മരപ്രണയം (കവിത)

ഒരു മരമുണ്ട്‌,
ആ മരത്തെ പ്രണയിക്കും
എതിർ മറ്റൊരു മരവും.

അരികിലെങ്കിലും
എത്ര ദൂരമെന്ന് ,
മുഖം പൂഴ്ത്തി
മരച്ചില്ലകൾ കൂമ്പി വിരഹിച്ചവർ.
അപ്പോഴവർക്ക്‌ സാന്ത്വനമായി
നിലയ്ക്കാതെ പെയ്യും ആകാശം.

ഒരു മഴ നനഞ്ഞ രാത്രിയിൽ
നിലാവുറങ്ങാത്ത രാവിൽ
ഇലമഴകൾ ചാഞ്ഞു പെയ്തു
നിഗൂഢതകളിലിറങ്ങി പെയ്യും പോലെ.

ഇരുളിൻ മാറിൽ മഴഗന്ധങ്ങൾ വമിക്കുന്നു
തൊട്ടു തലോടുന്നു മൺതരികൾ
ശൈത്യ രാവുണരുന്നു
വേരുകൾ പടർന്നിറങ്ങുന്നു.

സ്പർശിക്കുന്നുണ്ടവർ
ആഴ്‌ന്നിറങ്ങും മുന്നെ
ഒന്നാകാൻ
തണുത്ത വേരിൻ ഞരമ്പുകളിൽ
പ്രണയം അറിയിച്ചുകൊണ്ട്‌.

അവർ പങ്കുവെയ്ക്കപ്പെട്ട നിമിഷങ്ങൾ
വേരുകൾ ആഴ്‌ന്നിറങ്ങി പ്രണയിച്ചത്‌
വെയിൽ മറന്ന മരച്ചില്ലകളോട്‌ – പറഞ്ഞതേയില്ല..

Print Friendly, PDF & Email

Related News

Leave a Comment