപടം വര്ച്ചു.

പ്രാഞ്ചീസും അവൻറെ എളേ ദേവസ്സീം ആദിക്ക് മൊടങ്ങാണ്ടേ ചൊക്ളിക്ക് വന്ന് കൂട്ട് കെട്ക്കും. അന്തോണി മാപ്ളക്ക് വല്യ വെസനാണ് ചൊക്ളീനേ കാണ്ച്ചലേ…തൃസ്സക്കുട്ടി കഞ്ഞീം കപ്പേം കാന്താരി മൊളക് ചതച്ചതും ഒണക്കമീൻ വറത്തതും കട്ടൻചായേം ആയിട്ട് ചൊക്ളിക്ക് മൊടങ്ങാണ്ട് തിന്നാൻ കൊടക്കും.

പ്രാഞ്ചീസും ദേവസ്സീം അവൻറേ എളേ ചെക്കനും പണിക്ക് പോൺട്. അപ്പോ പണ്ടത്തെ മാതിര്യൊര് ദാരിദ്രം ഇല്ല. അന്തോണി മാപ്പിളക്ക് ഒമ്പതാമത് കർത്താവ് കൊച്ചിനെ കൊട്ത്തില്ല. പണ്ട് പ്രാഞ്ചീസ് അപ്പനോട് അമ്മ ഇനി പെറാൻ പാട്ല്യാന്ന് പറഞ്ഞത് കർത്താവ് ശരിക്കും കേട്ടു.

മഡത്തിലെ മുത്താച്ചി എടയ്ക്ക് കാണാൻ വരും. ചൊക്ളിക്ക് കാണ്ണണന്ന്ല്ലാന്ന് മൻസ്സിലായപ്പോ അവര് വരവ് നിറ്ത്തി.
പോല്ലീസ് ൻറെ ചവ്ട്ടാണാ കാരണന്നറീല്ല ചൊക്ളിക്ക് തണപ്പ്ള്ള രാത്രീക്ക് നല്ല തണ്ടല് കഴപ്പാണ്. ദേവസ്സി തർപ്പൻ തൈലം ഇട്ട് തടവും… വേദന്യാ പറഞ്ഞാല്..

പോല്ലീസ് പിന്നെ ചൊക്ളീനെ അന്നേഴിച്ച് വന്ന്ല്ല.

കതേം കാരിയോം ഒക്കെ പപ്പിനി ഒരീസം കാലത്ത് ഓടിക്കെതച്ച് വന്നപ്പളാ പ്രാഞ്ചീസ് പറഞ്ഞേ… അന്ന് അവള് മൊയ്തീൻക്കേം അന്തോണി മാപ്പ് ളേം പ്രാഞ്ചീസും തൃസ്സക്കുട്ടീം ഒക്കെ കാണ്ച്ചലേ ചൊക്ളീനെ കെട്ടിപ്പിടിച്ചു ഓളീട്ട് കരഞ്ഞു.. എന്താണ്ടൊക്ക്യോ പതം പറഞ്ഞു.

അത്തറേം നാള് മറിയപ്പാറ അങ്ങാടീല് ഒര് മിണ്ടാട്ടം ഇണ്ടാര്ന്നില്ല. ആ നെലോളി പപ്പിനി അങ്ങാടിക്കായിറ്റ് നെലോളിച്ച പോല്യായി. പിറ്റേസം മൊതല് അങ്ങാടീല് ഒര് തൊയിരം കിട്ടി. അവള് എരിഞ്ഞാലക്കൊടേൽക്ക് പൂവ്വാൻ പ്രാഞ്ചീസിൻറെ ഓട്ടർഷേല് കേറീതാര്ന്ന്. അത് അങ്ങാടീലെത്തീപ്പ്ളാണ് അവളരെ നെലോളി…മൊയ്തീൻക്കെനേ കണ്ടപ്പളാണ് …

ജാനു രണ്ടെയ്ത്താ എയ്തി പ്രാഞ്ചീസിൻറെ ഓട്ടർഷേല് ഇട്ട്ട്ടാ പോയിത്. കാൽത്ത് വണ്ടീട്ക്കാൻ വന്നപ്പ്ളാണ് പ്രാഞ്ചീസ് അത് കണ്ട്ത്. അയില് ഒരെയ്ത്ത് മാത്തറേ പ്രാഞ്ചീസ് വെങ്ങിട്ടു സാമിക്ക് കൊടത്തൊള്ളോ. അയില് മഡത്തിൻറെ മാനം പോണ ഒക്കേം ണ്ടാര്ന്ന്.

