Flash News

പോലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കാന്‍ ശ്രമിച്ച പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി !!; കൊച്ചി ഡിസിപിയുടെ നടപടി വിവാദത്തില്‍

March 2, 2021

കൊച്ചി: പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കണമെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുമ്പോള്‍ തന്നെ സ്റ്റേഷനില്‍ വരുന്നവര്‍ക്ക് കുടിവെള്ളം നല്‍കാന്‍ സൗകര്യമൊരുക്കിയതിനും, കോഫി മെഷീന്‍ സ്ഥാപിച്ചതിനും പോലീസുകാരന് കിട്ടിയത് സസ്പെന്‍ഷന്‍. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയാണ് ഈ വിവാദ നടപടിയെടുത്തത്. സിവില്‍ പൊലീസ് ഓഫീസര്‍ സിപി രഘുവിനെയാണ് സസ്പെന്റ് ചെയ്തത്.

മുന്‍‌കൂട്ടി മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണ് കോഫി മെഷീന്‍ സ്ഥാപിച്ചതെന്നാണ് ഡിസിപിയുടെ വിശദീകരണം. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ തേടി സസ്പെന്‍ഷന്‍ എത്തുന്നത്. നേരത്തേ കൊവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവില്‍ ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്കും തെരുവു നായകള്‍ക്കും ഭക്ഷണം നല്‍കി കളമശേരി പൊലീസ് സ്റ്റേഷന്‍ മാതൃകയായിരുന്നു.

മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പെലീസുകാരിക്കെതിരെയായിരുന്നു നടപടി.

പുതുതായി ചുമതലയേറ്റ ശേഷം മഫ്തിയിലെത്തിയ ഡിസിപിയെ പൊലീസുകാരി തടഞ്ഞ് വിവരങ്ങള്‍ അന്വേഷിച്ചതായിരുന്നു പ്രകോപനം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണ നടത്തുന്ന പരിശോധനയായിരുന്നെന്നും മഫ്തിയിലെത്തിയതിനാല്‍ തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരണം നല്‍കിയിട്ടും പൊലീസുകാരിയെ പാറാവ് ജോലിയില്‍‌ നിന്ന് ട്രാഫിക്കിലേക്ക് മാറ്റി. ഡിസിപിയുടെ ഈ നടപടിയും വിവാദമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top