ജക്കു ദിനേസസാമീരേ കൊച്ചാണ്. ഉഷമ്യാരും രാമേന്ദരസാമിം വിശ്ശൊനാദസ്സാമീം കൂടി ഒര് കല്ലിയാണം കയിപ്പിച്ച് ചൊക്ളീൻറെ ആക്കി. ജാനൂം നല്ലോണം സിന്മ കളിച്ച്. ദിനേസസാമി വേറെ കല്ലിയാണം കയിക്കാൻ പോണത് അവളക്ക് സകിച്ചില്യാ.. ജക്കൂനേം അവളേം കൂട്ടി ദൂഭേൽക്കോറ്റേ പൂവ്വാന്നാത്ത് രേ സാമി പറഞ്ഞേര്ന്നേ. ഇന്നട്ട് ചണ്ണക്കാലൻറൊപ്പം സിന്മ കളിച്ച് കുട്ടീരേ കാരിയം ശരിയാക്കീപ്പോ സാമി പറേണ്..നീ ചണ്ണേരെ ഒപ്പം കെടന്നോളല്ലടീന്ന്. ചണ്ണക്ക് പാല്ല്ലും പായസത്ത്ലും സാമി ഡോക്കിട്ടറ് കൊട്ത്ത ഒറക്കഗുളിയ കല്ക്കിയാ കൊട്ക്കും. ചണ്ണ ഒറങ്ങ്യോളും..പിന്നെ..

ജാനു ഒള്ളൊള്ള കാലോം ചണ്ണേരെ കൂടെ കയിഞ്ഞാ മതീന്ന്… സാമിക്ക് സൊർണ്ണക്കടേള്ള, സാരിക്കടേള്ള, കാറ് കടേള്ള വല്ല്യാക്കാട്ടെ കാശ്കാര്ടെ മഡത്തിലെ ഡോക്കിട്ടറ് അമ്യാരന്നെ വേണന്ന്.

പുത്യേ അമ്യരടെ വാങ്കീം ഒഡ്ഢിയാണോം അഡ്ഡീലും വളോളും ഒക്കെ ദിനേസസാമിയന്ന്യാ അവളക്ക് എട്ത്ത് കൊട്ത്തത്. ഇത് മഡത്തിലാര്ക്കും അറീല്ല. അവള്ക്ക് പുവ്വാൻള്ള വണ്ടീം സാമിയന്ന്യാ ഏറ്പ്പാടാക്കീത്.

ബാക്കിള്ളോര് പൊല്ലീസ് ല് പറഞ്ഞാ പ്രാഞ്ചീസ് എയ്ത്ത് വെങ്ങിട്ടു സാമീരേ അരീത്ത് കൊട്ക്കണം. പിന്നെ പൊല്ലീസ് ഒന്ന്നും വര്ല്ല…

ജക്കു ദിനേസസാമീരെ മോനാന്ന് മുത്താച്ചീം പണ്ക്കാരും ജാനു പോയീസം ചൊക്ളീനോട് പറഞ്ഞേര്ന്നു. അതിയം മിണ്ടാൻ വെങ്ങിട്ടു സാമീം പ്രാഞ്ചീസും സമ്മേയ്ച്ചില്ല..

പിന്നെ ചൊക്ളി ആ വയിക്ക് പോയൂംല്ല.

രണ്ടാമത്തെ എയ്ത്ത് പപ്പിനി വന്നീസാ പ്രാഞ്ചീസ് വായിച്ചത്. ജാനൂന് ചണ്ണേരെ കൂടെ സിന്മ കളിക്കാൻ ഇഷ്ടം ണ്ടായിറ്റ്ല്ല അവളരെ മൻസ്സ് ല് അപ്പ്ളും ദിനേസസാമീം സാമീരേ പങ്കേം മിൻസള്ള കെട്ക്കേം ഒക്കെന്ന്യാര്ന്നു. പ് രാവീട്ട്ണ് അവള് ചണ്ണേരെ കൂടെ കയിഞ്ഞേര്ന്നത്. ചണ്ണേരെ കാശും സൊർണ്ണോം അവള് എടുക്ക്ണത് കൊറെ നാള് കൂടെ കെടന്നേൻറെം വെച്ച് വെള്മ്പേൻറേം ഒക്കെ കൂല്യായിറ്റ് ഇട്ത്താ മതി..

പിന്നെ ദിനേസസാമീരേ അമ്യാരടെ സൊർണ്ണം അവള് കട്ടത് തന്ന്യാ.. അമ്യാര് പാറ്ട്ടീം കയിഞ്ഞ് കുളിക്കാൻ പോയേ നേരത്ത്ണ് അവള് ഒക്കെ ഇട്ത്തത്. നിശ്ശേത്ത്നും കല്ലിയാണത്ത്നും കൊറെ കാറോള് വന്നേല് ഒര് കാറാരനെ അവള് പാട്ട്ലാക്കി അയാൾടെ ഒപ്പാണ് പോയിത്…

ഇഞ്ഞി ജക്കൂനേം വല്താക്കീട്ടേ അവ്ള് ഇന്നാട്ട്ല് വരൊള്ളോ. ദിനേസ സാമീനെ ജക്കൂനെക്കൊണ്ട് അപ്പാന്ന് അവള് വിളിപ്പിക്കും… മഡത്തീന്ന് അവൻറെ പങ്ക് സൊത്തും മേടിക്കും..

ചണ്ണ സകായിച്ചത് ആ നേരത്ത് അവളക്ക് വല്യ കാര്യായി… അതവള് മറക്ക്ല്യാ…

ചൊക്ളി അപ്പ ഒന്ന് ചിറിച്ചു…

പപ്പിനിക്കാണ് നെലോളി വന്ന്ത്. എന്നാലും അപ്പ അവളത് ഒത്ക്കി.

മൊയ്തീൻക്കേരെ ആരാണ്ടും ബന്തക്കാര്ടെ കൂട്യാ പപ്പിനി നിക്കണ്. അവടത്തെ ഉമ്മച്ചീനെ നോക്കലാണ് ഇപ്പ പണി. മൊയ്തീൻക്കേനേം കണ്ട് പിന്നേം ഓട്ടർഷേല് കേറ്മ്പോ ചൊക്ളീനെ നോക്കീതാര്ന്ന് അവള്. അവളരെ ചങ്ക് പൊട്ടി. അതാ അവള് അങ്ങ്നെ തൊള്ളേട്ട് കരഞ്ഞേ…

ചൊക്ളി അച്ചരപടം വരക്കണ കാലം വരെ പഴേത്, പുതീത് ഒക്കെ എട്ക്കണ ചവറ് പെറ്ക്കലായിട്ട് നടന്നു.

കോടംകരേന്ന് ആലൂര് സെൻറര് വരേ ചവറ് പെറ്ക്കലായി..ചെട്ടിച്ചത്തള്ള ഒര്ത്തിണ്ടാര്ന്ന് ഒപ്പം…..

പിന്നെ കല്ലെട്ടിപ്പാടത്തെ ചാത്തമ്പലത്തിൻറെ എടോഴീല് മാവ് നട്ടപ്പോ ചൊക്ളി മാവിനെ ജക്കൂന്ന് വിളിച്ച്…
ജക്കൂനേ ചൊക്ളിക്ക് മറക്കാൻ പറ്റ്ണ്ടായില്ലാ…

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top